ADVERTISEMENT

കണ്ണൂർ ∙ സിപിഎം കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കേരളം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ–സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽനിന്നു പങ്കെടുത്ത ധനമന്ത്രി കെ.എൻ. ബാലഗോപാൽ, പി. സതീദേവി എന്നിവരാണു കേന്ദ്ര നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തിയത്.

ഡൽഹി കേന്ദ്രീകരിച്ച് ഇത്രയധികം നേതാക്കൾ പ്രവർത്തിച്ചിട്ടും ദേശീയ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ പാർട്ടിക്കു കഴിയുന്നില്ലെന്നു ബാലഗോപാൽ വിമർശിച്ചു. ദേശീയതലത്തിൽ ഇടതുമുന്നണി ശക്തിപ്പെടുത്താനും മതനിരപേക്ഷ പാർട്ടികളുടെ കൂട്ടായ്മ രൂപപ്പെടുത്താനും പരാജയപ്പെട്ടു. പ്രവർത്തന ശൈലി മാറ്റിയില്ലെങ്കിൽ ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവ് സാധ്യമാകില്ല. ഈ രണ്ടു സംസ്ഥാനങ്ങളിലെയും തിരിച്ചടി മറികടക്കാൻ കേന്ദ്ര നേതൃത്വം ഒന്നും ചെയ്യുന്നില്ല. കോവിഡിന്റെ പേരു പറഞ്ഞു അംഗത്വ വിതരണത്തിൽ വരെ മെല്ലെപ്പോക്കുണ്ടായി. വിദ്യാർഥി സംഘടനാ രംഗത്തും വൻ വീഴ്ചയുണ്ടായി. കോളജുകൾ അടച്ചിട്ടുവെന്നു പറഞ്ഞിട്ടു കാര്യമില്ലെന്നും ബാലഗോപാൽ പറഞ്ഞു.

കോൺഗ്രസുമായി രാഷ്ടീയ സഖ്യം വേണ്ടെന്നു കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടും ബംഗാളിലും തെലങ്കാനയിലും അതിനു വിരുദ്ധമായ നിലപാടുകളുണ്ടായെന്നു സതീദേവി ആരോപിച്ചു. 

തെലങ്കാനയിൽ പാർട്ടി മുൻകയ്യെടുത്തു ബഹുജൻ ലെഫ്റ്റ് പാർട്ടി രൂപീകരിച്ചതു കടുത്ത നയവ്യതിയാനമാണ്. കർഷക– വിദ്യാർഥി സമരങ്ങളിൽ ഇടപെടുന്നുണ്ടെന്നു പറയുമ്പോഴും അതിന് ആനുപാതികമായി പാർട്ടി വളരുന്നില്ല. പാർട്ടി അംഗത്വത്തിലും വൻകുറവുണ്ടാകുന്നുവെന്നും സതീദേവി പറഞ്ഞു.

കേന്ദ്ര നേതാക്കളുടെയും ബഹുജന സംഘടനകളുടെയും പ്രവർത്തനം വിലയിരുത്തണമെന്ന നിർദേശം നടപ്പായില്ലെന്നും പാർട്ടി കേന്ദ്ര സെന്ററിലെ പ്രവർത്തനത്തിൽ ദൗർബല്യങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. കഴിഞ്ഞ 4 വർഷത്തിനിടയിൽ ഒരിക്കൽപ്പോലും ബഹുജന സംഘടനകളുടെ പ്രവർത്തനം വിലയിരുത്താൻ കഴിഞ്ഞില്ലെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് രൂപീകരിക്കാൻ പോലും കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്നലെ രാത്രി പൂർത്തിയായി. ചർച്ചയ്ക്കു പ്രകാശ് കാരാട്ട് ഇന്നു രാവിലെ മറുപടി പറയും.

Content Highlight: CPM Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com