മുഴുവൻസമയ പ്രവർത്തകരെ കിട്ടാനില്ല; വേതനം പ്രവർത്തകർക്ക് വേദന
Mail This Article
കണ്ണൂർ ∙ സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകരുടെ എണ്ണത്തിൽ കാര്യമായ ഇടിവുണ്ടാകുന്നതായി പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്. മുഴുവൻസമയ പ്രവർത്തകർക്ക് വേതനം നൽകണമെന്ന കൊൽക്കത്ത പ്ലീനത്തിലെ നിർദേശം പല സംസ്ഥാനങ്ങളിലും പാലിക്കപ്പെട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോർട്ട് വിലയിരുത്തുന്നു. സംസ്ഥാനങ്ങളിലെ അംഗത്വത്തിന് അനുസരിച്ചുള്ള മുഴുവൻസമയ പ്രവർത്തകർ മിക്ക സ്ഥലങ്ങളിലുമില്ല. ഉള്ളവർ തന്നെ കൊഴിഞ്ഞു പോവുകയാണ്.
മുഴുവൻസമയ പ്രവർത്തകരെ റിക്രൂട്ട് ചെയ്യാനും അവർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാനും വേതനം ഉറപ്പു വരുത്താനും 2015 ൽ കൊൽക്കത്തയിൽ ചേർന്ന പ്ലീനത്തിൽ തീരുമാനമെടുത്തിരുന്നു. അതിലെ നിർദേശങ്ങളൊന്നും ഫലപ്രദമായ രീതിയിൽ നടപ്പാക്കാനായില്ല.
2019 ലെ കണക്കനുസരിച്ച് കേരളത്തിൽ 3837 മുഴുവൻസമയ പ്രവർത്തകരാണുള്ളത്. അന്നത്തെ പാർട്ടി അംഗബലം 5,16,373 ആയിരുന്നു. 1,60,827 അംഗങ്ങളുള്ള ബംഗാളിൽ മുഴുവൻസമയ പ്രവർത്തകർ 1499 മാത്രം. 93,982 അംഗങ്ങളുള്ള തമിഴ്നാട്ടിൽ ഇത് 566 ആണ്. 8052 പാർട്ടി അംഗങ്ങളുള്ള കർണാടകയിൽ മുഴുവൻസമയ പ്രവർത്തന രംഗത്തുള്ളത് 265 പേർ മാത്രമാണ്. വേതനം മുടങ്ങുകയോ മുഴുവൻ വേതനവും കിട്ടാതിരിക്കുകയോ ചെയ്യുന്നതുകൊണ്ടാണിതെന്നു റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രയിലും തെലങ്കാനയിലും മുഴുവൻസമയ പ്രവർത്തകർക്കു വേതനം കിട്ടുന്നില്ലെന്നാണു പരാതി.
അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി മുഴുവൻസമയ പ്രവർത്തകർ ഉണ്ടാകുന്നില്ലെന്നതാണ് കേരളത്തെക്കുറിച്ചുള്ള പരാമർശം. വേതനം സംബന്ധിച്ച് പരാതി റിപ്പോർട്ടിലില്ല. (ഇവിടെ ഏരിയ കമ്മിറ്റികളുടെ സാമ്പത്തിക ശേഷിക്കനുസരിച്ചാണ് വേതനം നൽകുന്നത്. ഇത് എല്ലായിടത്തും ഒരുപോലെയല്ല)
സ്ത്രീപ്രാതിനിധ്യം കേരളത്തിൽ കുറവ്
സംസ്ഥാന കമ്മിറ്റിയിലെ സ്ത്രീപ്രാതിനിധ്യത്തിൽ കേരളത്തെക്കാൾ മുൻപിലാണ് മറ്റു ചില സംസ്ഥാനങ്ങൾ. ഇവിടെ 14.6 ശതമാനമാണ് വനിതകൾ. ഡൽഹി: 26.6%, കർണാടക: 23.53%, ഹരിയാന: 17.86%, മധ്യപ്രദേശ്: 20% എന്നിവ കേരളത്തിനു മുന്നിലാണ്. കേരളത്തിൽ ആദ്യമായി എല്ലാ ജില്ലാ സെക്രട്ടേറിയറ്റുകളിലും വനിതകളെ ഉൾപ്പെടുത്തിയ കാര്യം റിപ്പോർട്ടിലുണ്ട്. 1991 ബ്രാഞ്ചിൽ വനിതകൾ സെക്രട്ടറിമാരായതും എടുത്തു പറയുന്നു.
Content Highlight: CPM Party Congress 2022