ADVERTISEMENT

‘ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് -

മുന്നിൽ

കാത്തുനിന്ന പൂവമ്പന്റെ പള്ളിനായാട്ട്...’

1980ൽ എസ്.ജാനകിക്കു മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത ഈ ഗാനം കെ.എസ്.സേതുമാധവന്റെ ‘ഓപ്പോൾ’ എന്ന ചലച്ചിത്രത്തിലേതാണ്. പി.ഭാസ്കരന്റെ വരികൾക്ക് എം.ബി.ശ്രീനിവാസൻ നൽകിയ ഈണത്തിനു നാടൻ പൈമ്പാലിന്റെ ചാരുതയും നിർമലതയുമുണ്ട്.

എം.ടി.വാസുദേവൻ നായരുടെ തൂലികയിൽ പിറന്ന, കാരിരുമ്പുപോലെ കരുത്തനായ പട്ടാളക്കാരൻ ഗോവിന്ദൻ കുട്ടിയുടെ മനസ്സിൽ പ്രണയത്തിന്റെ കുടമുല്ലപ്പൂക്കൾ വിടരുന്നത് മാളു പാടുന്ന ഈ ഗാനത്തിലൂടെയാണ് പ്രേക്ഷകർ തിരിച്ചറിയുന്നത്. അന്നുവരെ വില്ലൻവേഷങ്ങളിൽ തളച്ചിട്ടിരുന്ന ബാലൻ കെ.നായർക്കു മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത വേഷം കൂടിയാണ് ഗോവിന്ദൻ കുട്ടിയുടേത്. മാളുവായി അഭിനയിച്ച മേനകയ്ക്കും ഇതിലെ അഭിനയം പ്രശംസ നേടിക്കൊടുത്തു. മകനായി അഭിനയിച്ച മാസ്റ്റർ അരവിന്ദിനാകട്ടെ, മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്കാരവും ലഭിച്ചു.

ഏറ്റുമാനൂരമ്പലം പശ്ചാത്തലമാകുന്നുണ്ടെങ്കിലും ഇതു ഭക്തിഗാനമല്ല. ‘ഏഴരപ്പൊന്നാനയെഴുന്നള്ളിവന്നപ്പോൾ ഏതോ കിനാവിൽ ലയിച്ചുപോയ’ നായികയുടെ കുറ്റബോധമാണ് വരികളിൽ. പ്രണയത്തിന്റെ ‘പഞ്ചബാണ വീണ’ ഉള്ളിൽ ശ്രുതിമീട്ടിയപ്പോൾ അവൾ അമ്പലത്തിലെ ‘പഞ്ചാരി കേട്ടില്ലാ പാണ്ടിയും കേട്ടില്ല’. ‘പ്രേമ പുഷ്പാർച്ചനയുടെ തിരക്കുമൂലം’ ക്ഷേത്രത്തിൽ ലക്ഷാർച്ചന പൂജ നടന്നതുപോലും അവളറിഞ്ഞില്ല. ഇതെല്ലാം ഏറ്റുപറഞ്ഞ്,

‘അവിവേകിപ്പെണ്ണിന്റെ 

അപരാധമൊക്കെയും

അവിടുന്നു പൊറുക്കണം ഭഗവാനേ’

എന്നു കൈകൂപ്പിയാണ് ഗാനം അവസാനിപ്പിക്കുന്നത്.

ഏറ്റുമാനൂർ അമ്പലത്തെപ്പറ്റി മലയാള സിനിമയിൽ മുൻപും ഗാനങ്ങൾ വന്നിട്ടുണ്ട്. 1972ൽ ‘അക്കരപ്പച്ച’ എന്ന സിനിമയ്ക്കുവേണ്ടി വയലാർ - ദേവരാജൻ ടീം ഒരുക്കി പി.മാധുരി പാടിയ

‘ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും

ഏറ്റുമാനൂരപ്പാ

തൊഴുന്നേൻ തൊഴുന്നേൻ

തൊഴുന്നേൻ ഞാൻ

തിരുനാഗത്തളയിട്ട തൃപ്പാദം’

എന്നു തുടങ്ങുന്ന ഈ ഗാനം പൂർണമായും ഭക്തിനിർഭരം തന്നെയാണ്.

1978ൽ മങ്കൊമ്പ് ഗോപാലകൃഷ്ണനും വി.ദക്ഷിണാമൂർത്തിയും ചേർന്നൊരുക്കി പി.ജയചന്ദ്രൻ പാടിയ

‘ഏറ്റുമാനൂർ അമ്പലത്തിൻ പരിസരത്ത്

പണ്ടു പാർത്തിരുന്നു പാവമൊരു തിരുമേനി’

എന്നതാണ് ഏറ്റുമാനൂർ കടന്നുവരുന്ന മറ്റൊരുഗാനം. ഭക്തിയല്ല, ഹാസ്യമാണ് ഈ ഗാനത്തിന്റെ സ്വഭാവം.

വേനൽക്കിനാവുകളിലെ നായകൻ കൃഷ്ണപ്രസാദ് എഴുതുന്നു; സേതുമാധവൻ സാറിനൊപ്പം പ്രവർത്തിച്ചത് വലിയ നേട്ടം

കെ.എസ്.സേതുമാധവൻ മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്ത ‘വേനൽക്കിനാവുകൾ’ എന്ന ചിത്രത്തിലെ മൂന്നു നായകന്മാരിൽ ഒരാളാകാൻ പറ്റിയത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്. സർവകലാശാല കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതാണ് ആ ചിത്രത്തിലേക്കു വഴി തുറന്നത്.

ആദ്യം ഷൂട്ട് ചെയ്യേണ്ടിയിരുന്നത് ഞാൻ ഉൾപ്പെടുന്ന ഭാഗങ്ങൾ ആയിരുന്ു. അതിനാൽ സേതുമാധവൻ സാറിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നു. നല്ല നടനും സംവിധായകനുമാകണം എന്നൊക്കെ എന്നെ ഉപദേശിച്ചു. കഴിഞ്ഞ ആഴ്ച ‘അമ്മ’ സംഘടനയുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴും വേനൽക്കിനാവുകളുടെ ഷൂട്ടിങ് ഓർമകൾ സുധീഷും യദുകൃഷ്ണനും ഞാനും പങ്കുവച്ചിരുന്നു.

English Summary: Ettumanur temple song in KS Sethumadhavan's movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com