സിപിഎം പിബിയിലെ ഒഴിവ്: എസ്ആർപിക്കു പകരം വിജയരാഘവൻ?
Mail This Article
കണ്ണൂർ ∙ എസ്.രാമചന്ദ്രൻപിള്ള സിപിഎം പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിയുമ്പോൾ പകരം കേരളത്തിൽനിന്ന് ആരെന്ന ചോദ്യം പാർട്ടി കേന്ദ്രങ്ങളിൽ സജീവം. എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ പേരാണ് മുന്നിൽ. ഒപ്പം ഒരുപിടി പ്രമുഖരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ട്.
കഴിഞ്ഞ ഹൈദരാബാദ് പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ തന്നെ 80 പിന്നിട്ടതിനാൽ പിബിയിൽനിന്ന് ഒഴിയാൻ എസ്ആർപി സന്നദ്ധനായിരുന്നു. എന്നാൽ യച്ചൂരിക്കു പകരം ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവരാൻ കേരളഘടകം ആഗ്രഹിച്ച അദ്ദേഹം പിബിയിൽ എങ്കിലും തുടരണമെന്ന അഭിപ്രായത്തിന് പൊതുസ്വീകാര്യത ലഭിച്ചു. എസ്ആർപി മാറുമ്പോൾ വിജയരാഘവൻ എന്ന ധാരണ അന്നു രൂപപ്പെട്ടതാണ്. ഹൈദരാബാദിലെ ധാരണ കണ്ണൂരിൽ പാലിക്കപ്പെടുമോ എന്നതിനെ ആശ്രയിച്ചാകും വിജയരാഘവന്റെ ആരോഹണം.
ഡൽഹിയിലെ അനുഭവ സമ്പത്ത്, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിച്ച പരിചയം, കേരളത്തിലെ സീനിയറായ കേന്ദ്ര കമ്മിറ്റി അംഗം എന്നിവ വിജയരാഘവന്റെ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. പിബിയിലെത്തിയാൽ വീണ്ടും ഡൽഹിയിലേക്കു മാറേണ്ടി വരും; പുതിയ കൺവീനറെ ഇടതുമുന്നണിക്കു കണ്ടെത്തേണ്ടിയും വരും. 66 എന്ന കുറഞ്ഞ പ്രായവും അനുകൂലമാണ് .പ്രായപരിധി 75 ആയിരിക്കെ 9 വർഷം പിബിയിൽ തുടരാം.
രാജ്യസഭയിലെ കക്ഷി നേതാവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീമിന്റെ (68) പേരും പരിഗണിക്കപ്പെട്ടേക്കാം. 75 പിന്നിട്ടതിനാൽ ബംഗാളിൽ നിന്നുള്ള ഹനൻ മൊള്ള ഇത്തവണ ഒഴിയും. അപ്പോൾ ബംഗാളിൽനിന്നുള്ള മുഹമ്മദ് സലീമിൽ മാത്രം മുസ്‌ലിം പ്രാതിനിധ്യം ഒതുങ്ങുന്നത് ഒഴിവാക്കാൻ കരീമിന്റെ വരവു സഹായിക്കും.
കേരളത്തിലെ സീനിയർ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ (71) തോമസ് ഐസക് (69) എ.കെ.ബാലൻ (73) എന്നിവരെ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. പിബിയിൽ എത്താൻ തനിക്ക് അർഹതയില്ലെന്നായിരുന്നു ജയരാജന്റെ ഇന്നലത്തെ പ്രതികരണം. ദലിത് പ്രാതിനിധ്യ വാദം ശക്തമായാൽ ബാലനോ കെ.രാധാകൃഷ്ണനോ (57) നറുക്ക് വീഴാം. 73 വയസ്സായി എന്നത് ബാലന് പ്രതികൂല ഘടകമാണെങ്കിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ മാത്രം കേന്ദ്ര കമ്മിറ്റിയിൽ എത്തിയ ജൂനിയർ എന്നതാണ് രാധാകൃഷ്ണന്റെ പരിമിതി.
പിബിയിൽനിന്ന് എസ്.രാമചന്ദ്രൻപിള്ളയും ഹനൻ മൊള്ളയും കൂടാതെ ബംഗാളിൽനിന്നുള്ള ബിമൻ ബസുവും വിരമിക്കും. മഹാരാഷ്ട്രയിൽ നിന്നുള്ള കർഷക സമര നേതാവായ അശോക് ധാവ്‍ലെ പിബിയിൽ എത്താൻ ഇടയുണ്ട്.
ബാലഗോപാലും രാജീവും കേന്ദ്ര കമ്മിറ്റിയിലേക്ക്?
കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽനിന്ന് 3 ഒഴിവുകളാണുള്ളത്. എസ്ആർപിയെ കൂടാതെ 75 പിന്നിട്ട പി.കരുണാകരൻ, വൈക്കം വിശ്വൻ എന്നിവർ മാറും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ് എന്നിവർ കേന്ദ്രകമ്മിറ്റിയിലേക്കു കടന്നുവരാനാണ് എല്ലാ സാധ്യതയും. മൂന്നാമതായി സംസ്ഥാന സെക്രട്ടേറിയറ്റിലെ സീനിയർ അംഗം എന്ന നിലയിൽ ടി.പി.രാമകൃഷ്ണനെ പരിഗണിക്കുമോ അതോ പുതിയ തലമുറയിലെ ആർക്കെങ്കിലും അവസരം നൽകുമോ എന്നതാണ് അറിയാനുള്ളത്. ഒരു പക്ഷേ കേരളത്തിൽനിന്നു പുതുതായി 2 പേർ മാത്രമെന്നു തീരുമാനിക്കാനും സാധ്യതയുണ്ട്.
ആരോഗ്യ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് എം.സി.ജോസഫൈനെ കേന്ദ്രകമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയാൽ പകരം പി.സതീദേവിക്കാണ് സാധ്യത. സി.എസ്.സുജാത, ടി.എൻ.സീമ, പി.കെ.സൈനബ എന്നിവരും പരിഗണിക്കപ്പെടാം
കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായ വിഎസിനെ ആ പദവിയിൽ നിലനിർത്തിയേക്കും. എന്നാൽ പാലോളി മുഹമ്മദ് കുട്ടിയെ ഒഴിവാക്കും. സംസ്ഥാന സമ്മേളനത്തിൽ പങ്കടുത്തില്ലെങ്കിലും വിഎസിനെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയിരുന്നു.
English Summary: Will A Vijayaraghavan replace S Ramachandran Pillai in CPM polit bureau