ADVERTISEMENT

കോട്ടയം ∙ പാമ്പുപിടിത്ത വിദഗ്ധൻ വാവ സുരേഷിനെ (48) മൂർഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. ഇന്നലെ വൈകിട്ട് 4.30നു കുറിച്ചി കരിനാട്ടുകവലയിൽ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് വലതു കാൽമുട്ടിനു മുകളിൽ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ഹൃദയമിടിപ്പ് സാധാരണനിലയിലായെന്നും ആശുപത്രി അധികൃതർ പറഞ്ഞു..

കരിനാട്ടുകവലയിലെ വീട്ടിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിൽ ഒരാഴ്ച മുൻപാണ് പാമ്പിനെ കണ്ടത്. അന്ന് വിളിച്ചെങ്കിലും സുരേഷ് അപകടത്തെത്തുടർന്ന് വിശ്രമത്തിലായതിനാൽ എത്താൻ കഴിഞ്ഞില്ല. ഇന്നലെ എത്തിയ സുരേഷ് ആറടിയിലേറെ നീളമുള്ള മൂർഖനെ വാലിൽ തൂക്കിയെടുത്ത ശേഷം ചാക്കിലേക്കു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ആദ്യം പാമ്പ് ചീറ്റിയെങ്കിലും ഒഴിഞ്ഞു മാറി. എന്നാൽ, രണ്ടാംതവണ കാലിൽ ആഞ്ഞുകൊത്തി. പാമ്പിനെ വിട്ട് സുരേഷ് നിലത്തിരുന്നെങ്കിലും പിന്നീടു പിടികൂടി വലിയ കുപ്പിയിലേക്കു മാറ്റി.

vava-suresh-hospital
പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാവസുരേഷിന്റെ നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നു.ചിത്രം : റിജോ ജോസഫ്. മനോരമ

ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കോട്ടയം അടുക്കാറായപ്പോഴേക്കും സുരേഷിന്റെ ബോധം മറ‍ഞ്ഞു. തുടർന്ന് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം കട്ടപിടിക്കുന്ന അവസ്ഥ തുടർന്നത് ആശങ്കയുണർത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മന്ത്രി വി.എൻ.വാസവൻ ആശുപത്രിയിൽ എത്തി. സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് അറിയിച്ചു. 

English Summary: Snake bite, Vava Suresh hospitalized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com