എൻഡോസൾഫാൻ നഷ്ടപരിഹാരം 4 ആഴ്ചയ്ക്കുള്ളിൽ നൽകണം
Mail This Article
ന്യൂഡൽഹി ∙ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള 5 ലക്ഷം രൂപയുടെ നഷ്ടപരിഹാര വിതരണത്തിന് അന്തിമ അവസരം എന്ന നിലയിൽ കേരള സർക്കാരിനു സുപ്രീം കോടതി നാലാഴ്ച അനുവദിച്ചു. നഷ്ടപരിഹാരം നൽകണമെന്ന് 2 ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തതു ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. തുക കൈമാറിയ ശേഷം റിപ്പോർട്ട് കോടതിക്കു നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
നഷ്ടപരിഹാരം നൽകാൻ 200 കോടി രൂപ അനുവദിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർക്കാർ രേഖകൾ പ്രകാരം, കാസർകോട് കണ്ടെത്തിയ 6,727 ദുരിതബാധിതരിൽ ഇനി തുക കിട്ടാനുള്ളത് 2,966 പേർക്കാണ്. ഇതിന് 217 കോടി രൂപ വേണ്ടിവരുമെന്നാണ് സത്യവാങ്മൂലത്തിലുള്ളത്.
വിധി നടപ്പാക്കാത്തതിനെതിരെ എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി പ്രവർത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയായ സെർവ് കലക്ടീവ് ആണ് അഭിഭാഷകനായ പി.എസ്.സുധീർ വഴി കോടതിയലക്ഷ്യ ഹർജി നൽകിയത്.
English Summary: Endosulfan victims compensation