മുന്നാക്കക്കാരിലെ പിന്നാക്കം ഹൈസ്കൂൾ വിദ്യാർഥികൾക്ക് 3000 രൂപ സ്കോളർഷിപ് അനുവദിക്കണം
Mail This Article
തിരുവനന്തപുരം ∙ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്ക് 3000 രൂപ സ്കോളർഷിപ് അനുവദിക്കണമെന്നും സ്കൂൾ അധ്യാപക–ഹയർസെക്കൻഡറി അധ്യാപക യോഗ്യതാ പരീക്ഷകളിൽ സാമ്പത്തിക സംവരണ വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് നൽകണമെന്നും ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ കമ്മിഷൻ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
വിദേശ പഠനത്തിനു സ്കോളർഷിപ്പായി 10 ലക്ഷം അനുവദിക്കണം. പിഎസ്‍സി, സഹകരണ സർവീസ് ബോർഡ്, ദേവസ്വം റിക്രൂട്മെന്റ് ബോർഡ് എന്നിവയുടെ പരീക്ഷകളിൽ മുന്നാക്കക്കാർക്ക് പ്രായപരിധി ഇളവ് നൽകണം.
വിദ്യാർഥികൾക്കു നൽകുന്ന സ്കോളർഷിപ്പിന് മന്നത്തു പത്മനാഭൻ, ചട്ടമ്പി സ്വാമികൾ, വി.ടി.ഭട്ടതിരിപ്പാട്, ആർച്ച് ബിഷപ് മാർ ഇവാനിയോസ് തുടങ്ങിയവരുടെ പേരു നൽകണം. സമാനമായ പേരുകൾ നിർദേശിക്കാൻ ബന്ധപ്പെട്ട സംഘടനകൾക്ക് അവസരം നൽകണം.
മുന്നാക്ക വിഭാഗങ്ങളിലെ ചെറുപ്പക്കാർക്ക് കെഎഎസ് ഉൾപ്പെടെ ഉന്നത മത്സര പരീക്ഷകൾക്കായി സൗജന്യ പരിശീലനം നൽകണം. ഇതിന് എല്ലാ ജില്ലകളിലും കോച്ചിങ് സെന്റർ തുടങ്ങണം. കരിയർ ഗൈഡൻസ് പരിപാടിയും നൈപുണ്യവികസനവും നടപ്പാക്കണമെന്നും നിർദേശിച്ചു.
‘മാനദണ്ഡങ്ങൾ ഏകീകരിക്കണം’
തിരുവനന്തപുരം ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാരെ (ഇഡബ്ല്യുഎസ്) നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിലെ വൈരുധ്യം നീക്കി ഏകീകരിക്കണമെന്ന് ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവുകളിലെ അപാകത മാറ്റണം. സർക്കാർ അംഗീകൃത കോഴ്സുകൾക്ക് ഇഡബ്ല്യുഎസ് സംവരണം ഉറപ്പാക്കണം. ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നൽകുന്നതു സേവനാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരണം. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും സംവരണേതര വിഭാഗക്കാർക്ക് ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നൽകാൻ റവന്യു അധികൃതർക്ക് നിർദേശം നൽകണം.
മുന്നാക്ക വിഭാഗ കമ്മിഷന്റെ കാലാവധി 5 വർഷമാക്കണം. അധികാരങ്ങൾ വർധിപ്പിക്കണം. കമ്മിഷൻ അംഗങ്ങൾക്കു പൊതു പ്രവർത്തന സ്വാതന്ത്ര്യം നൽകണം. മുന്നാക്ക ക്ഷേമ വകുപ്പും ഡയറക്ടറേറ്റും രൂപീകരിക്കുന്നതിന് ഒപ്പം ജില്ലാതല ഓഫിസുകളും കലക്ടറേറ്റുകളിൽ സാമ്പത്തിക പിന്നാക്ക വിഭാഗ സെല്ലുകളും രൂപീകരിക്കണം. മുന്നാക്ക വിഭാഗ കമ്മിഷൻ, മുന്നാക്ക ക്ഷേമ കോർപറേഷൻ , ഇഡബ്ല്യുഎസ് സംവരണ വിഭാഗ സെൽ എന്നിവ ക്രോഡീകരിച്ചാണ് സെക്രട്ടേറിയറ്റിൽ പ്രത്യേക വകുപ്പ് രൂപീകരിക്കേണ്ടത്.
