ADVERTISEMENT

കണ്ണൂർ ∙ സിൽവർലൈൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനോടു വിയോജിച്ച് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തുവന്നതു വൻ വിവാദമായതോടെ കൂടുതൽ വിശദീകരണവുമായി പാർട്ടി കേന്ദ്ര നേതൃത്വം. ജനങ്ങൾക്കുള്ള ആശങ്കകൾ നൂറു ശതമാനവും പരിഹരിക്കുമെന്നും പരിസ്ഥിതി ആഘാത പഠനം സംസ്ഥാന സർക്കാർ തന്നെ ഉറപ്പാക്കിയിട്ടുണ്ടെന്നും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് വ്യക്തമാക്കി.

യച്ചൂരിയുടെ നിലപാടിനു പിന്നാലെ, പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച് ബംഗാൾ ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ രംഗത്തുവന്നിരുന്നു. സിൽവർലൈൻ അനിവാര്യമാണെന്നു കേരള ഘടകത്തിനു വേണ്ടി മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവരും വാദിച്ചതോടെ സംസ്ഥാന ഘടകങ്ങളും ഏറ്റുമുട്ടൽ പാതയിലാണെന്ന പ്രതീതി പരന്നു. കേരള ഘടകത്തെ വെട്ടിലാക്കിയ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിൽ സംസ്ഥാനത്തെ നേതാക്കൾ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ‌ഇതോടെ യച്ചൂരി, വൃന്ദ, രാമചന്ദ്രൻപിള്ള എന്നിവർ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

പാർട്ടി കേന്ദ്രനേതൃത്വം പരിസ്ഥിതി കാര്യങ്ങളെ അങ്ങേയറ്റം ശ്രദ്ധയോടെ പരിഗണിക്കുന്നുവെന്ന് എസ്ആർപി പറഞ്ഞു. പദ്ധതിയുടെ പേരിൽ ഒരു ഭിന്നതയുമില്ലെന്നു വൃന്ദ വ്യക്തമാക്കിയെങ്കിലും പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽ ഉറച്ചു നിൽക്കുമോയെന്നു ചോദ്യത്തിനു വ്യക്തമായ മറുപടി നൽകിയില്ല.

ഭിന്നതയില്ലെന്ന് യച്ചൂരി

സിൽവർലൈൻ വിഷയത്തിൽ കേന്ദ്ര സംസ്ഥാന നേതൃത്വത്തിൽ അഭിപ്രായ ഭിന്നതയില്ലെന്നു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ‘നിങ്ങൾ‍ക്കു മനസ്സിലാകുന്ന വിധത്തിൽ മറ്റേതെങ്കിലും ഭാഷയിൽക്കൂടി ഞാൻ പറയണോ’ എന്നു ചോദിച്ചു മാധ്യമങ്ങളോടു യച്ചൂരി ചെറുതായി ക്ഷോഭിക്കുകയും ചെയ്തു.

Content Highlight: CPM Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com