ADVERTISEMENT

തിരുവനന്തപുരം ∙ നിയമത്തിനും ചട്ടത്തിനും ഉള്ളിൽ നിന്നു പരമാവധി മനുഷ്യത്വം കാണിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആയിരുന്നു ഡോ.ഡി.ബാബു പോൾ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മനുഷ്യത്വ നടപടികൾക്ക് ചട്ടങ്ങൾ വിലങ്ങുതടിയാകുമ്പോൾ  അദ്ദേഹം ഫയലുമായി സർക്കാരിനെ സമീപിച്ചു പരിഹാരം കാണുമായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ബാബു പോളിന്റെ മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചു  സ്മൃതി സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി  കലക്ടറായിരുന്ന കാലം മുതൽ ബാബു പോളിനെ അറിയാം. കുടുംബത്തിലെ  അംഗത്തെപ്പോലെ ആയിരുന്നു. ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിൽ അദ്ദേഹം പ്രാഗല്ഭ്യം കാട്ടി. ഇടുക്കി പദ്ധതി ഇന്ദിരാ ഗാന്ധി ഉദ്ഘാടനം ചെയ്തപ്പോൾ ഏറ്റവും അധികം പ്രശംസ ലഭിച്ചത് അന്നു കലക്ടർ ആയിരുന്ന ബാബു പോളിന് ആയിരുന്നുവെന്നും ഉമ്മൻ ചാണ്ടി അനുസ്മരിച്ചു.

മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ എഡിറ്റ് ചെയ്ത ‘ഓർമകളിൽ ബാബു പോൾ’ എന്ന പുസ്തകം ഡിജിപി ബി.സന്ധ്യയ്ക്കു നൽകി  കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ്  കാതോലിക്കാ ബാവാ  പ്രകാശനം ചെയ്തു. വ്യത്യസ്ത മേഖലകളിലെ പ്രഗല്ഭർ ബാബു പോൾ സ്മരണകൾ പങ്കു വയ്ക്കുന്ന പുസ്തകമാണ് ഇത്. ഒരു തവണയെങ്കിലും സംസാരിക്കുന്നവർക്ക് അടുപ്പം തോന്നുന്ന വ്യക്തിത്വം ആയിരുന്നു ബാബു പോളിന്റേത് എന്നു   ക്ലീമീസ്  ബാവാ പറഞ്ഞു. ദൈവിക സ്നേഹത്തിനപ്പുറം നിൽക്കുന്ന മനുഷ്യ സ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നു  എന്നും  ബാവാ  ചൂണ്ടിക്കാട്ടി.

സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ ചട്ടക്കൂടിൽ ഒതുങ്ങാത്ത വ്യക്തിത്വമായിരുന്നു ബാബു പോൾ എന്നും അദ്ദേഹം സാംസ്കാരിക സെക്രട്ടറിയായിരുന്ന കാലത്താണ് പല വ്യത്യസ്ത സാംസ്കാരിക പരിപാടികൾക്കും തുടക്കം കുറിച്ചതെന്നും അനുസ്മരണ പ്രസംഗം നടത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.  സിവിൽ സർവീസ് ഉദ്യോഗസ്ഥന് സർഗാത്മകമായി എന്തെല്ലാം ചെയ്യാമെന്നു താൻ പഠിച്ചതു ബാബു പോളിൽ നിന്നായിരുന്നു എന്ന്  കെ.ജയകുമാർ പറഞ്ഞു. 

തന്റെ സഹോദരനായ ബാബു പോളിനെ സ്നേഹപൂർവം നെഞ്ചിലേറ്റിയ ഒട്ടേറെ പേരുണ്ടെങ്കിലും കുറച്ചു പേരെ മാത്രമേ ചടങ്ങിലേക്കു ക്ഷണിക്കാൻ സാധിച്ചുള്ളൂ എന്നു എയർ ഇന്ത്യ മുൻ ചെയർമാൻ  റോയി പോൾ പറഞ്ഞു. ബി.സന്ധ്യ, ബാബു പോളിന്റെ പുത്രൻ ചെറിയാൻ പോൾ എന്നിവരും പ്രസംഗിച്ചു.

English Summary: Commemoration of Dr. D.Babu Paul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com