‘ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ ഭാഗത്ത് നിന്ന് ആദ്യ തീപ്പൊരി; ഇലക്ട്രിക് ഹോൾഡറുകൾ ഉരുകി’
Mail This Article
വർക്കല∙ അയന്തി പന്തുവിളയിൽ ഇരുനില വീടിന് അർധരാത്രി തീപടർന്നു കുടുംബത്തിലെ അഞ്ചു പേർ മരിച്ച ദുരന്തത്തിൽ തീ ആദ്യം കണ്ടത് കാർ പോർച്ചിലെ ബൈക്കിലെന്നു സൂചന നൽകി പൊലീസ്. എതിരെയുള്ള വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനയിൽ ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ ഭാഗത്ത് നിന്നു തീപ്പൊരി പടരുന്നതാണ് ആദ്യം കാണുന്നത്.
പുലർച്ചെ 1.46 നാണ് ഈ ദൃശ്യം. പിന്നാലെ ടാങ്ക് പൊട്ടിത്തെറിച്ചു തീ ആളിക്കത്തി മുകളിലേക്ക് ഉയരുന്നതും കാണാം. ഇതോടെ പോർച്ചിനു മേലുള്ള ഇലക്ട്രിക് ഹോൾഡറുകൾ ഉരുകി അതുവഴിയും മുകളിലേക്ക് തീ വ്യാപിച്ചെന്നാണ് നിഗമനം. താഴത്തെ നിലയിൽ നിന്നു മുകളിലേക്കാണ് തീ പടർന്നതെന്നാണു നിഗമനം. അപകടം നടന്ന വീട്ടിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിലും തീപിടർന്നു ഹാർഡ് ഡിസ്കിന് തകരാർ സംഭവിച്ചതിനാൽ ഫൊറൻസിക് ലാബിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.
ക്യാമറ ദൃശ്യങ്ങളിലൊന്നും ആരുടെയും സാന്നിധ്യം കാണാത്തതിനാൽ ആസൂത്രിത നീക്കം ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളുന്നു.
English Summary: Varkala family death; Investigation