ADVERTISEMENT

മാരാമൺ ∙ ചരിത്രപ്രസിദ്ധമായ ആത്മീയ സംഗമത്തിന് പമ്പാ തീരത്ത് ഇന്നു തുടക്കം. ഉച്ചയ്ക്കു ശേഷം 2.30ന് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത 127ാമത് മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡപ്രകാരം ക്രമീകരിച്ചിരിക്കുന്ന യോഗങ്ങളിൽ 1500 പേർക്ക് വീതമാണ് പ്രവേശനം. നാളെ മുതൽ ദിവസവും രാവിലെ 10നും വൈകിട്ട് 5നും പൊതുയോഗങ്ങൾ നടക്കും. ‘കോവിഡിന്റെ പിടിയിലമർന്ന നാടിന്റെ പൂർണ സൗഖ്യത്തിനായുള്ള പ്രാർഥന’ എന്നതാണ് കൺവൻഷന്റെ ചിന്താവിഷയം. ഉദ്ഘാടന സമ്മേളനത്തിൽ റവ. ഡോ. ജോൺ സാമുവൽ പൊന്നുസാമി സന്ദേശം നൽകും.

കൺവൻഷൻ യോഗങ്ങളുടെ തൽസമയ സംപ്രേഷണം മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം, മാർത്തോമ്മാ സഭ, ഡിഎസ്എംസി എന്നിവയുടെ യുട്യൂബ് ചാനലുകളിലും ഫെയ്സ്ബുക് പേജുകളിലും വേഡ് ടു വേൾഡ്, പവർ വിഷൻ എന്നീ ചാനലുകളിലും ലഭ്യമാണ്.

∙ മഹാമാരിക്കാലത്തെ മാരാമൺ വെളിച്ചം

(ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത)

മഹാമാരിയും പ്രളയവും പ്രപഞ്ചത്തോടുള്ള നമ്മുടെ സമീപനം എങ്ങനെയാണെന്ന് വിളിച്ചോതുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത് അധികനാൾ നിലനിൽക്കാനാകില്ല. മനുഷ്യന്റെ മാത്രം നിലനിൽപ് ലക്ഷ്യം വച്ച് ലാഭക്കൊതിയോടെ പ്രവർത്തിച്ചാൽ തിരിച്ചടികൾ തുടരും. ആവാസ വ്യവസ്ഥയെ നിലനിർത്തുന്ന ജൈവ കൂട്ടായ്മയാണ് നമുക്ക് ആവശ്യം. അതിനുതകുന്ന ആത്മീയതയും വചന വിചാരവും ഉണ്ടാകണം. സകലരെയും ഉൾക്കൊള്ളുന്ന, പ്രപഞ്ചത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കുന്ന, നവ ആധ്യാത്മികതയിലേക്കു നയിക്കുന്നതാകണം മഹാമാരിക്കാലത്തെ മാരാമൺ കൺവൻഷൻ.

ദൈവവചന കേഴ്‌വിയും അതു പ്രാവർത്തികമാക്കലുമാണ് മാരാമൺ കൺവൻഷനെ വ്യത്യസ്തമാക്കുന്നത്. ദൈവരാജ്യ മൂല്യങ്ങളുടെ ശാക്തീകരണം, സാമുദായിക മൈത്രി, ദുരാചാര ഉച്ചാടനം, സാമൂഹിക ദർശനം, സേവനം, എക്യുമെനിസം, സൗഹൃദ കൂട്ടായ്മകൾ ഇവയെല്ലാം കൺവൻഷനിലൂടെ സാധിക്കുന്നു. മധ്യസ്ഥ പ്രാർഥന കൺവൻഷന്റെ പ്രധാന ശക്തിയാണ്. മനുഷ്യരുടെ ആവശ്യങ്ങൾ അറിഞ്ഞ് പരിഹാരത്തിനായി പ്രവർത്തിക്കണമെന്നാണ് കൺവൻഷൻ പഠിപ്പിക്കുന്നത്. പ്രാർഥിച്ച വിഷയങ്ങളിൽ ദൈവം വിടുതൽ നൽകിയതിനെ ഓർത്ത് നന്ദി പറയുന്ന അവസരങ്ങളും കൺവൻഷനിൽ കാണാം.

