കല്ല് പിഴുതെടുക്കാൻ വരുന്നവർ പല്ല് സൂക്ഷിക്കണം: എം.വി.ജയരാജൻ
Mail This Article
കണ്ണൂർ∙ കെ റെയിലിന്റെ ഭാഗമായി സ്ഥാപിച്ച സർവേക്കല്ലുകൾ പിഴുതെടുക്കാൻ വരുന്നവർ കല്ല് പറിക്കും മുൻപ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ മുന്നറിയിപ്പ്. കോൺഗ്രസ്, ബിജെപി, ജമാഅത്തെ ഇസ്‌ലാമി, റെയിൽ വിരുദ്ധ സമരക്കാർ എന്നിവർക്കാണ് ഫെയ്സ്ബുക് പോസ്റ്റിലൂടെ ജയരാജന്റെ വെല്ലുവിളി. ഇത് കലാപത്തിനുള്ള ആഹ്വാനമാണെന്ന കമന്റുകൾ പോസ്റ്റിന് അടിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കല്ല് പിഴുതെടുക്കാൻ വന്നാൽ അടിച്ചു പല്ലു കൊഴിക്കുമെന്ന ഭീഷണിയാണ് ഇതെന്നു വിലയിരുത്തിയുള്ള പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.
കെ റെയിൽ സർവേയുടെ ഭാഗമായി പഴയങ്ങാടി മാടായിപ്പാറയിൽ സ്ഥാപിച്ച സർവേക്കല്ലുകളിൽ ഒരെണ്ണം ഇളക്കി മാറ്റപ്പെട്ടിരുന്നു. സർവേക്കല്ലുകൾ പിഴുതു മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രഖ്യാപിച്ചിരുന്നു.
2011ലെ യുഡിഎഫ് പ്രകടന പത്രികയിലെയും 2012 എമർജിങ് കേരളയിലെയും പ്രധാന സ്വപ്ന പദ്ധതിയായിരുന്നു കെ റെയിലെന്ന് ജയരാജൻ ചൂണ്ടിക്കാട്ടുന്നു. കെ റെയിൽ കൊണ്ടു വരാൻ ശ്രമിച്ച ഉമ്മൻചാണ്ടിയും അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മൗനത്തിലാണ്. അതുകൊണ്ടു തന്നെ കല്ല് പറിക്കാൻ അണികളെ കിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
English Summary: MV Jayarajan against K Sudhakaran statement related survey stones of K-Rail Silver Line project