രൺജീത് വധം: നേരിട്ടു പങ്കുള്ള രണ്ടുപേർ അറസ്റ്റിൽ
Mail This Article
ആലപ്പുഴ ∙ ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ അനൂപ്, റസീബ് എന്നിവരെയാണ് ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇരുവരും എസ്ഡിപിഐ പ്രവർത്തകരാണ്. ഇവരുടെ തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അറസ്റ്റിലായവർ കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളവരാണെന്നു പൊലീസ് പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. ഇവരോടൊപ്പം കസ്റ്റഡിയിലായ മറ്റൊരാളെ വിട്ടയച്ചതായാണു സൂചന. മറ്റ് ഒട്ടേറെപ്പേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു. രൺജീത് വധക്കേസിൽ ഇതുവരെ 7 പേർ അറസ്റ്റിലായിട്ടുണ്ട്.
ഷാൻ വധം: 8 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ആലപ്പുഴ ∙ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാൻ വധക്കേസിൽ റിമാൻഡിലായിരുന്ന 8 പ്രതികളെക്കൂടി വിശദ അന്വേഷണത്തിനായി കോടതി 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാജേന്ദ്രപ്രസാദ്, വിഷ്ണു, സനന്ദ്, അഭിമന്യു, അഖിൽ, അതുൽ, ധനേഷ്, സുധീഷ് എന്നിവരെയാണ് ഇന്നലെ കസ്റ്റഡിയിൽ ലഭിച്ചത്. ഇവരെ ഇന്നുമുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലും തൃശൂരിലും എത്തിച്ചു തെളിവെടുപ്പു നടത്തും. പ്രതികൾ താമസിച്ച സ്ഥലങ്ങൾ, ഭക്ഷണം കഴിക്കാൻ എത്തിയ കടകൾ എന്നിവിടങ്ങളിൽ തെളിവെടുപ്പിന് എത്തിക്കും. തെളിവു ശേഖരിക്കാൻ പൊലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
കേസിൽ 15 പേരാണ് ഇതുവരെ അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചുപേർ ഉൾപ്പെടെയാണിത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കഴിഞ്ഞ ദിവസം ചേർത്തല അരീപ്പറമ്പിൽനിന്നു കണ്ടെടുത്തിരുന്നു. സംഭവത്തിൽ നേരിട്ടു പങ്കെടുത്തവരെ കൂടാതെ, ഷാനിനെ കൊലയാളികൾക്കു കാണിച്ചുകൊടുത്തവരെയും പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയവരെയും അറസ്റ്റ് ചെയ്തിരുന്നു.
English Summary: Ranjith Murder case, two SDPI workers arrested