പ്രദീപിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
Mail This Article
ഒല്ലൂർ ∙ കൂനൂരിലെ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ് ഓഫിസർ എ. പ്രദീപിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി എത്തി. പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാത്രി 7.40ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയോടും പ്രദീപിന്റെ അച്ഛൻ രാധാകൃഷ്ണൻ, അമ്മ പത്മിനി എന്നിവരോടും മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ശ്വാസകോശ രോഗത്തെ തുടർന്ന് കിടപ്പിലായ രാധാകൃഷ്ണൻ മുഖ്യമന്ത്രിയോടു സംസാരിച്ചു. പ്രദീപിന്റെ മക്കളായ ധഷ്‌വിൻ ദേവ്, ദേവപ്രയാഗ എന്നിവരെയും കണ്ടു. പത്മിനിയുടെ സഹോദരി സരസ്വതി, ശ്രീലക്ഷ്മിയുടെ മാതാപിതാക്കളായ ജനാർദനൻ, അംബിക എന്നിവരും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു. ഉമ്മറത്തു വച്ചിരുന്ന പ്രദീപിന്റെ പടത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു മുഖ്യമന്ത്രി അകത്തു കയറിയത്.
ശ്രീലക്ഷ്മിക്കായി ജില്ലയിൽ റവന്യു വകുപ്പിലെ ഒഴിവു സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സന്നദ്ധയാവുന്നതോടെ ജോലിയിൽ പ്രവേശിക്കാമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. മന്ത്രി കെ.രാധാകൃഷ്ണൻ ഒപ്പമുണ്ടായിരുന്നു.
English Summary : CM Pinarayi Vijayan visits A Pradeep's house