ADVERTISEMENT

തിരുവനന്തപുരം∙ ‍‍‍ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത 4.71 ലക്ഷം വിദ്യാർഥികൾക്കു ലാപ്ടോപ് വാങ്ങാനുള്ള വിദ്യാകിരണം പദ്ധതി പൊളിഞ്ഞതിനു പിന്നാലെ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു ലാപ്ടോപ് വാങ്ങുന്ന ജ്യോതിർഗമയ പദ്ധതി ടെൻഡർ വിളിച്ചശേഷം റദ്ദാക്കി. പത്താംക്ലാസ് വിദ്യാർഥികൾക്കു ഫിഷറീസ് വകുപ്പ് ആദ്യഘട്ടമായി 2000 ലാപ്ടോപ്പുകൾ നൽകുന്നതിനു വിളിച്ച ടെൻഡറാണു പത്താം ദിവസം റദ്ദാക്കിയത്. 

കേന്ദ്രസർക്കാരിന്റെ ജെം പോർട്ടൽ വഴി ടെൻഡർ വിളിക്കണമെന്നു വകുപ്പുതല പർച്ചേസ് കമ്മിറ്റി നിർദേശിച്ചതാണു കാരണം. ഇതോടെ ഈ അധ്യയനവർഷം ലാപ്ടോപ് വിദ്യാർഥികളുടെ കയ്യിലെത്തില്ലെന്നു വ്യക്തമായി.മത്സ്യത്തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനുള്ള ‘തീരോന്നതി’ പദ്ധതിക്കായി അനുവദിച്ച തുകയിൽ ചെലവാക്കാൻ കഴിയാതിരുന്ന 3.28 കോടി രൂപയ്ക്കു 2000 ലാപ്ടോപ്  വാങ്ങാനായിരുന്നു തീരുമാനം. 

മത്സ്യത്തൊഴിലാളി ബോർഡിൽ റജിസ്റ്റർ ചെയ്തവരുടെ മക്കളിൽ പത്താം ക്ലാസുകാരായവർക്കാണു നൽകുന്നത്. ഇതിനുള്ള പട്ടിക ജില്ലകളിൽ തയാറാക്കിവരികയാണ്. ഇവരിൽനിന്നു നറുക്ക് ലഭിക്കുന്നവർക്കാണ് ആദ്യഘട്ടത്തിലെ ലാപ്ടോപ്പുകൾ ഉദ്ദേശിച്ചത്. എന്നാൽ ആറു മാസം മുൻപു പദ്ധതിക്കു നടപടി തുടങ്ങിയതാണെങ്കിലും ഭരണാനുമതി ലഭിക്കാൻ വൈകി. കഴിഞ്ഞ 20ന് ടെൻഡർ വിളിച്ചു. ഈ മാസം 10നു ടെൻഡർ തുറക്കാനിരിക്കെയാണു റദ്ദാക്കിയത്. ജെം പോർട്ടൽ വഴി വാങ്ങിയാൽ വിലക്കുറവു ലഭിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു വകുപ്പുതല പർച്ചേസ് കമ്മിറ്റി തടസ്സം ഉന്നയിച്ചത്. 

ഇക്കാര്യം നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ അനാവശ്യമായ കാലതാമസം ഒഴിവാക്കാമായിരുന്നു. മാർച്ചോടെ ഈ അധ്യയന വർഷം അവസാനിക്കുകയാണ്. ജെം പോർട്ടൽ വഴി പുതിയ ടെൻഡർ ക്ഷണിച്ചാലും ലാപ്ടോപ്പുകൾ എത്തുമ്പോഴേക്കും പട്ടികയിലുള്ള വിദ്യാർഥികൾ സ്കൂൾ വിടും. ആയിരം കോടി രൂപ ചെലവിൽ 4.71 ലക്ഷം വിദ്യാർഥികൾക്കു ലാപ്ടോപ് വാങ്ങാനുള്ള വിദ്യാകിരണം പദ്ധതിയുടെ റീടെൻഡറിന് ഇനിയും നടപടി തുടങ്ങിയിട്ടില്ല. ആദ്യ ടെൻഡർ പരാജയപ്പെട്ടിരുന്നു. വില സംബന്ധിച്ചു ധാരണയാകാത്തതാണ് കാരണമായി പറഞ്ഞത്. 

റീടെൻഡറിനു വേണ്ടി സ്പെസിഫിക്കേഷൻ മാറ്റി നൽകാൻ ഐടി അറ്റ് സ്കൂളിനോട് ആവശ്യപ്പെടുകയും അതു നൽകുകയും ചെയ്തു. എന്നാൽ റീടെൻഡറിലേക്കു നീങ്ങിയിട്ടില്ല. പ്രതീക്ഷിച്ച ഫണ്ട് സമാഹരിക്കാൻ കഴിയാത്തതിനാൽ പദ്ധതി മരവിപ്പിച്ചതായാണു വിവരം. ഇനി ടെൻഡർ വിളിച്ചു വാങ്ങിയാലും അപ്പോഴേക്കും അധ്യയന വർഷം കഴിയും. ഫലത്തിൽ, സർക്കാർ പ്രഖ്യാപിച്ച ലാപ്ടോപ് പദ്ധതികൾ ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

English Summary: Jyothirgamaya project, tender for laptop cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com