ഹൈദരലി തങ്ങൾ ഇനി ദീപ്തമായ ഓർമ
Mail This Article
മലപ്പുറം ∙ പ്രാർഥനാമന്ത്രങ്ങൾ ഏറ്റുവാങ്ങി പ്രിയ നേതാവ് മടങ്ങിയെങ്കിലും പാണക്കാട്ടേക്ക് ഇന്നലെയും അണികൾ ഒഴുകിയെത്തി. മുസ്‌ലിം ലീഗ് അധ്യക്ഷനായി രാഷ്ട്രീയത്തിലും സമസ്ത വൈസ് പ്രസിഡന്റ് ആയി മതവേദികളിലും നിറഞ്ഞുനിന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമ ജനഹൃദയങ്ങളിൽ ജ്വലിച്ചുനിന്നു. പാണക്കാട് ജുമാ മസ്ജിദ് മുറ്റത്തെ കബറിൽ ഹൈദരലി തങ്ങൾ അവസാനനിദ്രയിലായിരുന്നെങ്കിലും പുറത്ത് അണമുറിയാത്ത സന്ദർശക പ്രവാഹമായിരുന്നു.
ഇന്നലെ രാവിലെ നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന കബറടക്കം പ്രത്യേക സാഹചര്യത്തിൽ പുലർച്ചെ 2.30നു നടന്നതോടെ അവസാനം ഒരു നോക്കു കാണാൻ സാധിക്കാതെ പോയവരാണ് ഒഴുകിയെത്തിയത്. മൂത്തസഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും തൊട്ടടുത്തായാണ് ഹൈദരലി തങ്ങൾക്കും അന്ത്യവിശ്രമത്തിന് കബർ ഒരുക്കിയന്നത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂർ, ജോസ് കെ.മാണി, കെ.കെ.രമ തുടങ്ങി ഒട്ടേറെപ്പേർ ഇന്നലെ വീട്ടിലെത്തി.
നഷ്ടമായത് മഹാനായ നേതാവിനെ: രാഹുൽ ഗാന്ധി
മലപ്പുറം ∙ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ മഹാനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി. ഹൈദരലി ശിഹാബ് തങ്ങളുടെ പാണക്കാട്ടെ വസതിയിലെത്തിയതായിരുന്നു അദ്ദേഹം. പാണക്കാട് ഹൈദരലി തങ്ങൾ ഒരേസമയം രാഷ്ട്രീയനേതാവും ആത്മീയ നേതാവുമായിരുന്നു. രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതു വളരെ അപൂർവമാണെന്ന് അദ്ദേഹം പറഞ്ഞു.
Content Highlight: Panakkad Sayed Hyderali Shihab Thangal