ADVERTISEMENT

പാണക്കാട് തങ്ങൾമാരുടെ അധികാരം എന്നും സ്നേഹമാണ്. രോഷം കൊണ്ടും അടിച്ചമർത്തലിന്റെ ശക്തികൊണ്ടും മാത്രം നിലനിൽക്കുന്നവർ ചുറ്റും ആൾക്കൂട്ടത്തെ വച്ചുപൊറുപ്പിക്കില്ല. കഴിയുന്നത്ര ശൂന്യത സൃഷ്ടിക്കുകയാണു പതിവ്. ഏകാധിപതികളാണ് ഇത്തരം ശൂന്യത സൃഷ്ടിക്കുക. ഭയത്തിന്റെ നിഴലിൽ ജീവിക്കുന്നവർക്കാണു ചുറ്റും ശൂന്യസ്ഥലം സൃഷ്ടിക്കാനുള്ള പ്രേരണ ഉണ്ടാകുന്നത്. പാണക്കാട്ടേക്കു നോക്കുമ്പോൾ തങ്ങൾമാർക്കു ചുറ്റും ശൂന്യതയല്ല, നിറഞ്ഞ ആൾക്കൂട്ടമാണു കാണുക. ശിഹാബ് തങ്ങൾക്കും അദ്ദേഹത്തിന്റെ സഹോദരന്മാർക്കും പിതാവിനുമൊക്കെ ചുറ്റും എന്നും ഇത്തരം ആൾക്കൂട്ടങ്ങൾ തന്നെയായിരുന്നു. പിൻഗാമികളായി ഇപ്പോഴുള്ള തങ്ങൾമാരും ഇതേപാതയിൽ യാത്ര തുടരുന്നു.

ആക്രമണോത്സുകതയും വയലൻസും ഉണ്ടാക്കാൻ എളുപ്പത്തിൽ സാധിക്കും. അതിന്റെ ഏറ്റവും നല്ല ഉദാഹരണം പറഞ്ഞതു ഷെയ്ക്സ്പിയർ തന്നെ. വിജയിയായി റോമിൽ എത്തുന്ന ജൂലിയസ് സീസറെ സ്വീകരിക്കാൻ എല്ലാവരും കാത്തുനിൽക്കുകയാണ്. കൂട്ടത്തിൽ ബ്രൂട്ടസും കാഷ്യസും അങ്ങനെ കുറച്ചുപേർ എതിരാളികളായുണ്ട്. അവരെല്ലാം ചേർന്നാണ് സെനറ്റ് ഹാളിൽ സീസറെ കുത്തിക്കൊല്ലുന്നത്. റോമിന്റെ മുഴുവൻ ആരാധനയും പേറിയിരുന്ന സീസറെ ഓരോരുത്തരായി മാറിമാറി കുത്തിവീഴ്ത്തുകയായിരുന്നു. ജനങ്ങൾ അദ്ഭുതസ്തബ്ധരായി നിൽക്കുമ്പോഴാണ് ബ്രൂട്ടസിന്റെ പ്രസംഗം വരുന്നത്: 'Not that I loved Ceaser less, but I loved Rome more...' (എനിക്ക് സീസറെ ഇഷ്ടമില്ലാഞ്ഞിട്ടല്ല; അതിനേക്കാളേറെ ഞാൻ റോമിനെ സ്നേഹിക്കുന്നതുകൊണ്ടാണ്). അപ്പോൾ ജനങ്ങളുടെ മനസ്സ് മാറി. നാം ആരാധിച്ചിരുന്ന സീസറിനെയല്ല ബ്രൂട്ടസ് വീഴ്ത്തിയത്. ഈ സീസറുടെ ശവം അടക്കം ചെയ്യാനുള്ള അനുവാദം ചോദിച്ചുകൊണ്ടാണ് മാർക്ക് ആന്റണി പ്രസംഗിക്കുന്നത്. നേരത്തേ സീസർക്കുണ്ടായിരുന്ന ഇമേജ് പുനഃസ്ഥാപിക്കുകയാണ് ആന്റണി തന്റെ പ്രസംഗത്തിലൂടെ ചെയ്തത്. അതുകേൾക്കുമ്പോൾ ജനങ്ങളാകെ മാറിപ്പോകുന്നു. സീസറിനെതിരായി ഗൂഢാലോചന നടത്തിയ ബ്രൂട്ടസിനെയും കാഷ്യസിനെയും തിരഞ്ഞുനടക്കുന്നതും അതേ ജനം തന്നെയാണ്. ഇതിലൂടെ ഷെയ്ക്സ്പിയർ ചരിത്രം രേഖപ്പെടുത്തുക മാത്രമല്ല ചെയ്തത്. വാചാടോപമുള്ള ഒരാൾ പുറപ്പെട്ടാൽ ജനക്കൂട്ടത്തെ അക്രമാസക്തമാക്കാൻ സാധിക്കുമെന്നു സ്ഥാപിക്കുകയായിരുന്നു.

