ADVERTISEMENT

തിരുവനന്തപുരം ∙ നിർദിഷ്ട സിൽവർലൈൻ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമാണെന്നു സർക്കാർ വിജ്ഞാപനത്തിൽതന്നെ വ്യക്തം. പദ്ധതിക്കായി ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്നു സർക്കാർ ആവർത്തിക്കു‍മ്പോഴാണ് ഏറ്റെടുക്കേണ്ട ഭൂമിയിലെ മരങ്ങൾ ഉൾപ്പെടെ മുറിച്ചുമാറ്റി, അടയാളങ്ങൾ നൽകിയുള്ള സർവേ‍യെക്കുറിച്ചു വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അതിരടയാളക്കല്ലുകളെ‍ക്കുറിച്ചു വിജ്ഞാപനത്തിൽ പറയുന്നുമില്ല. 

ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല സർവേ എന്നാണു മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിക്കുന്നത്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ ഈ വാദം പൊളി‍യുകയാണ്.1961ലെ കേരള സർവേയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ 6(1)ാം വകുപ്പു പ്രകാരമാണു കഴിഞ്ഞ ഒക്ടോബർ 5 നു സിൽവർ‍ലൈൻ പദ്ധതിക്കായി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.

 

കേവലം സാങ്കേതികമെന്ന് സർക്കാർ

കേന്ദ്രാനുമതിക്കുശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ എന്നു സർക്കാർ ആവർത്തിക്കുന്നു. സർവേയുടെ ഉദ്ദേശ്യം ഭൂമി ഏറ്റെടുക്കലാണെന്നു വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടിയതു കേവലം സാങ്കേതികം മാത്രമാണെന്നാണു സർക്കാർ നൽകുന്ന വിശദീകരണം.

 

ആശയക്കുഴപ്പവും സംശയങ്ങളും

സിൽവർലൈനുമായി ബന്ധപ്പെട്ടു റവന്യു വകുപ്പ് 2021 ഓഗസ്റ്റ് 8 ന് ഇറക്കിയ ഉത്തരവ് ആധാരമാക്കിയാണു സ്ഥലമേറ്റെടുക്കൽ സംബന്ധമായ ആരോപണങ്ങളെ സർക്കാർ പ്രതിരോധിക്കുന്നത്. 

1248-minister-k-rajan
കെ.രാജൻ

റെയിൽവേ മന്ത്രാലയത്തി‍ന്റെ അന്തിമാനുമതിക്കു ശേഷമേ ഭൂമി ഏറ്റെടുക്കൽ നിയമ (2013) പ്രകാരമുള്ള നടപടി തുടങ്ങൂവെന്നു റവന്യു വകുപ്പിന്റെ ഉത്തരവിന്റെ അവസാന ഭാഗത്തു പറയുന്നുണ്ട്. എന്നാൽ ഈ ഉത്തരവിറക്കി 2 മാസം കഴിഞ്ഞാണു സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള സർവേ നടപടികൾക്കായി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. 

ഇതിനു തൊട്ടുപിന്നാലെ, ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സ്പെഷൽ ഡപ്യൂട്ടി കലക്ടറെയും 11 സ്പെഷൽ തഹസിൽദാർമാരെയും നിയമിച്ചു റവന്യു വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. ഇതാണ് ആശയക്കുഴപ്പവും സംശയങ്ങളും വർധിപ്പിക്കുന്നത്.

 

ഭൂമി ഏറ്റെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല

ഭൂമി ഏറ്റെടുക്കില്ലെന്നു സർക്കാർ എവിടെയും പറഞ്ഞിട്ടില്ല. ഭൂമി ആവശ്യമുള്ള ഏജൻസി അത് ഏറ്റെടുക്കാനാണ് അപേക്ഷ നൽകുന്നത്. അപേക്ഷ കിട്ടിയാലുടൻ ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കാൻ സർക്കാരിനു പറ്റില്ല. ഏറ്റെടുക്കേണ്ട ഭൂമി എങ്ങനെയുള്ളതാണ്, സാമൂഹികമായി എന്തെങ്കിലും ആഘാതം ഉണ്ടാക്കുമോ, പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം എന്താണ് എന്നതെല്ലാം പരിശോധിക്കണം. സാമൂഹികാഘാത പഠനം നടത്തുന്നതു ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടിയാണോ എന്നു സംശയം ഉന്നയിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാകുന്നില്ല.

റവന്യു മന്ത്രി കെ.രാജൻ

 

English Summary: Silver Line: Stone laying and land acquisition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com