ചുരുളി കാണാൻ പൊലീസ് സംഘം; കുറ്റകരമായ ഉള്ളടക്കമുണ്ടോ എന്നു പരിശോധിക്കും
Mail This Article
തിരുവനന്തപുരം ∙ വിവാദമായ ചുരുളി സിനിമയിൽ കുറ്റകരമായ ഉള്ളടക്കമുണ്ടോ എന്നു പരിശോധിക്കാൻ ഡിജിപി അനിൽകാന്ത് എപി ബറ്റാലിയൻ ഡിജിപിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ നിയോഗിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണിത്. ഒടിടി പ്ലാറ്റ്ഫോമിൽ നവംബർ 11ന് റിലീസ് ചെയ്ത സിനിമ ഒട്ടേറെപേർ കണ്ടു കഴിഞ്ഞ ശേഷമാണ് ഉള്ളടക്കം പരിശോധന.
ബറ്റാലിയൻ ഡിജിപി കെ.പദ്മകുമാർ, തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം ഡിസിപി (അഡ്മിനിസ്ട്രേഷൻ) എ.നസീം എന്നിവരടങ്ങുന്ന സംഘം സിനിമ കണ്ട ശേഷം നിയമോപദേശം കൂടി വാങ്ങിയാവും ഡിജിപിക്കു റിപ്പോർട്ട് സമർപ്പിക്കുക.
രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ഡിജിപി അനിൽ കാന്ത് ഹൈക്കോടതിക്കു കൈമാറും. സിനിമയ്ക്കെതിരെ തൃശൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് കുറ്റകരമായ ഉള്ളടക്കമുണ്ടോ എന്നു പരിശോധിക്കാൻ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്.
English Summary: Police to watch churuli movie as directed by high court