ദീനാനുകമ്പപരമായ പല പ്രവർത്തനങ്ങളും ഉടലെടുക്കുന്നതിന് കൺവൻഷൻ ഉത്തേജനം നൽകിയിട്ടുണ്ട്. മഹാമാരി വരുത്തിയ ആധി മൂലം ചിറകൊടിഞ്ഞവർ ധാരാളമുണ്ട് നമുക്ക് ചുറ്റും. ഓരോ കാലഘട്ടത്തിലും നിലവിലുള്ള വ്യവസ്ഥകളോടു ക്രിയാത്മകമായി പ്രതികരിക്കുമ്പോഴാണ് സുവിശേഷം കാലികമാകുന്നത്. നമുക്ക് നീങ്ങാം അപരനിലേക്ക്, പ്രകൃതിയിലേക്ക്, ജൈവകൂട്ടായ്മയിലേക്ക്, എല്ലാത്തിനുമുപരി ജീവന്റെ ഉറവിടമായ ക്രിസ്തുവിങ്കലേക്ക്. മാരമൺ കൺവൻഷനിലെ വചനങ്ങൾ അതിനു നമ്മെ സഹായിക്കട്ടെ...

maramon-convention-202201
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, റവ.ജിജി മാത്യൂസ് റാന്നി

∙ ലോകമെങ്ങും വചനത്തിന്റെ പ്രഭചൊരിഞ്ഞ്

(ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത (മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം, പ്രസിഡന്റ്))

സുവിശേഷ പ്രസംഗ സംഘത്തിന്റെ പ്രധാന ഊർജ സ്രോതസ്സാണ് മാരാമൺ കൺവൻഷൻ. പമ്പയുടെ ഇരു കരകളിലുമായി ചിതറിപ്പാർത്തിരുന്ന മാർത്തോമ്മാ സഭ എന്ന കൊച്ചു സമൂഹത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചതിൽ മാരാമൺ കൺവൻഷൻ വഹിച്ച പങ്ക് ചെറുതല്ല. ‘ദൈവമേ എന്റെ ജനത്തെ ചിതറിക്കേണമേ’ എന്ന പ്രാർഥനയുടെ ഫലമായിരുന്നു അത്.

നവീകരണത്തിന്റെ പ്രഭവ കേന്ദ്രങ്ങളിൽ ഒന്നായ മാരാമൺ, നവീകരണത്തിന്റെ അടിസ്ഥാന ശാക്തീകരണമായ വചനം വിഭാഗിച്ച് കൊടുക്കുന്ന ഇടമായി തീർന്നത് യാദൃച്ഛികമല്ല. അഭിവന്ദ്യ പിതാക്കന്മാരിൽ കൂടിയും ലോകോത്തര പ്രസംഗകരിൽ കൂടിയും മാരാമൺ മണൽപുറത്ത് മുഴങ്ങിക്കേട്ട വചനം നെഞ്ചോട് ചേർത്ത വിശ്വാസ സമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സുവിശേഷം എത്തിച്ചു.

കൺവൻഷൻ ആധ്യാത്മിക സംഗമവും ക്രിസ്തീയ കൂട്ടായ്മയുടെ മാധുര്യം നൽകുന്ന ഇടവുമാണ്. സ്ഥലം ഒരുക്കി പന്തൽ നിർമിക്കുന്ന സമയം മുതൽ വിവിധ ഇടവകകളിലെ ജനങ്ങളുടെ സാന്നിധ്യവും സഹകരണവും ഒത്തൊരുമയും ദർശിക്കുവാൻ സാധിക്കും. ഈ ഒരുമയിൽ കൂടി കൈമാറുന്നത് ദൈവ സ്‌നേഹമാണ്. സമകാലീന സമസ്യകളെ ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ ദർശിക്കാൻ സാധിക്കുമെന്ന് ഓരോ ദൈവവചന പ്രഘോഷണവും വെളിപ്പെടുത്തിക്കൊണ്ടിരുന്നു.

