ചലച്ചിത്ര ഭാഷ സംവിധായകന്റെ വിവേചനാധികാരം: ഹൈക്കോടതി
Mail This Article
കൊച്ചി ∙ സിനിമ ഫിലിംമേക്കറുടെ കലാസൃഷ്ടിയാണെന്നും അതിലെ ഭാഷ എങ്ങനെ വേണമെന്നു തീരുമാനിക്കാൻ അദ്ദേഹത്തിനു വിവേചനാധികാരമുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അസഭ്യവാക്കുകൾ അനിയന്ത്രിതമായി ഉപയോഗിക്കുന്ന ചുരുളി സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ നിന്നു നീക്കണമെന്ന ഹർജി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളി. ചില സംഭാഷണങ്ങൾ അശ്ലീലമോ അസഭ്യമോ ആണെന്നു പറഞ്ഞ് സിനിമയുടെ പ്രദർശനത്തിൽ കോടതികൾ ഇടപെടാൻ തുടങ്ങിയാൽ അതിനവസാനം ഉണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി സിനിമയ്ക്കെതിരെ തൃശൂർ സ്വദേശി പെഗ്ഗി ഫെൻ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. സംസ്ഥാന ഡിജിപി നിയോഗിച്ച സംഘം സിനിമ കണ്ട് നിയമവിരുദ്ധമായി ഒന്നുമില്ലെന്നു റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു വിധി. ആരെയും നിർബന്ധിച്ചു സിനിമ കാണിക്കുന്നില്ലെന്നും പണം അടച്ചു വരിക്കാർ ആകുന്നവർ മാത്രമാണ് ഒടിടി പ്ലാറ്റ്ഫോമിൽ ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രശസ്തി ലാക്കാക്കിയുള്ള ഹർജിയാണ്.
കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നു കോടതി വ്യക്തമാക്കി. ചുരുളിയെന്ന വനാന്തര ഗ്രാമത്തിൽ ഒളിവിൽ കഴിയുന്ന ഒരുകൂട്ടം ക്രിമിനലുകളുടെ കഥ പറയുന്ന സിനിമയിൽ എല്ലാ കഥാപാത്രങ്ങളും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ആർക്കും നിർബന്ധിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
ഒടിടി സിനിമകളുടെ കാര്യത്തിൽ സെൻസർ ബോർഡിനു പങ്കില്ലെന്നും അവിടെ പ്രദർശിപ്പിക്കുന്നതു സിനിമയുടെ സർട്ടിഫൈഡ് പകർപ്പ് അല്ലെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു.ഒടിടി എന്നത് ടിവി ചാനലിനോ തിയറ്ററിനോ സമാനമല്ലെന്നും ഓരോ പരിപാടിക്കും മുൻപ് ചട്ടപ്രകാരം മുന്നറിയിപ്പും റേറ്റിങും നൽകുന്നുണ്ടെന്നും സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യ വാദിച്ചു.
‘വിമർശിച്ചവർ സിനിമ കണ്ടിട്ടുണ്ടാവില്ല’
കൊച്ചി ∙ ‘ചുരുളി ഭാഷ’ എന്നൊരു പ്രയോഗം സൃഷ്ടിച്ചവർ പോലും ചുരുളി സിനിമ പൂർണമായി കണ്ടിട്ടുണ്ടാവില്ലെന്നു ഹൈക്കോടതി. ഒരു സിനിമ ഇറങ്ങിയാൽ അതു കാണുക പോലും ചെയ്യാതെ സമൂഹ മാധ്യമങ്ങളിൽ എഴുതി നശിപ്പിക്കുന്നത് അനീതിയാണെന്നു കോടതി പറഞ്ഞു. ഒരു സിനിമയ്ക്കു പിന്നിൽ മാസങ്ങളുടെ പ്രയത്നം ഉണ്ട്. വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്ന ചില ഭാഗങ്ങൾ കണ്ടാണു പലരും കമന്റ് ഇടുന്നത്. നിയമവിരുദ്ധത ഉണ്ടെങ്കിൽ പൊലീസ് നോക്കട്ടെ എന്നു കോടതി പറഞ്ഞു.
English Summary: HC Verdict on Language Used in Churuli Film