ADVERTISEMENT

തിരുവനന്തപുരം ∙ കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ എന്നിവയോടു ചേർന്ന് ചെറിയ വ്യവസായ യൂണിറ്റുകൾ, സ്റ്റാർട്ട് അപ്പുകൾ എന്നിവ സജ്ജീകരിക്കുമെന്നു ബജറ്റ്. 

വിദ്യാർഥികൾക്ക് ഉൽപാദനപ്രക്രിയയിൽ പങ്കാളികളായി വരുമാനമുണ്ടാക്കാൻ കഴിയും. 14 ജില്ലകളിലും ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാൻ 25 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങവ്ക്കു സ്കിൽ കോഴ്സുകൾ ഏറ്റെടുക്കുന്നതിനു പ്രോത്സാഹനം നൽകും. 140 നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കും. കെ ഡിസ്ക്കുമായി സഹകരിച്ച് കോഴ്സുകൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ കിഫ്ബിയിൽനിന്നു 140 കോടി നൽകും. 

സർവകലാശാലാ ക്യാംപസുകളിൽ ട്രാൻസ്‌ലേഷനൽ റിസർച് സെന്ററുകൾ വികസിപ്പിക്കും. ഇവയോടുചേർന്ന് സ്റ്റാർട്ട് അപ്, ഇൻക്യുബേഷൻ സെന്ററുകൾ സജ്ജമാക്കും. 10 സർവകലാശാലകൾക്ക് ഇതിനായി 20 കോടി രൂപ വീതം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കും. 

സർവകലാശാലകളിൽ പുതിയ ഹ്രസ്വകാല കോഴ്സുകളും പിജി കോഴ്സുകളും പ്രോജക്ട് മോഡിൽ ആരംഭിക്കും.  5 വർഷത്തേക്കു വിഭാവനം ചെയ്യുന്ന പദ്ധതിയിൽ ഓരോ യൂണിവേഴ്സിറ്റിയിലും 3 പ്രോജക്ടുകൾ വീതം ഈ വർഷം അനുവദിക്കും. ഇതിന് 20 കോടി അനുവദിച്ചു. ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് 150 പേർക്കു നൽകും. 

കേരള, എംജി, കൊച്ചി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലാ ക്യാംപസുകളിൽ 1500 പുതിയ ഹോസ്റ്റൽ മുറികളും 250 ഇന്റർനാഷനൽ ഹോസ്റ്റൽ മുറികളും നിർമിക്കുന്നതിന് 100 കോടി രൂപ അനുവദിച്ചു. ‘ഹരിത ക്യാംപസ്’ പദ്ധതിയിൽ കോളജുകളിലും അനുബന്ധ സ്ഥാപനങ്ങളിലും സോളർ മേൽക്കൂര സ്ഥാപിക്കും.  കേരള സർവകലാശാലയിലെ സെന്റർ ഫോർ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസിന്റെ പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക്  2 കോടി വകയിരുത്തി. 

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com