ഇരട്ടക്കൊലയ്ക്കു കാരണം കുടുംബസ്വത്ത് തർക്കം; പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Mail This Article
കാഞ്ഞിരപ്പള്ളി∙ കടംവീട്ടാൻ കുടുംബസ്വത്ത് ലഭിക്കുന്നതിനു തടസ്സം നിന്നതാണ് ഇരട്ടക്കൊലപാതകത്തിനു കാരണമായതെന്ന് വെടിവയ്പു കേസിലെ പ്രതി ജോർജ് കുര്യന്റെ മൊഴി. സ്വത്തു തർക്കത്തെ തുടർന്ന് ഇളയ സഹോദരൻ രഞ്ജുവും (50) മാതൃസഹോദരൻ മാത്യു സ്കറിയയും (78) വീട്ടിനുള്ളിൽ വെടിയേറ്റു മരിച്ച കേസിൽ അറസ്റ്റിലായ കരിമ്പനാൽ ജോർജ് കുര്യനെ (52) ഇന്നലെ പൊലീസ് ചോദ്യം ചെയ്തു.
കുടുംബ സ്വത്തിൽനിന്ന് കൂടുതൽ സ്ഥലം തനിക്കു ലഭിക്കുന്നതിനോട് രഞ്ജുവിനും മാത്യു സ്കറിയയ്ക്കും എതിർപ്പുണ്ടായിരുന്നുവെന്ന് ജോർജ് കുര്യൻ പൊലീസിനോടു പറഞ്ഞു. കുടുംബവീടിനോടു ചേർന്നുള്ള സ്ഥലം പിതാവ് തനിക്ക് എഴുതിത്തന്നെങ്കിലും അതു വിൽക്കുന്ന കാര്യത്തിലും സഹോദരനും മാതൃസഹോദരനും എതിരുനിന്നുവെന്നും കോടികൾ കടബാധ്യതയുള്ള തനിക്ക് കുടുംബസ്വത്ത് വിൽക്കാതെ മറ്റു മാർഗങ്ങളില്ലായിരുന്നെന്നും ജോർജ് കുര്യൻ മൊഴി നൽകി.
തിങ്കളാഴ്ചയാണ് ഇരുവർക്കും വെടിയേറ്റത്. രഞ്ജു സംഭവസ്ഥലത്തു വച്ചും മാത്യു സ്കറിയ ഇന്നലെ പുലർച്ചെ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. സംഭവം നടക്കുന്നതിനു മൂന്നു ദിവസം മുൻപ് എറണാകുളത്തുനിന്ന് കാഞ്ഞിരപ്പള്ളിയിൽ എത്തിയ ജോർജ് കുര്യൻ തിങ്കളാഴ്ച വീട്ടിലെത്തി സ്വത്തു സംബന്ധിച്ച കാര്യം സംസാരിച്ചു. തുടർന്ന് മൂവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
രഞ്ജുവും മാത്യു സ്കറിയയും ചേർന്ന് തന്നെ മർദിക്കാൻ ശ്രമിച്ചെന്നും അപ്പോഴാണ് റിവോൾവർ എടുത്ത് ഇരുവരെയും വെടിച്ചതെന്നും മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. തോക്ക് ലൈസൻസും പൊലീസ് പരിശോധിക്കുന്നുണ്ട്. ജോർജ് കുര്യനെ ഇന്നലെ രാത്രി ഏഴോടെ ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, സിഐ റിജോ പി.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാലാ സബ് ജയിലിലേക്കു മാറ്റി.
രഞ്ജുവിന്റെ നെഞ്ചിലാണു വെടിയേറ്റത്. മാത്യു സ്കറിയയുടെ തലയിലും നെഞ്ചിലുമാണ് മുറിവുകൾ. രണ്ടു പേരുടെയും ശരീരം തുളഞ്ഞുകയറി വെടിയുണ്ട പുറത്തു പോയതായാണ് നിഗമനം. ഇരുവരുടെയും പോസ്റ്റ്മോർട്ടം ഇന്നലെ നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
രഞ്ജു കുര്യന്റെ സംസ്കാരം ഇന്ന് 11.30ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ. മാത്യു സ്കറിയയുടെ സംസ്കാരം നാളെ 11ന് കൂട്ടിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ആനിയാണ് കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയയുടെ ഭാര്യ. മക്കൾ: രേണു, അഞ്ജു, അന്നു, നീതു. മരുമക്കൾ: മാത്തൻ ചാക്കോള, മാത്യു കുരുവിനാക്കുന്നേൽ, സൻജു ആനത്താനം, ഔസേഫ് പുളിക്കൽ.
English Summary: Kanjirapally murder case investigation