സ്വാതന്ത്ര്യസമര നിഘണ്ടു: മലബാർ കലാപ രക്തസാക്ഷികളെ ഒഴിവാക്കി
Mail This Article
ന്യൂഡൽഹി ∙ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, തിരൂരങ്ങാടിയിലെ ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശയ്ക്കു ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) അംഗീകാരം നൽകി. ഇന്നലെ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലെ തീരുമാനം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കൈമാറും. മലബാർ കലാപ രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാവും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ (1857–1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പു തയാറാക്കുക.
ഐസിഎച്ച്ആർ ഡയറക്ടർ (റിസർച് ആൻഡ് അഡ്മിനിസ്ട്രേഷൻ) ഓംജീ ഉപാധ്യായ്, ഐസിഎച്ച്ആർ അംഗവും കോട്ടയം സിഎംഎസ് കോളജ് റിട്ട. പ്രഫസറുമായ സി.ഐ. ഐസക്, ഐസിഎച്ച്ആർ അംഗം ഡോ. ഹിമാൻഷു ചതുർവേദി എന്നിവരുടെ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണു കൗൺസിൽ പൊതുയോഗം അന്തിമാംഗീകാരം നൽകിയത്.
ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളുടെ പേരുകൾ ഉൾപ്പെടുന്നതാണു സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവിന്റെ അഞ്ചാം ഭാഗം.
മലബാർ കലാപത്തിൽ പങ്കെടുത്തവരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ നിലനിർത്തരുതെന്നു വാദമുയർന്നപ്പോഴാണു ഐസിഎച്ച്ആർ മൂന്നംഗ സമിതിയെ നിയമിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു സമിതി റിപ്പോർട്ട് നൽകിയത്. കോവിഡ് സാഹചര്യത്തിൽ ജനറൽ കൗൺസിൽ കൂടാൻ വൈകുകയായിരുന്നു.
English Summary: Malabar Rebellion martyrs’ removed from the Dictionary of Martyrs of India’s Freedom Struggle