ADVERTISEMENT

25 വർഷത്തെ ദീർഘവീക്ഷണത്തോടു കൂടിയ ബജറ്റാണിത്. എങ്ങനെ ഒരു വിജ്ഞാന സമ്പദ്‌ഘടനയായി മാറാമെന്നാണു ബജറ്റിന്റെ ഊന്നൽ. ചെറിയ സംസ്ഥാനമായതിനാൽ വൻകിട വ്യവസായങ്ങൾക്കുള്ള സാധ്യത കുറവാണ്. സംസ്ഥാനം പരിസ്ഥിതി ലോലവുമാണ്. അതുകൊണ്ട് ഏറ്റവും യോജിച്ചതാണ് വിജ്ഞാന സമ്പദ്ഘടന. 

ഇതിലേക്കുള്ള ദിശാരേഖ യുഡിഎഫ് സർക്കാർ 2012 ൽ സൃഷ്ടിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ ദിശാമാറ്റവും ബജറ്റിൽ കാണാനാകും. സ്വകാര്യ– പൊതുപങ്കാളിത്തത്തിന് പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്. വിജ്ഞാന സമ്പദ്ഘടനയെ മറ്റു മേഖലകളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുവെന്നതാണ് സവിശേഷത. സർവകലാശാലകളോടു ചേർന്നുള്ള ഇന്നവേഷൻ സെന്ററുകൾ, സ്റ്റാർട്ടപ്പ് ഹബ്, ഇന്റേൺഷിപ് എന്നിവ വിദ്യാർഥികളുടെ നൈപുണ്യവികസനം സാധ്യമാക്കും.

റബർ സബ്സിഡി 500 കോടി രൂപയായി നിലനിർത്തിയത് 10 ലക്ഷം കർഷകർക്ക് ആശ്വാസമാകും. നെല്ലിന്റെ താങ്ങുവിലയിലെ ചെറിയ വർധനയും തള്ളിക്കളയാനാവില്ല. തോട്ടവിളകളുടെ ചാക്രികമായ വിലത്തകർച്ചയ്ക്കു പരിഹാരമായി ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ വലിയ മാറ്റമുണ്ടാക്കും. ഔഷധച്ചെടികൾ, ഫലവർഗങ്ങൾ എന്നിവയെല്ലാം ഇടവിളക്കൃഷിയായി വരും.

കേരളത്തിന്റെ പ്രധാനപ്പെട്ട തനതു വരുമാനമാർഗമാണു മദ്യം. എന്നാൽ സംസ്ഥാനത്തു മദ്യമുണ്ടാക്കുന്നില്ല. കപ്പ, പൈനാപ്പിൾ, കശുമാങ്ങ എന്നിവയിൽ നിന്നു മദ്യമുണ്ടാക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. ഇതു മികച്ച ചുവടുമാറ്റമാണ്. ഇന്നവേഷൻ മിഷൻ, സ്കിൽ ഡവലപ്മെന്റ് കേന്ദ്രങ്ങൾ എന്നിങ്ങനെ വ്യവസായത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒട്ടേറെ പദ്ധതികളുണ്ട്. ഐടി മേഖലയ്ക്കും മികച്ച ഊന്നൽ ലഭിച്ചു. 

വ്യവസായത്തിന് ഊന്നൽ കൊടുക്കുമ്പോഴും എന്തുകൊണ്ട് മാതമംഗലം ആവർത്തിക്കുന്നുവെന്നതു വലിയ ചോദ്യമായി തുടരുന്നു. നോക്കുകൂലിക്കു മൂക്കുകയറിടാൻ കോടതി പറഞ്ഞിട്ടും സാധിക്കാത്ത സർക്കാർ എങ്ങനെ മികച്ച വ്യവസായ സംസ്കാരം വളർത്തിയെടുക്കുമെന്നു കാത്തിരുന്നു കാണണം.

ദിശാബോധമുള്ള ബജറ്റിനു മുകളിൽ കരിനിഴൽ പരത്തി നിൽക്കുകയാണ് കിഫ്ബി വഴിയുള്ള വായ്പ. ബജറ്റിനകത്തു തന്നെ കടം ആകെ ആഭ്യന്തര വരുമാനത്തിന്റെ 37.1 ശതമാനമായെന്നു മന്ത്രി പറയുന്നു. ഫിസ്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് ആക്ട് പ്രകാരം സഞ്ചിത കടം ജിഎസ്ഡിപിയുടെ 29 ശതമാനം വരെയേ ആകാവൂ. ഈ കടം പേടിപ്പെടുത്തുമ്പോഴാണ് 70,762 കോടി രൂപയുടെ കിഫ്ബി വഴിയുള്ള ആകെ വായ്പ.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com