എംജിക്ക് ഖത്തറിൽ ക്യാംപസ് തുടങ്ങാൻ യുജിസി അനുമതി
Mail This Article
കോട്ടയം ∙ ഖത്തറിലെ ദോഹയിൽ ഓഫ്ഷോർ ക്യാംപസ് ആരംഭിക്കാൻ എംജി സർവകലാശാലയ്ക്ക് യുജിസി അനുമതി നൽകി. ശാസ്ത്ര–മാനവിക കോഴ്സുകളുണ്ടാകും. കഴിഞ്ഞ നവംബറിലാണ് ഓഫ്ഷോർ ക്യാംപസ് സ്ഥാപിക്കാൻ ഖത്തർ സർക്കാർ ഇന്ത്യൻ എംബസി വഴി എംജിയെ സമീപിച്ചത്. ക്യാംപസ് സ്ഥാപിക്കുന്നതിന്റെ ചെലവുകൾ ഖത്തർ സർക്കാർ വഹിക്കും. കോഴ്സുകൾ, അധ്യാപകരുടെ എണ്ണം തുടങ്ങിയ വിഷയങ്ങളിൽ ഖത്തർ സർക്കാരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് എംജി അധികൃതർ അറിയിച്ചു.
പുണെ സർവകലാശാലയ്ക്കു ശേഷം വിദേശത്തു സമ്പൂർണ ക്യാംപസ് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സർവകലാശാലയാണ് എംജി. ശാസ്ത്രവിഷയങ്ങൾക്കു മാത്രമാണ് പുണെ സർവകലാശാലയുടെ ക്യാംപസ്.
അധികാരപരിധിക്കു പുറത്ത് വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കുന്നതിന് സർവകലാശാലകൾക്ക് സംസ്ഥാന സർക്കാരിന്റെയും യുജിസിയുടെയും വിലക്കുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ് എംജിയുടെ അധികാരപരിധി.
ക്യാംപസ് ആരംഭിക്കുന്നതു സംബന്ധിച്ച രൂപരേഖ തയാറാക്കാൻ പിവിസി ഡോ. സി.ടി. അരവിന്ദകുമാറിന്റെ അധ്യക്ഷതയിൽ വിദഗ്ധ സമിതിയെ എംജി സിൻഡിക്കറ്റ് നിയോഗിച്ചു. തുടർന്ന് സർക്കാരിനും വിദ്യാഭ്യാസ, വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾക്കും യുജിസിക്കും സർവകലാശാല അപേക്ഷ സമർപ്പിച്ചു. വിവിധ കേന്ദ്രവകുപ്പുകളും സംസ്ഥാന സർക്കാരും എതിർപ്പില്ലെന്ന് അറിയിച്ചതോടെ യുജിസിയും അനുമതി നൽകി. ക്യാംപസ് സ്ഥാപിക്കാൻ ധനസഹായം നൽകാനാകില്ലെന്ന് യുജിസി അറിയിച്ചിട്ടുണ്ട്.
English Summary: UGC permission to start MG university campus in qatar