ഇടതു സർക്കാരുകൾ റെയിൽവേ പദ്ധതികൾ അട്ടിമറിച്ചെന്ന് ഇ.ശ്രീധരൻ
Mail This Article
കൊച്ചി ∙ അനുമതി ലഭിച്ച് റെയിൽവേ ബജറ്റിൽ ഉൾപ്പെടുത്തി സർവേ നടപടികൾ ആരംഭിച്ച നിലമ്പൂർ–നഞ്ചൻകോട് പാത വരുന്നതു തടഞ്ഞ്, തലശ്ശേരി– മൈസൂർ ലൈനിനായി സമ്മർദം ചെലുത്തി 2 പദ്ധതികളും ഇല്ലാതാക്കിയത് ഒന്നാം പിണറായി സർക്കാരാണെന്ന് ഇ.ശ്രീധരൻ. ഹൈ സ്പീഡ് റെയിൽവേ കോർപറേഷൻ വിഭാവന ചെയ്ത കോയമ്പത്തൂർ–തിരുവനന്തപുരം ഹൈസ്പീഡ് റെയിൽപാത വരാനുള്ള സാധ്യത സിൽവർലൈൻ പദ്ധതിമൂലം ഇല്ലാതാകും.
2016 ജൂണിൽ ഡിഎംആർസി പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ച കണ്ണൂർ–തിരുവനന്തപുരം അതിവേഗ പാത വേണ്ടെന്നുവച്ചതും ഇടതു സർക്കാരാണ്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് ആരാണു തടസ്സമെന്നതിനു വേറെ തെളിവുകൾ വേണ്ട. ബിജെപിയുടെ സിൽവർലൈൻ വിരുദ്ധ സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരൻ.
സിൽവർലൈൻ നിർമാണച്ചെലവിന്റെ കാര്യത്തിൽ സർക്കാർ യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കുകയാണ്. 5 വർഷംകൊണ്ടു സ്ഥലമെടുപ്പു പൂർത്തിയാകില്ല. പദ്ധതി പൂർത്തിയാകാൻ 12 വർഷമെങ്കിലും വേണ്ടിവരും. 93,600 കോടി രൂപ പ്രാഥമിക ചെലവു വരും – ശ്രീധരൻ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
English Summary: LDF Government toppled railway projects: E.Sreedharan