അട്ടപ്പാടി മധുവിന്റെ കുടുംബം പറയുന്നു ‘ജീവനു ഭീഷണി; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം’
Mail This Article
അഗളി (പാലക്കാട്) ∙ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സഹോദരനു നീതി ലഭിക്കാനായി പൊരുതുന്ന തങ്ങളുടെ ജീവനു പോലും ഭീഷണിയുള്ളതായി അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി സരസുവിന്റെ വെളിപ്പെടുത്തൽ. ഏതാനും ദിവസം മുൻപ് രാത്രി മുഖംമൂടി ധരിച്ച ഒരാൾ വടിയുമായി വീട്ടിലെത്തി. കുട്ടിക്കു ചോറു കൊടുക്കുകയായിരുന്ന താൻ ഭയന്നു കുട്ടിയെ എടുത്തു പിൻവാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പലരും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നു. കേസിലെ സാക്ഷികളെ പണം കൊടുത്തു സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നതായും കുടുംബം ആരോപിച്ചു. 2 ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തതായി അറിഞ്ഞെന്നും അവർ പറഞ്ഞു. അതേസമയം, അക്രമം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അഗളി പൊലീസ് അറിയിച്ചു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബവും ആദിവാസി ആക്‌ഷൻ കൗൺസിലും.അതേസമയം, കേസിൽ സർക്കാർ അഭിഭാഷകൻ ഹാജരാകാതെ വിചാരണ നീളുകയാണ്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് പട്ടികജാതി –വർഗ സ്പെഷൽ കോടതിയിൽ കേസ് പരിഗണനയ്ക്കു വന്നപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്നു കോടതി ചോദിച്ചിരുന്നു. കേസ് നടത്തിപ്പിൽ പൊലീസിനു ഗുരുതര വീഴ്ചകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഡിജിറ്റൽ തെളിവുകൾ ഇതുവരെ പ്രതികൾക്കു കൈമാറാൻ കഴിയാത്തതു വിചാരണയെ ബാധിച്ചു.
ഭക്ഷണം മോഷ്ടിച്ചെന്നു പറഞ്ഞാണ് 2018 ഫെബ്രുവരി 22 ന് മധുവിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയെങ്കിലും സംഭവം നടന്ന് ഒന്നര വർഷം കഴിഞ്ഞാണു പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചത്. അതും മധുവിന്റെ അമ്മ മല്ലിയുടെ പരാതിയെ തുടർന്ന്. ആദ്യ പ്രോസിക്യൂട്ടർ ഒഴിഞ്ഞ ശേഷം നിയമിതനായ വി.ടി.രഘുനാഥാണ് ഇപ്പോൾ കേസിൽനിന്നൊഴിയാൻ സർക്കാരിനു കത്തെഴുതിയത്.
English Summary: Attappady Madhu's family worries about threat