വൈദ്യുതി സമരം നിർത്തി; സുരക്ഷാസേന തുടരും, ചെയർമാനെ മാറ്റില്ലെന്നു മന്ത്രി
Mail This Article
തിരുവനന്തപുരം ∙ വൈദ്യുതി ബോർഡിൽ ചെയർമാനുമായി ഇടഞ്ഞതിനെത്തുടർന്ന് ഇടതു സംഘടനകൾ നടത്തിവന്ന സമരം ചർച്ചയെത്തുടർന്നു പിൻവലിച്ചു. സമര ദിവസങ്ങളിൽ ജീവനക്കാർക്ക് അവധി അനുവദിക്കും. അച്ചടക്ക നടപടി ഉണ്ടാകില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടന്ന ക്രമക്കേടുകൾ സൂചിപ്പിച്ചും യൂണിയനുകൾക്കെതിരെ രൂക്ഷ ആരോപണങ്ങൾ ഉന്നയിച്ചും ചെയർമാൻ ബി.അശോക് ബോർഡിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ നൽകിയ വിവാദ കുറിപ്പ് പിൻവലിച്ചു. അശോകിനെ ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റാൻ നിലവിൽ ആലോചനയില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പാലക്കാട്ട് അറിയിച്ചു.
കോവിഡ് പോസിറ്റീവായതിനാൽ ഓൺലൈനായി നടത്തിയ ചർച്ചയിൽ ചെയർമാൻ ബി.അശോക് മുന്നോട്ടുവച്ച 5 നിർദേശങ്ങൾ അംഗീകരിച്ചു. വൈദ്യുതി ഭവനിൽ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്ഐഎസ്എഫ്) ഡേറ്റാ സെന്ററിലും സബ് ലോഡ് ഡെസ്പാച് സെന്ററിലുമായി പരിമിതപ്പെടുത്തും. ഡേറ്റാ സെന്ററിനുസമീപം എസ്ഐഎസ്എഫിന് സിസിടിവി കൺട്രോൾ സ്ക്രീനും വിശ്രമ മുറിയും അനുവദിക്കും. വൈദ്യുതി ഭവന്റെ കവാടത്തിലും മറ്റും നിലവിലുള്ള സെക്യൂരിറ്റി സംവിധാനം തുടരും.
വൈദ്യുതി ഭവന്റെ സുരക്ഷയ്ക്ക് എസ്ഐഎസ്എഫിനെ നിയോഗിച്ചും വൈദ്യുതി ഭവനു മുന്നിലുള്ള സമരം നിരോധിച്ചും ഇറക്കിയ ഉത്തരവുകളിൽ ആവശ്യമായ ഭേദഗതി വരുത്തും. തൊഴിലാളി യൂണിയനുകളുമായും ഓഫിസർമാരുടെ സംഘടനകളുമായും എല്ലാമാസവും കോ ഓർഡിനേഷൻ കമ്മിറ്റി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കും. ശമ്പള കരാർ വിഷയങ്ങൾ, കേസുകൾ എന്നിവ മാനേജ്മെന്റും യൂണിയനുകളുമായി ചർച്ചചെയ്തു തീർപ്പാക്കും. മുടങ്ങിക്കിടന്ന പ്രമോഷനുകൾ, സുപ്രീം കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം നടപ്പാക്കും.
English Summary: KSEB employees strike withdraw