ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി എല്ലാ ദിവസവും
Mail This Article
തിരുവനന്തപുരം ∙ കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഞായറാഴ്ചകളിൽ നിർത്തിവച്ചിരുന്ന സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് പുനരാരംഭിക്കുന്നു. ഏപ്രിൽ മൂന്നാമത്തെ ഞായറാഴ്ച നറുക്കെടുപ്പ് ആരംഭിക്കും. ഇതോടെ സംസ്ഥാനത്ത് എല്ലാ ദിവസവും നറുക്കെടുപ്പ് തിരിച്ചുവരും.
പ്രതിവാര ലോട്ടറി ടിക്കറ്റുകളുടെ വില 40 രൂപയിൽനിന്ന് 50 രൂപയാക്കുന്നതിനെക്കുറിച്ചും ആലോചന തുടങ്ങി. സമ്മാനത്തുക കൂട്ടാനും നീക്കമുണ്ട്. അച്ചടിക്കുന്ന ടിക്കറ്റുകൾ മുഴുവൻ വിറ്റുതീരുന്നതും കൂടുതൽ ടിക്കറ്റ് വേണമെന്ന് ഏജന്റുമാർ ആവശ്യപ്പെടുന്നതും പരിഗണിച്ചാണിത്.
നറുക്കെടുപ്പ് ഞായറാഴ്ചകളിൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലോട്ടറി മേഖലയിലെ സംഘടനകളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചർച്ച നടത്തി. സംഘടനകൾ അനുകൂല നിലപാടാണ് എടുത്തത്. ഞായറാഴ്ചകളിലെ ഭാഗ്യക്കുറി പുതിയ പേരിൽ ആരംഭിക്കാനാണ് ആലോചിക്കുന്നതെന്നു സംസ്ഥാന ലോട്ടറി ഡയറക്ടർ ഏബ്രഹാം റെൻ പറഞ്ഞു.
‘പൗർണമി’ ഭാഗ്യക്കുറിയാണ് മുൻപു ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്നത്. കോവിഡിനെ തുടർന്ന് നിർത്തിവച്ച നറുക്കെടുപ്പുകൾ പുനരാരംഭിച്ചപ്പോഴും ഇതുമാത്രം ഒഴിവാക്കി. പകരം മാസത്തിലൊരിക്കൽ ‘ഭാഗ്യമിത്ര’ ലോട്ടറി തുടങ്ങിയെങ്കിലും 6 മാസം മുൻപ് അതും നിർത്തി.
നിലവിൽ 6 ഭാഗ്യക്കുറികൾ
തിങ്കൾ മുതൽ ശനി വരെ യഥാക്രമം ‘വിൻവിൻ’, ‘സ്ത്രീശക്തി’, ‘അക്ഷയ’, ‘കാരുണ്യ പ്ലസ്’, ‘നിർമൽ’, ‘കാരുണ്യ’ എന്നീ ഭാഗ്യക്കുറികളാണ് ഇപ്പോൾ നറുക്കെടുക്കുന്നത്. പുറമേ വർഷത്തിൽ 6 ബംപർ ഭാഗ്യക്കുറികളുമുണ്ട്. 6 കോടി ഒന്നാം സമ്മാനത്തുകയുള്ള സമ്മർ ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 20 നു നടക്കും.
Content Highlight: Lottery