കൊച്ചി ജലമെട്രോയ്ക്ക് 150 കോടി; ഉൾനാടൻ ജലപാതയ്ക്ക് 76.55 കോടി
Mail This Article
തിരുവനന്തപുരം ∙ കൊച്ചി ജലമെട്രോ പദ്ധതിക്ക് 150 കോടി രൂപ ഈ വർഷം ലഭ്യമാക്കും. 16 റൂട്ടുകളിലെ 38 ജെട്ടികൾ ഉൾപ്പെടെ 76 കിലോമീറ്റർ ജലപാതയുടെ വികസനമാണ് 682.01 കോടി രൂപ ചെലവുവരുന്ന പദ്ധതി ലക്ഷ്യമിടുന്നത്. 2025 ൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഉൾനാടൻ ജലപാത പദ്ധതിക്കായി 76.55 കോടി രൂപയും നീക്കിവച്ചു.
∙ ജലഗതാഗത മേഖലയിലെ വികസന പ്രവർത്തനത്തിന് 29.79 കോടി
∙ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന് 8.31 കോടി
∙ കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന് 103.56 കോടി
∙ പുതിയ ബോട്ടുകൾ വാങ്ങുന്നതിന് ജലഗതാഗത വകുപ്പിന് 24 കോടി
∙ കൊച്ചിയിൽ പുതിയ റോ–റോ സംവിധാനത്തിന് 10 കോടി
ഫെറി ബോട്ടുകളുടെ 50% സൗരോർജത്തിലേക്ക്
കൊച്ചി ∙ ധനമന്ത്രിയുടെ ‘ഹരിത’ ഇന്ധന ആഭിമുഖ്യം തെളിഞ്ഞതു സോളർ ഫെറി ബോട്ടുകളിലൂടെ. 5 വർഷം കൊണ്ടു സംസ്ഥാനത്തെ ഫെറി ബോട്ടുകളുടെ 50% സൗരോർജത്തിലേക്കു മാറ്റുമെന്ന പ്രഖ്യാപനം യാഥാർഥ്യമായാൽ പരിസ്ഥിതി സംരക്ഷണ വഴിയിൽ പുതിയ മാതൃകയാകും. രാജ്യത്തെ ആദ്യ സോളർ ഫെറി ബോട്ടായ ‘ആദിത്യ’ 5 വർഷം പൂർത്തിയാക്കിയ വേളയിലാണു മന്ത്രിയുടെ പ്രഖ്യാപനം.
കൊച്ചി ആസ്ഥാനമായ നേവൽ എൻജിനീയറിങ് സ്റ്റാർട്ടപ് കമ്പനിയായ നവാൾട്ട് സോളർ ആൻഡ് ഇലക്ട്രിക് ബോട്സ് നിർമിച്ചു കേരള ജലഗതാഗത വകുപ്പിനു കൈമാറിയ ആദിത്യ 2017 ജനുവരി 12 നാണു വൈക്കം – തവണക്കടവ് റൂട്ടിൽ സർവീസ് ആരംഭിച്ചത്. ‘ആദിത്യ’ ഇതിനകം പിന്നിട്ടത് 43,000 കിലോമീറ്റർ. അതും ഒരു ലീറ്റർ ഡീസൽ പോലും ഉപയോഗിക്കാതെ. ലാഭിച്ചത് 1.5 ലക്ഷം ലീറ്റർ ഡീസലും ആ ഇനത്തിൽ ഒരു കോടിയോളം രൂപയും. 400 ടൺ മാലിന്യപ്പുക പുറന്തള്ളുന്നതും ഒഴിവാക്കാനായി. 75 സീറ്റുള്ള ആദിത്യയിൽ 5 വർഷം കൊണ്ടു യാത്ര ചെയ്തത് 15 ലക്ഷം പേരാണ്.
‘പോസിറ്റീവായ നയംമാറ്റമാണു ബജറ്റ് പ്രഖ്യാപനം. ജലഗതാഗത വകുപ്പിനു തന്നെ 100 യാത്രാ ബോട്ടുകളെങ്കിലും ഉണ്ടാകും. വനം, ടൂറിസം തുടങ്ങിയ വകുപ്പുകൾ ഉപയോഗിക്കുന്ന ബോട്ടുകൾ വേറെയും. ഡീസലിനു വിലകൂടുന്ന കാലത്തു പൊതുജലഗതാഗത സംവിധാനങ്ങൾക്കു പിടിച്ചുനിൽക്കാൻ സോളർ സഹായിക്കും’ – നവാൾട്ടിന്റെ അമരക്കാരനായ തൃശൂർ സ്വദേശി സന്ദിത് തണ്ടാശേരി ‘മനോരമ’യോടു പറഞ്ഞു. ജലഗതാഗത വകുപ്പിനു വേണ്ടി 12 സോളർ ഫെറി ബോട്ടുകൾ കൂടി നിർമിച്ചു വരികയാണു നവാൾട്ട്.
സമുദ്ര സുരക്ഷയ്ക്ക് അഞ്ചരക്കോടി
തിരുവനന്തപുരം ∙ മത്സ്യബന്ധന മേഖലയിൽ ആധുനിക വിവരവിനിമയ ഉപകരണങ്ങൾ വാങ്ങുന്നതിന് 75% തുക സർക്കാർ ഗ്രാന്റ് നൽകും. ഇതുൾപ്പെടെ സമുദ്ര സുരക്ഷയ്ക്കു മാത്രമായി 5.50 കോടി രൂപ ബജറ്റിൽ വകയിരുത്തി. മത്സ്യബന്ധന മേഖലയ്ക്കായി 240.60 കോടി രൂപ നീക്കിവച്ചു.
ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബോട്ടുകൾക്ക് ഇന്ധനം ലാഭിക്കാനും, ബാക്ക് അപ് പവർ ലഭിക്കുന്നതിനുമായി പൈലറ്റ് അടിസ്ഥാനത്തിൽ ഒരു കിലോവാട്ട് ഹൈബ്രിഡ് ഊർജ സംവിധാനം ഏർപ്പെടുത്തും. മത്സ്യത്തൊഴിലാളികൾക്കു സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഉൾനാടൻ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുളള വിഹിതം വർധിപ്പിച്ചു. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിക്കായി 16 കോടി രൂപ വകയിരുത്തി. അടിസ്ഥാന സൗകര്യങ്ങൾക്കും മാനവശേഷി വികസനത്തിനുമായി 72 കോടി രൂപ മാറ്റിവച്ചു.
കേരള അക്വ വെഞ്ച്വേഴ്സ് ഇന്റർനാഷനലിനു മത്സ്യവിത്ത് സർട്ടിഫിക്കേഷനായി 50 ലക്ഷം അനുവദിച്ചു. അലങ്കാര മത്സ്യക്കൃഷി പ്രോത്സാഹനത്തിനുളള വിഹിതം 5 കോടി രൂപയാക്കി. അക്വാകൾചർ എക്സ്റ്റൻഷൻ സർവീസസ് പദ്ധതിക്കായി 7.11 കോടി രൂപ മാറ്റിവച്ചു.
Content Highlight: Government of Kerala, Kerala Budget 2022, KN Balagopal