രവീന്ദ്രൻ പട്ടയം റദ്ദാക്കൽ: പിന്നോട്ടില്ലെന്ന് സർക്കാരും എൽഡിഎഫും
Mail This Article
തിരുവനന്തപുരം/ തൊടുപുഴ ∙ മൂന്നാറിലെ രവീന്ദ്രൻപട്ടയങ്ങളെല്ലാം റദ്ദാക്കി അർഹർക്ക് പുതിയ പട്ടയം നൽകാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടു പോകേണ്ടതില്ലെന്നു സർക്കാരും എൽഡിഎഫും നിലപാടെടുത്തു. എം.എം.മണി എംഎൽഎയും സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിരാണെങ്കിലും സിപിഎം, സിപിഐ സംസ്ഥാന നേതൃത്വങ്ങൾ റവന്യു വകുപ്പിന്റെ തീരുമാനത്തിന് ഒപ്പമാണ്. തുടർ നടപടികളുമായി മുന്നോട്ടു പോകാൻ ഇടുക്കി കലക്ടർക്കു സർക്കാർ നിർദേശം നൽകി. തിങ്കളാഴ്ച മുതൽ കലക്ടറുടെയും മറ്റു റവന്യു, സർവേ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പട്ടയം റദ്ദാക്കൽ നടപടി ആരംഭിക്കും.
2019 ൽ മന്ത്രിസഭ എടുത്ത തീരുമാനം നടപ്പാക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നുമാണു റവന്യു വകുപ്പും സിപിഎം, സിപിഐ സംസ്ഥാന നേതൃത്വങ്ങളും വ്യക്തമാക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ അനുവദിച്ച പട്ടയം ആയതിനാൽ റദ്ദാക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് സർക്കാരിനു 2019 ൽ തന്നെ ലഭിച്ച നിയമോപദേശം. പുതിയ പട്ടയം അനുവദിക്കുമ്പോൾ പണ്ട് രവീന്ദ്രൻപട്ടയം സ്വീകരിച്ചപ്പോൾ അർഹതയുണ്ടായിരുന്നോ എന്നും പരിശോധിക്കും. ഇതാണു പലരെയും ആശങ്കയിലാക്കുന്നത്. അന്നു നിശ്ചിത ഭൂമിയിലധികം കൈവശം വച്ചിരുന്നവരും ഉയർന്ന കുടുംബ വരുമാനം ഉണ്ടായിരുന്നവരും അനർഹരാകും.
ആദ്യ ഘട്ടം 33 പട്ടയം പരിശോധിച്ചപ്പോൾ 5 പേർ അനർഹരാണെന്നു കണ്ടെത്തുകയും പുതിയ പട്ടയത്തിന്റെ കാര്യത്തിൽ തീരുമാനം നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. എം.എം.മണി എംഎൽഎയ്ക്ക് 25 സെന്റ് ഭൂമി അനുവദിച്ചതിൽ ചട്ട ലംഘനമില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ. ഈ ഭൂമിയിൽ പിന്നീടു മൂന്നാർ ഏരിയ കമ്മിറ്റി ഓഫിസ് പണിതു. റിസോർട്ടിനായി ഭൂമി വാടകയ്ക്കും നൽകി.
വാണിജ്യ ആവശ്യത്തിനായി പട്ടയ ഭൂമി ഉപയോഗിച്ചവർക്കെതിരെ നടപടി വരാതിരിക്കുകയും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നവരുടെ പട്ടയം റദ്ദാക്കപ്പെടുകയും ചെയ്യുമ്പോൾ ഉയരുന്ന പ്രതിഷേധമാണ് ഇടുക്കിയിൽ സിപിഎം, സിപിഐ നേതൃത്വങ്ങളെ അസ്വസ്ഥമാക്കുന്നത്. ഇതാണു സർക്കാർ തീരുമാനത്തിനെതിരെ പരസ്യ നിലപാടെടുക്കാൻ ജില്ലാ നേതാക്കളെ പ്രേരിപ്പിക്കുന്ന ഒരു കാരണം. റദ്ദാക്കൽ നടപടി 530 പേരെയാണു ബാധിക്കുക. പുതിയ പട്ടയത്തിനു ദേവികുളം തഹസിൽദാർക്കാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ, പട്ടയ അപേക്ഷകൾ സ്വീകരിക്കുന്ന കാര്യം തീരുമാനമായില്ലെന്നു കലക്ടർ ഷീബാ ജോർജ് അറിയിച്ചു.
അന്ന് എം.എം.മണി എതിർത്തില്ല
രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള ഉത്തരവിനെതിരെ ഇന്നലെ രംഗത്തുവന്ന എം.എം.മണി കൂടി ഉൾപ്പെട്ട മന്ത്രിസഭയാണു 2019ൽ ഈ പട്ടയങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019 ഓഗസ്റ്റ് 7നു ചേർന്ന മന്ത്രിസഭയിൽ തീരുമാനത്തെ അന്നു മന്ത്രിയായിരുന്ന എം.എം.മണി എതിർത്തില്ല. തുടർന്നു സർക്കാർ വിശദമായ ഉത്തരവിറക്കി. ഇപ്പോൾ തുടർഉത്തരവും. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മണി നൽകിയ സത്യവാങ്മൂലത്തിൽ ഇടുക്കി ദേവികുളം കെഡിഎച്ച് വില്ലേജിൽ 21 സെന്റ് ഭൂമി വാങ്ങിയെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 13,500 ചതുരശ്രയടിയിൽ സിപിഎം മൂന്നാർ ഏരിയ കമ്മിറ്റി കെട്ടിടം പണിതിട്ടുണ്ടെന്നും ഭൂമിയുടെയും കെട്ടിടത്തിന്റെ മതിപ്പുവില 2 കോടിയാണെന്നും വാടക പിരിക്കുന്നതു സിപിഎമ്മാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
English Summary: Kodiyeri Balakrishnan on Raveendran deed issue