ADVERTISEMENT

തിരുവനന്തപുരം ∙ ഗ്രാമവികസന മേഖലയ്ക്കാകെ 6096.30 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ഇതു മുൻ വർഷത്തെക്കാൾ 130 കോടി രൂപ അധികമാണ്. നഗരവികസന മേഖലയ്ക്ക് 1795.26 കോടി രൂപയും വകയിരുത്തി. 15–ാം കേന്ദ്ര ധനകാര്യ കമ്മിഷൻ അനുവദിച്ചിട്ടുള്ള ഗ്രാന്റ് ഉൾ‌പ്പെടെ ആകെ 12,903 കോടി രൂപ പ്രാദേശിക സർക്കാരുകൾക്ക് വകയിരുത്തി. ഇതിൽ വാർഷിക പദ്ധതിയിൽ നിന്നുള്ള വികസന ഫണ്ട് വിഹിതമായ 8048 കോടി രൂപയും ജനറൽ പർപ്പസ് ഫണ്ട് ഇനത്തിലുളള 1850 കോടി രൂപയും മെയിന്റനൻസ് ഫണ്ട് ഇനത്തിൽ 3005 കോടി രൂപയും ഉൾപ്പെടുന്നു. 

പ്രധാന പദ്ധതികൾ: 

∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (കില) വികേന്ദ്രീകരണ സർവേ പൂർത്തിയാക്കാൻ 33 കോടി രൂപ. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 12 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും. 

∙ നബാർഡ് – ആർഐഡിഎഫ് പ്രോജക്ടുകളിൽ ചെറുകിട പദ്ധതികൾ നടപ്പാക്കാൻ കാലതാമസം നേരിടുന്നതിനാൽ വാണിജ്യപരമായി വിജയസാധ്യതയുളളതും വരുമാനം ഉറപ്പു വരുത്തുന്നതുമായ 100 കോടിയോ അതിന് മുകളിലോ അടങ്കൽ വരുന്ന മെഗാ പ്രോജക്ടുകൾ നടപ്പാക്കും. 

∙കേരള ഗ്രാമീൺ ബാങ്കിൽ സംസ്ഥാന സർക്കാരിന്റെ അധിക വിഹിതമായി 91.75 കോടി രൂപ വകയിരുത്തി.

∙ ഖാദി പട്ടിന്റെ ഉൽപാദനം ശക്തിപ്പെടുത്താൻ പദ്ധതി. ഖാദി വ്യവസായത്തിന് 16.10 കോടി രൂപ. 

∙കൈത്തറി മേഖലയ്ക്ക് 40.56 കോടി രൂപയും യന്ത്രത്തറി മേഖലയ്ക്ക് 16.17 കോടി രൂപയും. കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്ക് അനുവദിക്കുന്ന 140 കോടി രൂപ ഇതിനു പുറമേ. 

നഗരമേഖലയിലെ പദ്ധതികൾ

∙ 2015 ൽ രൂപീകരിച്ച 28 പുതിയ മുനിസിപ്പാലിറ്റികളുടെ ഓഫിസ് കെട്ടിട നിർമാണത്തിന് 8 കോടി രൂപ.

∙ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വർഷം 50 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിക്കും. 125 കോടി രൂപ വകയിരുത്തി.

∙ കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലെ വിവിധ റോഡുകളുടെ വികസന പദ്ധതികൾക്കായി ഡിപിആർ തയാറാക്കാൻ 5 കോടി രൂപ.

∙ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിച്ചിട്ടുള്ളതും 5 വർഷം കൊണ്ടു നടപ്പാക്കുന്നതുമായ 2100 കോടി രൂപയുടെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിക്ക് വരുന്ന സാമ്പത്തിക വർഷം 100 കോടി രൂപ.

‌∙റീബിൽഡ് കേരള ഇനിഷ്യേറ്റീവുമായി ബന്ധപ്പെട്ട് 1600 കോടി രൂപ,1550 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ, പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോൾ ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്യുന്നതിനായി ഏകീകൃത റജിസ്റ്റർ, തകർന്ന 1260 കിലോ മീറ്ററിലധികം റോഡുകളുടെ പുനർനിർമാണം എന്നിവ പ്രധാന പദ്ധതികൾ.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com