ADVERTISEMENT

വർക്കല∙ ഉറങ്ങിക്കിടന്ന എട്ടു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ 5 പേർക്ക് അർധരാത്രി വീടിനുള്ളിൽ തീ പടർന്ന് ദാരുണാന്ത്യം. പൊള്ളലേറ്റും പുകയിൽ ശ്വാസംമുട്ടിയുമാണ് എല്ലാവരുടെയും മരണം. ഒരാൾ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നുവെങ്കിലും കാർ പോർച്ചിൽ ഉണ്ടായിരുന്ന ബൈക്കുകൾ കത്തിയമർന്ന് അവിടെ നിന്നു വീടിനകത്തേക്കു തീ പടർന്നതാണോയെന്നും സംശയമുണ്ട്. അതിനാൽ ഫൊറൻസിക് പരിശോധനാ ഫലത്തിനായി കാക്കുകയാണെന്നു റൂറൽ എസ്പി ദിവ്യ വി.ഗോപിനാഥ് പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണു നാടിനെ നടുക്കിയ സംഭവം. പുത്തൻചന്തയിലെ പച്ചക്കറി മൊത്തവ്യാപാരശാലയായ ആർ.പി.എൻ. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് ഉടമ ചെറുന്നിയൂർ അയന്തി പന്തുവിള രാഹുൽ നിവാസിൽ പ്രതാപൻ (ബേബി–62), ഭാര്യ ഷേർളി (53), മകൻ അഹിൽ (29), മകൻ നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകൻ റയാൻ (8 മാസം) എന്നിവരാണു മരിച്ചത്. നിഹുലി(32)നെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുനില വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയിലാണു പ്രതാപന്റെയും ഷേർളിയുടെയും മൃതദേഹം കണ്ടെത്തിയത്. മുകളിലത്തെ നിലയിലെ കിടപ്പു മുറിയോടു ചേർന്നുള്ള ശുചിമുറിയിലാണ് അഭിരാമിയെയും മകൻ റയാനെയും കണ്ടത്. കുഞ്ഞുമായി രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ഇതിനകത്തേക്ക് അഭിരാമി കയറിയതാകാം എന്നാണു കരുതുന്നത്. അഹിൽ മറ്റൊരു മുറിയിലായിരുന്നു. അഗ്നിശമനസേന ഉള്ളിൽ കടന്നപ്പോഴാണു നിഹുലിനെ താഴത്തെ നിലയിലേക്കുള്ള പടികൾക്കരികിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരെല്ലാം സ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വീട്ടിലെ 5 കിടപ്പു മുറികളിലും എസിയുണ്ട്. വെന്റിലേഷൻ അടച്ചതുമാണ്. ജിപ്സം ഉപയോഗിച്ചുളള അലങ്കാര മേൽക്കൂരയും കർട്ടനുകളും തടിയലമാരകളുമെല്ലാം തീപിടിത്തത്തിന്റെ വ്യാപനം വർധിപ്പിച്ചു. തടി കൊണ്ടുള്ള സ്റ്റെയർകേസിനും തീ പിടിച്ചിരുന്നു.

പ്രതാപൻ, ഭാര്യ ഷേർളി, മകൻ അഹിൽ, മകൻ നിഹുലിന്റെ ഭാര്യ അഭിരാമി, റയാൻ
പ്രതാപൻ, ഭാര്യ ഷേർളി, മകൻ അഹിൽ, മകൻ നിഹുലിന്റെ ഭാര്യ അഭിരാമി, റയാൻ

മരിച്ചവർക്കു കാര്യമായി പൊള്ളലേറ്റതിന്റെ ലക്ഷണമില്ല. അതിനാൽ വിഷവാതകം ശ്വസിച്ചതാകണം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പുലർച്ചെ കാർ പോർച്ചിൽ തീ ആദ്യം കണ്ടത് എതിർവശത്തു താമസിക്കുന്നയാളാണ്. ഇദ്ദേഹത്തിന്റെ മകൾ മൊബൈൽ ഫോണിൽ നിഹുലിനെ വിളിച്ച് അറിയിച്ചപ്പോൾ ‘എവിടെ തീ’യെന്നു ചോദിച്ച ശേഷം പിന്നീടു മറുപടിയുണ്ടായില്ല. രക്ഷാദൗത്യവുമായി പരിസരവാസികൾ എത്തിയപ്പോൾ വീടിനുള്ളിലും തീ പടരുന്നതാണു കണ്ടത്. പൂട്ടിയിട്ട ഗേറ്റും അഴിച്ചു വിട്ടിരുന്ന വളർത്തുനായ്ക്കളും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. അഗ്നിരക്ഷാ സേനയും പൊലീസും ഉടനെത്തി. അവർ മുൻ വാതിൽ ചവിട്ടിപൊളിച്ചാണ് അകത്തു കടന്നത്. അവശനിലയിൽ കാണപ്പെട്ട നിഹുൽ, ഭാര്യയും കുഞ്ഞും മുകളിലുണ്ടെന്നു പറഞ്ഞു കുഴഞ്ഞുവീഴുകയായിരുന്നു.

പ്രതാപന് 3 ആൺമക്കളാണ്. ഗൾഫിൽ നിന്ന് അവധിക്കെത്തിയ മൂത്ത മകൻ രാഹുൽ ഏതാനും ദിവസം മുൻപു തിരികെപ്പോയി. ദുരന്തമറിഞ്ഞ് ഇന്നലെ മടങ്ങിയെത്തി. അഹിലും നിഹുലും പിതാവിനൊപ്പം കടയിൽ സജീവമായിരുന്നു. ഈയിടെയാണ് അഹിലിന്റെ വിവാഹ നിശ്ചയം നടന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം പിന്നീട്. കലക്ടർ നവജ്യോത് ഖോസ, ഡിഐജി ആർ.നിശാന്തിനി, റൂറൽ എസ്പി ദിവ്യ വി.ഗോപിനാഥ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഫൊറൻസിക് ഉദ്യോഗസ്ഥർ തെളിവെടുത്തു. 

English Summary: House catches fire in Thiruvananthapuram 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com