ADVERTISEMENT

പടിഞ്ഞാറത്തറ (വയനാട്) ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കിർമാണി മനോജ് അടക്കം വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ 16 അംഗ ഗുണ്ടാ സംഘം റിസോർട്ടിലെ ലഹരി പാർട്ടിക്കിടെ പിടിയിലായി. ക്രിമിനൽ കേസുകളിൽ പ്രതിയായ കമ്പളക്കാട് മുഹ്സിൻ, തരിയോട് മഞ്ഞൂറയിലെ റിസോർട്ടിൽ നടത്തിയ വിവാഹ വാർഷിക ‍പാർട്ടിയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. 2019 ൽ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 600 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് മുഹ്സിൻ.

കിർമാണി മനോജ് എന്ന പി.പി.മനോജ് കുമാർ (48), കമ്പളക്കാട് മുഹ്സിൻ എന്ന സി.എ.മുഹ്സിൻ (27), മഹേഷ് ബേബി (19), കെ.കെ.നിസാർ (31), ഇബ്രാഹിം കുട്ടി (45), മുഹമ്മദ് ഷഫീഖ് (30), നിതിൻ.ആർ.നായർ (26), മുരളി കൃഷ്ണൻ (35), മുഹമ്മദ് ഷാഫി (32), അഫ്സൽ ഹനാൻ (27), പി.ആർ.അഷ്കർ അലി (26), ‍എ.സുദേഷ് കുമാർ (43), കെ.എം.ഫഹദ് (26), മുഹമ്മദ് സിഫ്‌യാൻ (20), ഒ.പി.അജ്മൽ (27), ആസിഫ് അസ്‌ലം (22) എന്നിവരാണു പിടിയിലായത്. പ്രതികളിൽനിന്നു ലഹരിമരുന്നുകളായ എംഡിഎംഎ, ഹഷീഷ് ഓയിൽ, കഞ്ചാവ്, 8 കുപ്പി വിദേശമദ്യം എന്നിവ പിടികൂടി. ഇവരിൽ 2 പേരൊഴികെ എല്ലാവരും മോഷണം, അടിപിടി, വധശ്രമം, ലഹരികടത്തു കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

ക്രിമിനൽ സംഘം ഒത്തുകൂടിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ‍ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നിർദേശ പ്രകാരം മാനന്തവാടി ഡിവൈഎസ്പി ടി.ചന്ദ്രൻ, കൽപറ്റ ഡിവൈഎസ്പി എം.‍ഡി. സുനിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വനിതാ ഉദ്യോഗസ്ഥരടക്കം 50 പേരോളമാണു പരിശോധനയ്ക്കെത്തിയത്.

രാത്രി ഏറെനേരം റിസോർട്ട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കുടുംബാംഗങ്ങളും പ്രതികളോടൊപ്പം ഉണ്ടായിരുന്നതിനാൽ കരുതലോടെയായിരുന്നു നീക്കം. പാർട്ടി നടക്കുന്നതായി സ്ഥിരീകരിച്ചശേഷം പത്തരയോടെ പൊലീസ് അകത്തെത്തി. തെളിവെടുപ്പും പരിശോധനയും പുലരുംവരെ നീണ്ടു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

English Summary: Drug party: 16 held including TP murder case culprit Kirmani Manoj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com