mt-vasudevan-nair-1
എം.ടി.വാസുദേവൻ നായർ

അങ്ങനെയുള്ള ഒരു കാലഘട്ടം നമ്മൾ പിന്നിട്ടിട്ടുണ്ട്. അത്തരമൊരു കാലത്ത്, ഈ കേരളത്തിൽ എന്തോ അപകടം സംഭവിക്കും എന്നു നമ്മൾ കരുതിയിരുന്ന ഒരു സമയത്ത് നമ്മൾ നിന്നു. ഞാൻ പറയുന്നത് ബാബറി മസ്ജിദിന്റെ കാര്യമാണ്. ഇവിടുത്തെ എല്ലാ ആളുകളും എന്തെങ്കിലും കലാപം ഉണ്ടാകുമെന്ന് ഉറപ്പിച്ചു നിൽക്കുന്നു. അപ്പോൾ ആ മഹാവിപത്തിൽനിന്നു നമ്മുടെ പ്രദേശത്തെ രക്ഷിക്കാനായി ശാന്തിയുടെ ഗോവർധനം പിടിച്ച് ഒരാൾ എത്തിയത് പാണക്കാട്ടെ തങ്ങൾ കുടുംബത്തിൽ നിന്നാണ് – മുഹമ്മദലി ശിഹാബ് തങ്ങൾ. അത് അദ്ദേഹത്തിന്റെ ഒരു പരാധീനതയോ ദൗർബല്യമോ ആയി ചിലർ വ്യാഖ്യാനിച്ചു കാണുകയുണ്ടായി. അവർക്കു മനസ്സിലാകാൻ വേണ്ടിയാണ് ഞാൻ നേരത്തേ പറഞ്ഞത്. ഒരു ആൾക്കൂട്ടത്തെ പ്രക്ഷുബ്ധരാക്കാൻ, പ്രകമ്പനം കൊള്ളിക്കാൻ എളുപ്പമാണ്. ഒരു തീപ്പൊരി എറിഞ്ഞാൽ വീട് കത്തുന്നതുപോലെ പത്തു വാചകം പറഞ്ഞുകഴിഞ്ഞാൽ ജനം ക്ഷോഭിച്ച് ആയുധമെടുക്കും. അതിന് ചരിത്രത്തിൽ എത്രയോ തെളിവുകളുണ്ട്. എന്നാൽ ശാന്തിയുടെ മേൽക്കൂര സൃഷ്ടിക്കാൻ എളുപ്പം സാധിക്കില്ല. കാരണം, ചരിത്രത്തിൽ മനുഷ്യർ അടിസ്ഥാനപരമായി അങ്ങനെയാണ്. മനുഷ്യരിൽ ജീവശാസ്ത്രപരമായി കിട്ടിയ അക്രമവാസന മറികടക്കണമെങ്കിൽ ആധ്യാത്മിക ചൈതന്യം വേണം. അവർക്കുമാത്രമേ ശാന്തിയുടെ മേൽക്കൂര പണിയാൻ സാധിക്കൂ. ശാന്തിയുടെ അന്തരീക്ഷം ഇവിടെ പുലരാൻ നിഷ്ഠയോടെ സേവനം ചെയ്യുന്നവരാണ് പാണക്കാട് തങ്ങൾമാർ.


