ADVERTISEMENT

വർക്കല∙ വീട്ടിൽ ഉറങ്ങിക്കിടന്ന 5 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം ഉണ്ടായതറിഞ്ഞ് അയന്തി പന്തുവിളയിലെ വീട്ടിലെത്തിയ അഗ്നിരക്ഷാ സേന കതകു ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോൾ കണ്ടതു ദാരുണ ദൃശ്യങ്ങൾ. മുകൾ നിലയിലേക്കുള്ള പടികളിൽ ദേഹമാസകലം പൊള്ളലേറ്റ് അവശനായ നിഹുലിനെയാണ് ഇവർ ആദ്യം കണ്ടത്. ഭാര്യയും കുഞ്ഞും മുകളിലുണ്ടെന്നു പറഞ്ഞപ്പോഴേക്കും നിഹുൽ കുഴഞ്ഞു വീണു. ആംബുലൻസിൽ കയറ്റുമ്പോഴും നിഹുൽ പറഞ്ഞു കൊണ്ടേ ഇരുന്നു: വീട്ടിനുള്ളിൽ എല്ലാവരുമുണ്ട്, രക്ഷിക്കണേ..

തീ പടരുന്നതു കണ്ട അയൽവീട്ടിലെ ശശാങ്കന്റെ മകൾ അലീന ഫോണിൽ വിളിച്ചുണർത്തിയതാകാം കൂട്ടമരണത്തിൽ നിന്നു നിഹുലിനെ മാത്രം രക്ഷിച്ചത് എന്നാണു കരുതുന്നത്. തീ ആദ്യം കണ്ടതു ശശാങ്കനാണ്. ഒരു ഉറക്കത്തിനു ശേഷം ശുചിമുറിയിൽ കയറുമ്പോഴാണ് എതിർവശത്തെ വീട്ടിൽ തീആളുന്ന പ്രകാശം ഇദ്ദേഹം കണ്ടത്. 

തിരുവനന്തപുരം വർക്കലയിൽ 5 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം ഉണ്ടായ വീട്ടിലെ കാർ പോർച്ചിൽ കത്തിക്കരിഞ്ഞ ബൈക്കുകൾ പരിശോധിക്കുന്ന ഫൊറൻസിക് ഉദ്യോഗസ്ഥർ. പിറകിൽ കത്തിക്കരിഞ്ഞ ചുമരും ജനലും കാണാം. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ
തിരുവനന്തപുരം വർക്കലയിൽ 5 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം ഉണ്ടായ വീട്ടിലെ കാർ പോർച്ചിൽ കത്തിക്കരിഞ്ഞ ബൈക്കുകൾ പരിശോധിക്കുന്ന ഫൊറൻസിക് ഉദ്യോഗസ്ഥർ. പിറകിൽ കത്തിക്കരിഞ്ഞ ചുമരും ജനലും കാണാം. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ

അയൽവാസികളെ ഉണർത്തി ബഹളം വച്ചെങ്കിലും പ്രതാപനും കുടുംബവും അതറിഞ്ഞില്ല. അപ്പോഴാണ് അലീന നിഹുലിന്റെ ഫോണിൽ വിളിച്ചത്. രണ്ടു തവണ വിളിച്ചപ്പോഴാണു ഫോൺ എടുത്തത്. നിങ്ങളുടെ വീട്ടിൽ തീ പടരുന്നു എന്ന് അലീന പറഞ്ഞു. എന്താണു സംഭവിച്ചതെന്നറിയാൻ നിഹുൽ ഓടി താഴത്തെ നിലയിലേക്കു വന്നിരിക്കാമെന്നാണ് അനുമാനം. ഗുരുതരമായി പൊള്ളലേറ്റ നിഹുൽ അപകടാവസ്ഥ തരണം ചെയ്താലേ സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിക്കൂ.

താഴത്തെ ഹാളിനോടു ചേർന്നായിരുന്നു നിഹുലിന്റെ പിതാവ് പ്രതാപന്റെ മൃതദേഹമെന്നു പൊലീസ് അറിയിച്ചു. കിടപ്പുമുറിയിൽ ഭാര്യ ഷെർലിയും. ഇരുവർക്കും ചെറിയ തോതിലേ പൊള്ളലേറ്റിരുന്നുള്ളൂ. 

അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നുവെങ്കിലും തീ അങ്ങോട്ടേക്കു പടർന്നിരുന്നില്ല. മുകളിൽ ഒരു കിടപ്പു മുറിയോടു ചേർന്നുള്ള ശുചിമുറിയിൽ നിഹുലിന്റെ ഭാര്യ അഭിരാമിയും മകൻ എട്ടുമാസം പ്രായമുള്ള റയാനും നിശ്ചലമായി കിടന്നിരുന്നതു ഹൃദയഭേദകമായ കാഴ്ചയായിരുന്നു. കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതു പോലെയായിരുന്നു അടുത്ത മുറിയിൽ നിഹുലിന്റെ സഹോദരൻ അഹിൽ മരിച്ചു കിടന്നിരുന്നത്.

പുക പുറത്തേക്കു പോകാൻ വീടിന്റെ ജനലുകൾ എറിഞ്ഞുടച്ചും സമീപത്തെ വീടുകളിൽ നിന്നു പൈപ്പിൽ വെളളം ചീറ്റിച്ചും ശ്രമിച്ചെങ്കിലും പടർന്നു കയറിയ തീയുടെ മുന്നിൽ എല്ലാം വിഫലമായി. ചൂടിൽ വീടിന്റെ ഭിത്തിയിലെ സിമന്റ് ഇളകി വീണു. തറ പൊട്ടിത്തെറിച്ച് ഇളകി മാറി. ഫർണിച്ചറുകൾ ഉരുകിയ സ്ഥിതിയിലാണ്.

Content Highlight: Varkala fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com