ADVERTISEMENT

കണ്ണൂർ ∙ ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം പാർട്ടി കോൺഗ്രസിലെ തീരുമാനം കേരള ഘടകത്തിന്റെ കടുത്ത നിലപാടിന്റെ വിജയം കൂടിയായി. പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത കരടു രാഷ്ട്രീയ പ്രമേയത്തിലെ നിർദേശങ്ങൾ ഏതാണ്ട് അതേപടി അംഗീകരിക്കപ്പെട്ടതോടെ, ബിജെപിക്കെതിരെ രൂപപ്പെടുന്ന മതനിരപേക്ഷ– ജനാധിപത്യ കൂട്ടായ്മയിൽനിന്നു കോൺഗ്രസിനെ അകറ്റി നിർത്തേണ്ടതില്ലെന്ന സീതാറാം യച്ചൂരിയുടെ രാഷ്ട്രീയ ലൈനിനു താൽക്കാലിക തിരിച്ചടിയായി.

അടുത്ത പാർട്ടി കോൺഗ്രസ് വരെയുള്ള പാർട്ടിയുടെ രാഷ്ട്രീയ നയം എന്ന നിലയിൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതാണു ബാധകം. സംസ്ഥാന സർക്കാരിന്റെ ബദൽ വികസന മാതൃക എന്ന അവകാശവാദവും മറ്റു സംസ്ഥാനങ്ങളിൽ തകർന്നടിഞ്ഞപ്പോൾ ഭരണത്തുടർച്ച നേടി എന്ന തിളക്കവും കേരളഘടകത്തിന്റെ വാദമുഖങ്ങൾക്കു ശക്തിയേകി.

കരടു രാഷ്ട്രീയ പ്രമേയത്തിന്മേൽ 10 മണിക്കൂറോളം നീണ്ട ചർച്ചയിൽ കേരളത്തിൽ നിന്നു പങ്കെടുത്ത 3 പേരും കോൺഗ്രസ് വിരുദ്ധ നിലപാട് ആവർത്തിച്ചതോടെ, കേരളത്തിൽ മുഖ്യശത്രുവായി കണ്ടു നേരിട്ട് ഏറ്റുമുട്ടുന്ന കോൺഗ്രസുമായി യാതൊരു രാഷ്ട്രീയ സഖ്യവും വേണ്ടെന്ന വാദത്തിനു മേൽക്കൈ ലഭിച്ചു. കോൺഗ്രസുമായി തൊട്ടുകൂടായ്മ കാണിക്കേണ്ട കാര്യമില്ലെന്നു ബംഗാൾ, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വാദിച്ചെങ്കിലും ശക്തി ലഭിച്ചില്ല. ദുർബലമായ കോൺഗ്രസിന് പ്രതിപക്ഷത്തെ എല്ലാ കക്ഷികളെയും പിന്നിൽ അണിനിരത്താൻ കഴിയില്ലെന്ന വാദം പൊതുവിൽ അംഗീകരിക്കപ്പെട്ടു.

Content Highlight: CPM Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com