എല്ലാ സഭകളിലെയും അംഗങ്ങൾക്ക് ഒരുമിച്ച് കൂടാൻ പര്യാപ്തമായ മറ്റൊരിടമുണ്ടോ എന്ന് സംശയമാണ്. വ്യത്യസ്ത സഭയില അഭിവന്ദ്യ പിതാക്കന്മാർക്ക് ഒരുമിച്ച് വേദി പങ്കിടാൻ അവസരം ഒരുക്കുന്നതിൽ കൂടി മാരാമൺ വ്യക്തമായ സന്ദേശം ലോകത്തിന് നൽകുന്നുണ്ട്, ദൈവം ക്രിസ്തുവിൽ കൂടി ലോകത്തെ സ്‌നേഹിക്കുന്നു എന്നുള്ളതാണത്. ഏകതയുടെയും പരസ്പര ബഹുമാനത്തിന്റെയും ഇഴയടുപ്പമുള്ള വേദി സൃഷ്ടിക്കുവാൻ കഴിയുന്നത് മഹത്തരമായ സാക്ഷ്യമാണ്.

∙ സരളം, വചനപ്രഘോഷണം

(റവ.ജിജി മാത്യൂസ് റാന്നി (മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി))

ദേശത്തിന്റെ സൗഖ്യത്തിനായി പ്രാർഥിക്കാനും അതിജീവനത്തിനുള്ള ആശയും ആവേശവും പകർന്നു നൽകുന്ന വചന ധ്യാനത്തിനായി കാതോർക്കുന്ന പുണ്യ ദിനങ്ങളാണിത്. പൊള്ളുന്ന ചൂട് കാര്യമാക്കാതെ പമ്പയാറിന്റെ തീരത്തേക്ക് വിശ്വാസികളെത്തുന്നതിന് ഒറ്റകാരണമേയുള്ളൂ, സുവിശേഷത്തിന്റെ സരളമായ പ്രഘോഷണം.

മാനസിക പിരിമുറുക്കവും അസ്വസ്ഥതകളും സൃഷ്ടിക്കപ്പെടുന്ന സമകാലിക നാളുകളിൽ വചനത്തിന്റെ കുളിർ‌മഴ പെയ്യുന്ന തീരമായി വീണ്ടും മാരാമൺ മാറുകയാണ്. ഭാഷയും സംസ്കാരവും സൃഷ്ടിക്കുന്ന അതിർ വരമ്പുകൾ ഭേദിച്ച് ഏവരെയും ഒന്നിപ്പിക്കുന്ന നിർമല സുവിശേഷത്തിന്റെ വലിയ സന്ദേശം ഓൺലൈനിലൂടെ ദർശിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കാളികളാകുന്നു എന്നതും ശ്രദ്ധേയമാണ്.

1888ൽ സ്ഥാപിതമായ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് കൺവൻഷൻ. ഒരിക്കലും ഇതു മതപ്രചാരണത്തിനുള്ള വേദിയായിട്ടില്ല. ഡോ. കഗാവയും സാധു സുന്ദർസിങ്ങും സി.വി.കുഞ്ഞിരാമനും മുൻ മുഖ്യമന്ത്രി സി. അച്യുതമേനോനും ഇവിടെ മാനവീകതയുടെ ദൂത് നൽകിയിട്ടുണ്ട്. സ്നേഹത്തിന്റെയും കരുതലിന്റെയും കൂട്ടായ്മയുടെയും പന്തലാണ് ഇവിടെ ഉയരുന്നത്. സഭയുടെ വിവിധ സംഘടനകളും കേരള സർക്കാരിന്റെ 22 വകുപ്പുകളും കൺവൻഷന്റെ സുഗമമായ നടത്തിപ്പിനു സഹായിക്കുന്നു.

Content Highlight: Maramon Convention 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com