വിലക്കയറ്റം ചെറുക്കാൻ 2000 കോടി
Mail This Article
തിരുവനന്തപുരം ∙ വിലക്കയറ്റ ഭീഷണി അതിജീവിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ബജറ്റിൽ 2000 കോടി രൂപ വകയിരുത്തി. എന്നാൽ, ഇതു സംബന്ധിച്ച പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേന സബ്സിഡിയോടെ സാധനങ്ങൾ നൽകാൻ 250 കോടി രൂപ വരെ സർക്കാർ സഹായം നൽകുന്നുണ്ട്. ഇതിനു പുറമേ നെല്ലു സംഭരണം, കർഷകർക്കു നൽകുന്ന വിവിധ ആനുകൂല്യങ്ങൾ, കൃഷി വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികൾ, റേഷൻ സാധനങ്ങളുടെ വിതരണത്തിനായി വരുന്ന ചെലവ്, ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ എന്നിവയ്ക്കായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയുടെ ആകെ കണക്കാണ് ഇതെന്നാണു വിലയിരുത്തൽ.
ഒരു കുടുംബം ഒരു സംരംഭം
കുടുംബങ്ങളെ സംരംഭകരാക്കുന്ന ‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിക്ക് 7 കോടി രൂപ വകയിരുത്തി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു പിപിപി മാതൃകയിൽ വ്യവസായ പാർക്ക് വികസിപ്പിക്കുന്നതിനുളള വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കും. 25 പാർക്കുകളുടെ വികസനത്തിനായി 5 കോടി രൂപ. ഇലക്ട്രോണിക് ഹാർഡ്‍വെയർ ടെക്നോളജീസ് ഹബ് സ്ഥാപിക്കുന്നതിന് 28 കോടി രൂപ.
ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ
വിവിധ വകുപ്പുകളുമായി സഹകരിച്ച് പുതിയ ഒരു ലക്ഷം സംരംഭങ്ങൾ സാധ്യമാക്കും. 3 മുതൽ 5 ലക്ഷം വരെ തൊഴിലവസരങ്ങൾ ഉടലെടുക്കും. ഇന്നവേഷൻ ആക്സിലറേഷൻ പ്രോഗ്രാമിന് 7 കോടി,ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് 20 കോടി, സൂക്ഷ്മ യൂണിറ്റുകൾ ചെറുകിട യൂണിറ്റായും, ചെറുകിട യൂണിറ്റുകൾ ഇടത്തരം യൂണിറ്റായും ഉയർത്തുന്നതിനു 11.40 കോടി രൂപ ധനസഹായം എന്നിവ ലഭിക്കും.
പട്ടിക വിഭാഗങ്ങൾക്ക് തൊഴിൽ പദ്ധതി
തിരുവനന്തപുരം ∙ പട്ടിക വിഭാഗങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസം നേടിയവർക്കായി പുതിയ തൊഴിൽ പദ്ധതി. എൻജിനീയറിങ്, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ള യുവാക്കൾക്ക് (35 വയസ്സ് വരെ) തദ്ദേശ സ്ഥാപനങ്ങളിൽ അക്രഡിറ്റഡ് എൻജിനീയർ അല്ലെങ്കിൽ ഓവർസീയർമാരായി 2 വർഷത്തെ കരാർ നിയമനം നൽകും.
Content Highlight: Government of Kerala, Kerala Budget 2022, KN Balagopal