ഹീമോഫീലിയ മരുന്ന് ഒരു കമ്പനിയിൽ നിന്നു മാത്രം
Mail This Article
കോഴിക്കോട്∙ വർഷം തോറും 50 കോടിയോളം രൂപയുടെ ഇടപാടുകൾ നടക്കുന്ന ഹീമോഫീലിയ മരുന്നു വിതരണത്തിനുള്ള ടെൻഡറിൽ ഒരു കമ്പനിക്ക് മാത്രം അനുകൂലമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചതായി സൂചന. മറ്റ് കമ്പനികൾ സാങ്കേതികമായി തള്ളിപ്പോവുകയും ടെൻഡർ ഉപേക്ഷിച്ച്, കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി ഉയർന്ന വിലയ്ക്ക് ഇതേ കമ്പനിയിൽ നിന്നു വിലപേശി വാങ്ങുകയുമായിരുന്നു പതിവ്. ടെൻഡർ വ്യവസ്ഥകളിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇത് പുനഃപരിശോധിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. അടുത്ത സാമ്പത്തിക വർഷത്തെ ടെൻഡറിൽ നിന്ന് വിവാദ വ്യവസ്ഥ ഒഴിവാക്കുമെന്നാണ് സൂചന.
ഹീമോഫീലിയ മരുന്നുകളുടെ ദുരുപയോഗം നടന്നതായുള്ള അന്വേഷണത്തിനിടയിലാണ് ടെൻഡറിലെ ഇടപെടലുകളും കണ്ടെത്തിയത്. മനുഷ്യ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഹീമോഫീലിയ മരുന്നുകൾക്കുള്ള ടെൻഡർ നൽകുമ്പോൾ കേന്ദ്ര ഡ്രഗ് ലൈസൻസിങ് അതോറിറ്റി നൽകുന്ന ‘പ്ലാസ്മ മാസ്റ്റർ ഫയൽ (പിഎംഎഫ്)’ നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയാണ് ഒരു കമ്പനിക്ക് മാത്രം അനുകൂലമായി കാര്യങ്ങൾ നീക്കിയത്.
Content Highlight: Hemophilia medicine