സെക്രട്ടറിയുടെ റിപ്പോർട്ട് 'പ്രവർത്തനം'; മുഖ്യമന്ത്രിയുടെ റിപ്പോർട്ട് 'വികസനം'
Mail This Article
തിരുവനന്തപുരം ∙ സംഘടനയെ ശക്തമാക്കുക; ഭരണത്തുടർച്ചയ്ക്ക് വഴി തേടുക: സിപിഎം എറണാകുളം സമ്മേളനത്തിന്റെ ലക്ഷ്യം സമ്മേളനത്തിന്റെ കാര്യ പരിപാടിയിൽനിന്നു തന്നെ വ്യക്തം
സാധാരണ ഗതിയിൽ സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന്മേലാണ് സിപിഎം സമ്മേളനത്തിൽ മുഴുവൻ സമയവും ചർച്ച നടക്കുന്നത്. ഇത്തവണ അതിനു മാറ്റം വരുന്നു. കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടും പിണറായി വിജയൻ അവതരിപ്പിക്കുന്ന വികസന രേഖയും നാളെയും മറ്റന്നാളുമായി സമ്മേളനം ചർച്ച ചെയ്യും. പ്രവർത്തന റിപ്പോർട്ടിനൊപ്പം തന്നെ പ്രാധാന്യം മറ്റൊരു രേഖയ്ക്ക് സംസ്ഥാന സമ്മേളനം നൽകുന്നത് അപൂർവമാണ്. 1985 ൽ എറണാകുളത്ത് ഏറ്റവും ഒടുവിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ബദൽ രേഖ കോളിളക്കം ഉണ്ടാക്കിയെങ്കിൽ ഇവിടെ രണ്ടാം രേഖ വികസനരേഖ ആയത് ഈ 36 വർഷത്തിനിടയിൽ കാര്യങ്ങൾ എങ്ങനെ പരിണമിച്ചുവെന്നതിന്റെയും സൂചനയാകും.
പുതുതലമുറയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനുള്ള വികസന മാർഗമാണ് ‘വികസന രേഖയിൽ’ പ്രതിപാദിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള നവീന അവബോധം സമൂഹത്തിൽ ശക്തിപ്പെടുന്നതിനാൽ വികസനോന്മുഖമായ രാഷ്ട്രീയ വീക്ഷണം വേണമെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനങ്ങളെ ഞെരിക്കാനും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കെതിരെ സമ്മേളനം ശബ്ദിക്കും. സിൽവർ ലൈനിനെ എതിർക്കുന്ന ബിജെപിയെയും പ്രതിപക്ഷത്തെയും വികസന വിരോധികളായി ചിത്രീകരിക്കും. സംഘടനയെ ഉപയോഗിച്ച് കേന്ദ്രത്തിൽ ബിജെപിയെയും കേരളത്തിൽ കോൺഗ്രസിനെയും തുറന്നു കാട്ടിയും പുതിയ വികസന സമീപനം അവതരിപ്പിച്ച് ഭരണം ശക്തമാക്കിയും മുന്നോട്ടുപോകുക എന്നതാണ് കൊച്ചി സമ്മേളനത്തിലൂടെ സിപിഎം ഉദ്ദേശിക്കുന്നത്.
Content highlights: CPM State conference