ADVERTISEMENT

കൊച്ചി ∙ മെട്രോ പാളത്തിനു നേരിയ ചെരിവുള്ളതായി ആശങ്ക. ഏറെ സുരക്ഷാ പ്രാധാന്യമുള്ള ഇൗ വിവരം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഇതുവരെ പുറത്തുവിട്ടിട്ടില്ല. കെഎംആർഎൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തകരാർ ബോധ്യപ്പെട്ടതിനെത്തുടർന്നു വിശദമായ പരിശോധനയ്ക്കു ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) വിവരം അറിയിച്ചിട്ടുണ്ട്. കെഎംആർഎൽ സ്വന്തം നിലയ്ക്കു പരിശോധന തുടരുകയാണ്. തകരാർ ഗുരുതരമെന്നു കണ്ടെത്തിയാൽ മെട്രോ സർവീസ് കുറച്ചുകാലം നിർത്തേണ്ടി വന്നേക്കാം.

പത്തടിപ്പാലത്തിനു സമീപം 347–ാം നമ്പർ തൂണിനടുത്താണു പാളത്തിൽ നേരിയ ചെരിവു കണ്ടെത്തിയിട്ടുള്ളത്. ഇവിടെ ഏതാനും ആഴ്ചകളായി വേഗം കുറച്ചേ ട്രെയിൻ ഓടിക്കുന്നുള്ളു. മണിക്കൂറിൽ 35 കിലോമീറ്ററാണു ട്രെയിനിന്റെ വേഗമെങ്കിൽ ഇവിടെ 20 കിലോമീറ്റർ മാത്രം.

പാളം ഉറപ്പിച്ചിട്ടുള്ള കോൺക്രീറ്റ് ഭാഗത്തിന്റെ (വയഡക്ട്) ചെരിവാണെന്ന് ആദ്യം സംശയിച്ചെങ്കിലും അതല്ലെന്നാണു പ്രാഥമിക നിഗമനം. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലം ചെരിവുണ്ടാകാം. ബുഷ് മാറ്റിവച്ചാൽ പ്രശ്നം തീരും. വയഡക്ടിന്റെ ചെരിവാണെങ്കിലും പരിഹരിക്കാം. എന്നാൽ തൂണിനു ചെരിവുണ്ടെങ്കിൽ കാര്യം ഗുരുതരമാകും. കെഎംആർഎൽ ഇതും സംശയിക്കുന്നു. 347–ാം നമ്പർ തൂണിന്റെ അടിത്തറ പരിശോധിക്കാൻ കുഴിയെടുത്തിട്ട് ഒരാഴ്ചയോളമായി. പരിശോധിക്കാനുള്ള ഉപകരണം എത്താൻ കാത്തിരിക്കുകയാണ്. സൂക്ഷ്മമായി ചെരിവു പരിശോധിക്കാനുള്ള ഉപകരണം കെഎംആർഎല്ലിന്റെ കൈവശം ഇല്ല. ഡിഎംആർസിയുടെ മേൽനോട്ടത്തിലാണ് ആലുവ മുതൽ പേട്ട വരെയുള്ള 25 കിലോമീറ്റർ മെട്രോ നിർമിച്ചത് എന്നതിനാൽ തകരാറിനു ഡിഎംആർസിക്ക് ഉത്തരവാദിത്തമുണ്ട്. അതിനാലാണ് അവരെ അറിയിച്ചിരിക്കുന്നത്. തൂണിന്റെ ചെരിവ് ആണെങ്കിൽ പോലും അതു പരിഹരിക്കാൻ കഴിയുമെന്നും സർവീസ് ആരംഭിച്ച് 5 വർഷം കഴിഞ്ഞു തൂണിനോ അടിത്തറയ്ക്കോ തകരാർ ഉണ്ടാവാൻ സാധ്യത കുറവാണെന്നും എൻജിനീയർമാർ അഭിപ്രായപ്പെട്ടു. ട്രാക്കിലെ ചെരിവ് തൂണിന്റെ പ്രശ്നം മൂലമാണെങ്കിൽ 6 മാസത്തേക്കെങ്കിലും ഇൗ ഭാഗത്തു മെട്രോ സർവീസ് നിർത്തിവയ്ക്കേണ്ടി വരും. തകരാറുള്ള ഭാഗം പൂർണമായി അഴിച്ചുപണിയണം.

വയഡക്ടിനും ട്രാക്കിനും ഇടയിൽ ചെറിയൊരു വിടവു ശ്രദ്ധയിൽപ്പെട്ടെന്നും അതു പരിശോധിച്ചു വരികയാണെന്നും കെഎംആർഎൽ പ്രതികരിച്ചു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. മുകൾ ഭാഗത്തെ പരിശോധന കഴിഞ്ഞു. താഴ്ഭാഗത്തുകൂടി സമഗ്ര പരിശോധന നടത്തും. പരിശോധന പൂർത്തിയാവും വരെ പത്തടിപ്പാലം ഭാഗത്തു ട്രെയിനുകൾക്കു വേഗം കുറച്ചിട്ടുണ്ടെന്നും കെഎംആർഎൽ വ്യക്തമാക്കി. 

English Summary: Tilt in metro rail line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com