സിപിഎം നയംമാറ്റം ബജറ്റിലും; പുതുലൈൻ
Mail This Article
തിരുവനന്തപുരം ∙ ഭൂമിയേറ്റെടുക്കലിന് 2000 കോടി രൂപ അനുവദിച്ചു സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടെന്നു വ്യക്തമാക്കിയും 5000 കോടി രൂപയുടെ മറ്റു പശ്ചാത്തല വികസനപദ്ധതികൾ പ്രഖ്യാപിച്ചും സംസ്ഥാന ബജറ്റ്. സിപിഎമ്മിന്റെ പുതിയ വികസനനയം ഉയർത്തിപ്പിടിക്കുന്നതാണ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികൾ. വ്യവസായമേഖലയിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ കിൻഫ്രയ്ക്ക് 332.53 കോടി രൂപ അനുവദിച്ചു. റോഡിനും പാലത്തിനുമായി 1207.23 കോടി രൂപയാണു മാറ്റിവച്ചത്.
സിൽവർലൈന് 2000 കോടി
സ്വപ്നപദ്ധതിയായ സിൽവർലൈനു നീക്കിവയ്ക്കുന്ന ഏറ്റവും വലിയതുക. കിഫ്ബിയിൽനിന്നാണു പണം. ഭൂമിയേറ്റെടുക്കലിനുള്ള ഓഫിസ് പ്രവർത്തനങ്ങൾക്കായി നേരത്തേ 20.5 കോടി രൂപ അനുവദിച്ചിരുന്നു. കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെങ്കിലും ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടെന്നു വ്യക്തമാക്കുകയാണു സർക്കാർ. പദ്ധതിച്ചെലവായ 63,940 കോടിയിൽ ഭൂമിയേറ്റെടുക്കലിനു മാത്രം 13,265 കോടി വേണ്ടിവരും.
4 സയൻസ് പാർക്കിന് 1000 കോടി
തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലെ രാജ്യാന്തര വിമാനത്താവളങ്ങൾക്കു സമീപം ഇരട്ട ബ്ലോക്കുകളുള്ള സയൻസ് പാർക്കുകൾ സ്ഥാപിക്കും. ഡിജിറ്റൽ സർവകലാശാലയ്ക്കു സമീപം സ്ഥാപിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്കാണു നാലാമത്തേത്. ഓരോന്നിനും 200 കോടി രൂപ ചെലവു വരും. പാർക്കുകൾ സജ്ജീകരിക്കുന്നതിന് 200 കോടി രൂപയുടെ ഉപകരണ സംഭരണ ഫണ്ട് രൂപീകരിക്കും. പാർക്കിൽ രണ്ടു ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ടാകും. മൂന്നു വർഷത്തിനുള്ളിൽ നാലും പൂർത്തീകരിക്കും. ഐടി പാർക്കുകളിലാകും സയൻസ് പാർക്ക് സ്ഥാപിക്കുക. പാർക്കുകൾ സജ്ജമാക്കുന്നതിനു കേരള സയൻസ് പാർക്സ് എന്ന പേരിൽ പുതിയ കമ്പനി രൂപീകരിക്കും.
ആറു ബൈപാസ്, 20 ജംക്‌ഷൻ
ആറു ബൈപാസുകൾ നിർമിക്കാനും സ്ഥലമേറ്റെടുക്കുന്നതിനുമായി കിഫ്ബി വഴി 200 കോടി രൂപ. സംസ്ഥാനത്തെ ഏറ്റവും ഗതാഗതക്കുരുക്കുള്ള 20 ജംക്‌ഷനുകൾ കണ്ടെത്തി വികസിപ്പിക്കും. സ്ഥലമേറ്റെടുപ്പിനും പദ്ധതിക്കുമായി ഈ വർഷം കിഫ്ബി വഴി 200 കോടി. 2022-23 കാലയളവിൽ നടപ്പാക്കേണ്ട മറ്റു ഗതാഗത സംവിധാനങ്ങൾക്കായി 200.58 കോടി രൂപ വകയിരുത്തി.
ഔട്ടർ റിങ് റോഡിന് 1000 കോടി
എൻഎച്ച് 66ൽ പാരിപ്പള്ളിക്കു സമീപം നാവായിക്കുളത്തുനിന്ന് ആരംഭിച്ച് വിഴിഞ്ഞം ബൈപാസിൽ അവസാനിക്കുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡ് (78.88 കിലോമീറ്റർ). ഭാവിയിൽ ആറുവരിപ്പാതയാക്കാൻ ലക്ഷ്യമിട്ടുള്ള രൂപകൽപന. 4500 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി ഭാരത്‌മാല പര്യോജനയിൽ ഉൾപ്പെടുത്തി ദേശീയപാത അതോറിറ്റിയാണു നടപ്പാക്കുന്നത്. ഭൂമിയേറ്റെടുക്കലിന് എൻഎച്ച്എഐ പ്രത്യേക ഓഫിസ് തുറന്നു. ഭൂമിയേറ്റെടുക്കലിന്റെ പകുതി ചെലവ് കേരളം വഹിക്കണം. ഈ തുക കിഫ്ബി വഴി നൽകുമെന്നാണു ബജറ്റ് പ്രഖ്യാപനം. തിരുവനന്തപുരം – അങ്കമാലി എംസി റോഡിന്റെയും കൊല്ലം – ചെങ്കോട്ട റോഡിന്റെയും വികസനത്തിനു കിഫ്ബി വഴി 1500 കോടി രൂപ അനുവദിക്കും.
10 പദ്ധതി: 507 കോടി
വിഴിഞ്ഞം ടെർമിനൽ, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, 35–ാം ദേശീയ ഗെയിംസ് ആന്വിറ്റി സ്കീം, കൊച്ചി സംയോജിത ജലഗതാഗത സംവിധാനം, കോടതികളുടെ പശ്ചാത്തല വികസനം, കെ–റെയിൽ പദ്ധതികൾ, കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ് എന്നിവയ്ക്ക് 507 കോടി.
എയർ സ്ട്രിപ് ശൃംഖല
വിനോദസഞ്ചാരികൾക്കായി 20–40 സീറ്റ് വിമാനങ്ങൾ, ഹെലികോപ്റ്റർ എന്നിവയ്ക്കായി എയർ സ്ട്രിപ്പുകളുടെ ശൃംഖല സ്ഥാപിക്കും. ഓരോ എയർ സ്ട്രിപ്പിനും 125 കോടി രൂപ ചെലവ് വരും. പഠന റിപ്പോർട്ട് തയാറാക്കാൻ 5 കോടി രൂപ അനുവദിച്ചു. ഇടുക്കി, വയനാട്, കാസർകോട് എയർ സ്ട്രിപ് പദ്ധതികളുടെ ഡിപിആർ തയാറാക്കാൻ 4.51 കോടി. ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള പ്രാരംഭ പ്രവർത്തനത്തിനു 2 കോടി വകയിരുത്തി.
Content Highlight: Government of Kerala, Kerala Budget 2022, KN Balagopal