സാമ്പത്തിക സംവരണ വിഭാഗത്തിൽപെട്ടവരുടെ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ കമ്മിഷൻ രൂപീകരിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടണം. ഈ വിഭാഗങ്ങൾക്കു ധനസഹായം നൽകാൻ ദേശീയ ധനകാര്യ വികസന കോർപറേഷൻ രൂപീകരിക്കാനും അഭ്യർഥിക്കണം. ആനുകൂല്യങ്ങൾ നടപ്പാക്കാൻ നിതി ആയോഗിലും കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിലും പ്രത്യേക വിഭാഗം വേണം. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികൾ സാമ്പത്തിക സംവരണ വിഭാഗങ്ങൾക്കും അനുവദിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടണം. ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 25,000 കോടിയുടെ ബനവലന്റ് ഫണ്ട് കേന്ദ്രം രൂപീകരിക്കണം.
ഭവന വായ്പ 5 ലക്ഷം വരെ അനുവദിക്കണമെന്ന് ശുപാർശ
തിരുവനന്തപുരം ∙ 4 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുന്നാക്ക സമുദായ അംഗങ്ങൾക്ക് പാർപ്പിട നിർമാണത്തിന് 5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കണമെന്ന് ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ കമ്മിഷൻ ശുപാർശ. ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുമ്പോൾ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിഹിതം നീക്കി വയ്ക്കണം. ജീർണിച്ച വീടുകൾ നവീകരിക്കാൻ സമുന്നതി വഴി 10 കോടി വിതരണം ചെയ്യണം.
മറ്റു ശുപാർശകൾ: മംഗല്യ സമുന്നതി പദ്ധതിക്ക് സ്ഥിരമായി 5 കോടി അനുവദിക്കണം. വനിതാ വികസന കോർപറേഷൻ, മുന്നാക്ക വിഭാഗ വനിതകൾക്ക് നൽകുന്ന വായ്പ 10 ലക്ഷം രൂപയാക്കണം. പാവപ്പെട്ട മുന്നാക്ക വിഭാഗക്കാരിൽ കീമോതെറപ്പി, ഡയാലിസിസ് ചികിത്സകൾക്കു വിധേയരാകുന്നവർക്കും കിടപ്പു രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും ഭവന നിർമാണത്തിനും വിവാഹത്തിനുമുള്ള പദ്ധതിയിൽ 10% മുൻഗണന നൽകണം. വിധവകൾക്കും ഭിന്ന ശേഷിക്കാർക്കും വീടുപണി പൂർത്തിയാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപ വായ്പ അനുവദിക്കണം. 4 ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ള പെൺകുട്ടികളുടെ വിവാഹത്തിന് 3 ലക്ഷം രൂപ വരെ വായ്പ അനുവദിക്കണം.
പ്രഫഷനൽ വിദ്യാഭ്യാസം നേടിയ തൊഴിൽരഹിതർക്ക് സ്റ്റാർട്ട് അപ് തുടങ്ങാൻ 10 ലക്ഷം രൂപ അനുവദിക്കണം. സ്ത്രീകൾക്ക് പലിശനിരക്ക് കുറയ്ക്കണം. സമുന്നതി ബജറ്റ് വിഹിതം 100 കോടിയാക്കണം. സമുന്നതിക്ക് കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ മേഖലാ ഓഫിസുകൾ തുടങ്ങണം. രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായി വിദ്യാഭ്യാസ സമുന്നതിയിൽ 10% നീക്കി വയ്ക്കണം. ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സ്വയം തൊഴിൽ വായ്പ അനുവദിക്കണം. നബാർഡിൽ നിന്നുള്ള മൈക്രോ ഫിനാൻസിങ് വായ്പയ്ക്ക് അമിത പലിശ ഈടാക്കുന്നത് തടയണം. കടാശ്വാസ പദ്ധതികൾ മുന്നാക്ക വിഭാഗക്കാർക്കു മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കണം.
വിദേശത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുമ്പോൾ സാമ്പത്തിക സംവരണക്കാർക്കും മുൻഗണന നൽകണം. എഎവൈ, ബിപിഎൽ, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കായുള്ള കേന്ദ്ര,സംസ്ഥാന പദ്ധതികൾ സംബന്ധിച്ച കൈപ്പുസ്തകം തയാറാക്കി സംഘടനകൾ മുഖേന പ്രചരിപ്പിക്കണം. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുകയും കർമപദ്ധതി നടപ്പാക്കുകയും വേണം.
English Summary: EWS Commission report details