ADVERTISEMENT

തിരുവനന്തപുരം ∙ പൂജപ്പുര സെൻട്രൽ ജയിലിൽ അപകടകാരികളായ തടവുകാരെ പാർപ്പിക്കുന്ന അതിസുരക്ഷാ സെല്ലുകളിൽ നിന്നു കത്തിയും ആയുധങ്ങളും കണ്ടെത്തി. ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവ ഉള്ളിലെത്തിയതെന്നാണു സൂചന.

ഇതു സംബന്ധിച്ച റിപ്പോർട്ട് ജയിൽ സൂപ്രണ്ട്, ദക്ഷിണ മേഖലാ ഡിഐജി വഴി ജയിൽ മേധാവി എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനു കൈമാറി മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടിയില്ല. ആയുധങ്ങൾ കണ്ടെടുത്ത വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടുമില്ല. ആരോപണ വിധേയരായ 2 ഉദ്യോഗസ്ഥർ സിപിഎം അനുകൂല ജയിൽ ഉദ്യോഗസ്ഥ സംഘടനയുടെ നേതാക്കളാണ്. ഇവർ ജയിലിലെ ഉന്നത ഉദ്യോഗസ്ഥരെ തടവുകാർക്കു മുൻപിൽ പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്തു.

ആയിരത്തോളം തടവുകാരാണു നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്. മറ്റു ജയിലുകളിൽ പ്രശ്നമുണ്ടാക്കുന്ന അപകടകാരികളായ തടവുകാരെ അതീവ സുരക്ഷയിലും നിരീക്ഷണത്തിലും പാർപ്പിക്കുന്നത് ഇവിടെ എട്ടാം നമ്പർ ബ്ലോക്കിലാണ്. ഈ ബ്ലോക്കിലെ ആറാം നമ്പർ സെല്ലിലെ തടവുകാരന്റെ കയ്യിൽ കത്തിയും മൂർച്ചയേറിയ ഇരുമ്പുദണ്ഡും കണ്ടെത്തിയത് കഴിഞ്ഞ മാസം 14 നാണ്. 

മറ്റൊരു പ്രതിയെ പാർപ്പിച്ച എട്ടാം നമ്പർ സെല്ലിൽ നിന്നു മൂർച്ചയേറിയ ഇരുമ്പുപട്ടയും ഇരുമ്പുകമ്പിയും കണ്ടെത്തി. അതിനു 3 ദിവസം മുൻപ് ഈ പ്രതികൾ തമ്മിൽ സംഘട്ടനം ഉണ്ടായതിനെ തുടർന്നാണ് ഇരുവരെയും അതിസുരക്ഷാ സെല്ലുകളിലേക്കു മാറ്റിയത്. ആയുധങ്ങൾ കണ്ടെത്തിയ കാര്യം ഉദ്യോഗസ്ഥർ സൂപ്രണ്ടിനെ അറിയിച്ചില്ല. കണ്ടെത്തിയ ദിവസം 8 ഉദ്യോഗസ്ഥരായിരുന്നു അവിടെ ഡ്യൂട്ടിയിൽ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അടുത്ത ദിവസം 2 ഡപ്യൂട്ടി സൂപ്രണ്ടുമാരെ സൂപ്രണ്ട് നിയോഗിച്ചു. ഇവർ ജയിലിനുള്ളിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ 2 ഉദ്യോഗസ്ഥർ ധിക്കാരത്തോടെ പ്രകോപനപരമായി സംസാരിച്ചതായി സൂപ്രണ്ട് മേലധികാരികളെ അറിയിച്ചിട്ടും നടപടിയെടുത്തില്ല.

ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ജയിൽ മേധാവി; റിപ്പോർട്ട് നൽകിയെന്ന്  സൂപ്രണ്ട്

ഈ വിഷയം ശ്രദ്ധയിൽപ്പെട്ടില്ലെന്നും വിഷയം പരിശോധിച്ച ശേഷം പറയാമെന്നും ജയിൽ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു. അതേസമയം ആയുധങ്ങൾ സൂക്ഷിച്ച 2 തടവുകാരുടെ 15 ദിവസത്തെ പുറത്തേക്കുള്ള മൊബൈൽ ഫോൺ വിളി റദ്ദാക്കിയെന്നും കന്റീൻ സൗകര്യം താൽക്കാലികമായി നിർത്തലാക്കിയെന്നും ജയിൽ സൂപ്രണ്ട് എസ്.നിർമലാനന്ദൻ നായർ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് മേലധികാരികൾക്കു കൈമാറിയെന്നും വ്യക്തമാക്കി.

English Summary: Knives and weapons found in Poojappura Central Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com