ഭൂ‘കമ്പം’: വരുമാനം കൂട്ടാൻ കണ്ണ് ഭൂമിയിൽ; ന്യായവിലയിൽ 10% വർധന
Mail This Article
തിരുവനന്തപുരം ∙ 2 വർഷത്തിനു ശേഷം വീണ്ടും ഭൂമിയുടെ ന്യായവില വർധിപ്പിച്ചതോടെ സ്ഥലമിടപാടുകാർക്കു ചെലവേറും. കഴിഞ്ഞ തവണ കൂട്ടാത്തതു കൂടി ചേർത്ത് 20% വർധനയാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും 10 ശതമാനത്തിലൊതുക്കി. ദേശീയപാത, മെട്രോ റെയിൽ, റോഡ് തുടങ്ങിയവയ്ക്കായി ഒട്ടേറെ ഇടങ്ങളിൽ സ്ഥലം ഏറ്റെടുത്തതിനാൽ അവയ്ക്കു സമീപം ഭൂമിയുടെ വിപണിവില കാര്യമായി വർധിച്ചെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതു കണക്കിലെടുത്ത് ന്യായവിലയിലെ അപാകതകൾ പരിഹരിക്കാൻ ഉന്നതതല സമിതി രൂപീകരിക്കും. 200 കോടിയോളം രൂപയുടെ അധിക വരുമാനമാണ് ന്യായവില വർധനയിലൂടെ പ്രതീക്ഷിക്കുന്നത്.
ന്യായവിലയുടെ 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്ട്രേഷൻ ഫീസുമുണ്ട്. 2010 ലാണു സംസ്ഥാനത്തു ഭൂമിയുടെ ന്യായവില നിർണയിച്ചത്. പലവട്ടം കൂട്ടിയതു കാരണം 2010 ലെ വിലയുടെ 199.65 ശതമാനമായി ഇപ്പോൾ ആകെ വർധന. കണക്കു കൂട്ടാൻ എളുപ്പത്തിനായി ഇത് 200% ആയാണ് ഇപ്പോൾ ഇൗടാക്കുന്നത്. ഇനി 210 ശതമാനമാകും. ഏപ്രിൽ 1 മുതൽ പുതിയ ന്യായവില വരുന്നതിനാൽ വരുന്ന രണ്ടാഴ്ച ഒട്ടേറെ ഭൂമിയിടപാടുകൾക്കു സാധ്യതയുണ്ട്.
ന്യായവില 10% വർധിക്കുമ്പോൾ റജിസ്ട്രേഷൻ ചെലവിലെ വർധന
10,000 100
25,000 250
50,000 500
75,000 750
1 ലക്ഷം 1,000
2 ലക്ഷം 2,000
3 ലക്ഷം 3,000
4 ലക്ഷം 4,000
5 ലക്ഷം 5,000
10 ലക്ഷം 10,000
Content Highlight: Government of Kerala, Kerala Budget 2022, KN Balagopal