ആരും മാതൃകയാക്കേണ്ട, ബാബുവിനെതിരെ കേസ്
Mail This Article
പാലക്കാട് ∙ മലമ്പുഴ ചെറാട് കുമ്പാച്ചി മലയിൽ കുടുങ്ങിയ ആർ.ബാബുവിനെതിരെ വനം വകുപ്പു കേസെടുത്തു. ഒപ്പം മല കയറിയ പ്രായപൂർത്തിയാകാത്ത 3 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വനത്തിൽ അതിക്രമിച്ചു കയറിയതിനാണു വനസംരക്ഷണ നിയമപ്രകാരം (കേരള ഫോറസ്റ്റ് ആക്ട് 27) കേസെടുത്തത്. 6 മാസം തടവോ 25,000 രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.
നേരത്തെ കേസെടുക്കാൻ വനംവകുപ്പു നടപടി തുടങ്ങിയിരുന്നെങ്കിലും മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ടതോടെ വേണ്ടെന്നു വച്ചിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം ഇതേ മലയിൽ പ്രദേശവാസിയായ മറ്റൊരാൾ കയറി. ഇയാളെ വനം ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണു രക്ഷപ്പെടുത്തിയത്. ഇതോടെ മാതൃകാ നടപടിയെന്ന നിലയിൽ കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
വാളയാർ റേഞ്ച് ഓഫിസർ ആഷിഖ് അലിയുടെ നേതൃത്വത്തിൽ മൊഴിയെടുത്തു. ബാബുവിനെയും കുടുംബാംഗങ്ങളെയും കാര്യങ്ങൾ ധരിപ്പിച്ച ശേഷമാണു നടപടി. പ്രദേശത്ത് വനംവകുപ്പു നിയന്ത്രണമേർപ്പെടുത്തി. കുമ്പാച്ചി മലയിലേക്ക് അനധികൃതമായി ആളുകൾ കയറിയാൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
English Summary : Forest department took case against Babu