ജില്ലകളിൽ സ്കിൽ; സ്കിൽ പാർക്കുകൾക്കു കിഫ്ബി വഴി ഭൂമി ഏറ്റെടുക്കും
Mail This Article
തിരുവനന്തപുരം ∙ നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സ്കിൽ പാർക്കുകൾ സ്ഥാപിക്കുമെന്നു ബജറ്റ്. 5 എണ്ണം ഐസിടി അക്കാദമി ഓഫ് കേരളയുടെയും 5 എണ്ണം അസാപ് കമ്പനിയുടെയും 4 എണ്ണം കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെയും ചുമതലയിലായിരിക്കും. കിഫ്ബി തുക ഉപയോഗിച്ച് ഓരോ പാർക്കിനും 10-15 ഏക്കർ ഭൂമി ഏറ്റെടുക്കും. വൈദഗ്ധ്യം തെളിയിച്ച പ്രമുഖ സ്ഥാപനങ്ങൾക്കായി സ്‌കിൽ പാർക്കിലെ സ്ഥലത്തിന്റെ 50% മാറ്റിവയ്ക്കും.
ഭാവി സംരംഭകർക്കു യൂണിറ്റ് സ്ഥാപിക്കുന്നതിന് ആദ്യ 5 വർഷത്തേക്കു സബ്‌സിഡിയും മറ്റു സൗകര്യങ്ങളും നൽകും. കിഫ്ബി ഇൻഫ്രാസ്ട്രക്ചർ ലാൻഡ് പൂളിൽ നിന്നുള്ള ഫണ്ടിന്റെ തിരിച്ചടവ് 30 വർഷത്തേക്ക് 5% സബ്‌സിഡി നിരക്കിൽ ആയിരിക്കും. ട്രെയിനികളിൽനിന്ന് ഈടാക്കുന്ന ഫീസും നൈപുണ്യ ദാതാക്കളിൽനിന്ന് ഈടാക്കുന്ന വാടകയും മിതമായിരിക്കും. പട്ടിക വിഭാഗക്കാർ, മത്സ്യത്തൊഴിലാളികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർമാർ എന്നിവർക്കു ഫീസ് സബ്‌സിഡി നൽകും. മെറിറ്റ് സ്കോളർഷിപ് സ്കീമുകളും പലിശ സബ്‌സിഡിയും നടപ്പാക്കും.
ജില്ലാ സ്കിൽ പാർക്കുകൾക്കായി കിഫ്ബി വഴി 350 കോടി അനുവദിച്ചു. കഴക്കൂട്ടത്തും കളമശേരിയിലുമുള്ള അസാപ് സ്കിൽ പാർക്കുകളിൽ ഓഗ്‍മെന്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി ലാബുകൾ സ്ഥാപിക്കുന്നതിന് 35 കോടി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 മുതൽ 23 വരെ പ്രായമുള്ളവരുടെ മൊത്ത പ്രവേശന അനുപാതം അടുത്ത 5 വർഷം കൊണ്ട് 19.4 ശതമാനത്തിൽ നിന്ന് 32% ആയി ഉയർത്തും. പരീക്ഷാ പരിഷ്കരണം നടപ്പാക്കും. റൂസ പദ്ധതിയുടെ ഭാഗമായ ഇതിനു സംസ്ഥാന വിഹിതമായി 50 കോടി അനുവദിച്ചു.
സ്കൂളുകളുടെയും കോളജുകളുടെയും വികസന പ്രവർത്തനങ്ങൾക്കു ഫോർമർ സ്റ്റുഡന്റ് വീക്ക് (അലമ്നൈ വീക്ക്) എന്ന പരിപാടി എല്ലാ വർഷവും ഡിസംബറിൽ സംഘടിപ്പിക്കും. ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ പഠന വസ്തുക്കളുടെ തയാറാക്കൽ, അക്കാദമിക് ബ്ലോക്കിന്റെ നവീകരണം, സൈബർ സെന്റർ, പ്രാദേശിക കേന്ദ്രങ്ങൾ, പഠനകേന്ദ്രങ്ങൾ എന്നിവയ്ക്കായി 7 കോടി വകയിരുത്തി. സർവകലാശാലയുടെ ആസ്ഥാന മന്ദിര നിർമാണം അടുത്ത സാമ്പത്തികവർഷം ആരംഭിക്കും. ഓപ്പൺ സർവകലാശാല,സാങ്കേതിക സർവകലാശാല, മലയാളം സർവകലാശാല എന്നിവയുടെ ആസ്ഥാന മന്ദിര നിർമാണത്തിനു തുക വകയിരുത്തി. കോട്ടയത്തെ സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറി നിർമിക്കുന്നതിന് 3 കോടി അനുവദിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റിനു കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കും പിണറായിയിലെ ഐഎച്ച്ആർഡി കോളജിനുമായി 22.80 കോടി അനുവദിച്ചു. അക്കാദമിക് എക്സ്റ്റൻഷൻ പ്രവർത്തനങ്ങൾക്കും ഇൻക്യുബേഷൻ യൂണിറ്റുകൾക്കും 10 കോടിയും എൻജിനീയറിങ് കോളജുകളുടെ വികസനത്തിന് 37.60 കോടിയും പോളിടെക്നിക് കോളജുകളുടെ വികസനത്തിന് 42 കോടിയും നൽകും.
Content Highlight: Government of Kerala, Kerala Budget 2022, KN Balagopal