പാണക്കാട് കൊടപ്പന‌യ്ക്കൽ തറവാട്.
പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്

നമ്മുടെ വിശ്വാസ പ്രമാണങ്ങൾക്കും കക്ഷിരാഷ്ട്രീയത്തിനുമൊക്കെ അതീതമായി മാനവികത എന്നൊന്നുണ്ട്. മനുഷ്യർ എന്ന ഒന്നുണ്ട്. അതുയർത്തിപ്പിടിക്കാൻ ആവശ്യമായതെന്തൊക്കെയുണ്ടോ അതാണു നമ്മൾ ചെയ്യേണ്ടത്. അതിനെയാണു നമ്മൾ മഹത്വം എന്നു പറയുന്നത്. എളുപ്പത്തിൽ ക്ഷോഭമുണ്ടാക്കാൻ ആർക്കും കഴിയും. എളുപ്പത്തിൽ തീവയ്ക്കാൻ ആർക്കും സാധിക്കും. ആൾക്കൂട്ടത്തിന്റെ ഒപ്പം പോകുമ്പോൾ അപ്പുറവും ഇപ്പുറവും നമ്മൾ നോക്കില്ല. മുദ്രാവാക്യം വിളിക്കും; ബഹളം വയ്ക്കും; കല്ലെറിയും. കല്ലെറിയുന്നതിന് ഒരു പ്രത്യേകതയുണ്ട്. അത് സാമൂഹികശാസ്ത്രപരം കൂടിയാണ്. എറിയുമ്പോൾ അതിന്റെ റിസൽറ്റ് ഉടൻ അറിയാൻ കഴിയും. ഗ്ലാസൊക്കെ പെട്ടെന്ന് പൊട്ടും. അതുകാണുമ്പോൾ എറിഞ്ഞവന് തൃപ്തി. തീവയ്ക്കുമ്പോൾ എളുപ്പത്തിൽ ആളിപ്പടരും. അക്രമത്തിന്റെ പ്രത്യക്ഷമായ മാരകഫലങ്ങൾ കാണാനുള്ള അവസരമായാണ് ഇതിനെ അക്രമികൾ കാണുക. അതിൽനിന്നു മാറിനിന്ന് മാനവികത എന്ന മേൽക്കൂര നമ്മുടെ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവരെയാണ് നമ്മൾ മഹത്തുക്കൾ എന്ന കോളത്തിൽ എഴുതിവയ്ക്കുന്നത്. പാണക്കാട് തങ്ങൾമാരുടെ പേരുകൾ ഈ കോളത്തിലാണു നാം കാണുക.

ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവയ്ക്കുന്ന തത്വങ്ങളിൽ ഒന്നാണ് ‘കൾചർ ഓഫ് പീസ്.’ മനുഷ്യാവകാശങ്ങൾക്കും അടിസ്ഥാനസ്വാതന്ത്ര്യത്തിനും ആവശ്യമായ അംഗീകാരം നൽകുക. സ്വാതന്ത്ര്യം, നീതി, ജനാധിപത്യവ്യവസ്ഥ, സഹിഷ്ണുത, ഐക്യബോധം, ബഹുമുഖ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കുന്ന മാനസികാവസ്ഥ... ഇതെല്ലാം ചേർന്നതാണ് ‘കൾചർ ഓഫ് പീസ്’. ആ സമാധാനത്തിന്റെ സംസ്കാരമാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 

സമാധാനത്തിന്റെ സന്ദേശം നാം വീണ്ടും ഉയർത്തിപ്പിടിക്കേണ്ടിയിരിക്കുന്നു. ആ സംസ്കാരത്തിന്റെ പതാക എന്നും ഉയർത്തിപ്പിടിക്കുന്നവരാണ് പാണക്കാട്ടെ തങ്ങൾ കുടുംബം. കേരളത്തിന് സമാധാനത്തിന്റെ മേൽക്കൂര നിർമിക്കുകയാണവർ. കേരളീയ സമൂഹം അവരോടു കടപ്പെട്ടിരിക്കുന്നതും ഈ ദൗത്യത്തിന്റെ പേരിൽ തന്നെയാണ്.

 

English Summary: M.T.Vasudevan Nair remember Sayed Hyderali Shihab Thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com