പോക്സോ കേസ്: സൈജു തങ്കച്ചനും കീഴടങ്ങി; ഹോട്ടലിലെത്തിച്ചു തെളിവെടുത്തു
Mail This Article
കൊച്ചി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാം പ്രതി സൈജു എം.തങ്കച്ചൻ കീഴടങ്ങി. അതേസമയം, ഒന്നാം പ്രതിയും നമ്പർ 18 ഹോട്ടലുടമയുമായ റോയ് ജെ. വയലാറ്റിനെ എറണാകുളം അഡീ. സെഷൻസ് കോടതി റിമാൻഡ് ചെയ്തു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജഡ്ജി കെ. സോമൻ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആശുപത്രിയിൽ തന്നെ പ്രതിയെ റിമാൻഡ് ചെയ്തത്. പരിശോധനകൾ പൂർത്തിയാക്കി രാത്രി വൈകി ആശുപത്രിവിട്ട റോയിയെ കാക്കനാട് ജില്ലാ ജയിലിലാക്കി. റോയിയെ കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത ദിവസം പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
സൈജുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണു കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിൽ െസെജു കീഴടങ്ങിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൈജുവിനെ നമ്പർ 18 ഹോട്ടലിലെത്തിച്ചു തെളിവെടുത്തു. കേസിൽ റോയിയുടെയും കൂട്ടുപ്രതി സൈജു എം.തങ്കച്ചന്റെയും മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് ഇരുവരും അടുത്തടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങിയത്.
പ്രതികളെ ഒരുമിച്ചു ചോദ്യം ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്കു വേണ്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു റോയിയുടെ രക്തസമ്മർദം ഉയർന്നതായി ഡോക്ടർമാർ അറിയിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
സൈജുവിനെ പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യാനായി 2 ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ നൽകി. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റീമദേവിനോടു ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. നാളെ സൈജുവിനൊപ്പം അഞ്ജലിയെ ചോദ്യം ചെയ്യും. അഞ്ജലിക്കു മാത്രം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
English Summary: No 18 hotel POCSO case accused Saiju Thankachan surrenders