ADVERTISEMENT

കണ്ണൂർ ∙ ബിജെപിയും കോൺഗ്രസും തുല്യശത്രുക്കളല്ലെന്ന് അംഗീകരിക്കുമ്പോൾ തന്നെ കോൺഗ്രസുമയി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് ആവർത്തിച്ചുറപ്പിച്ചു സിപിഎം പാർട്ടി കോൺഗ്രസ്. കോൺഗസിനെ മാറ്റിനിർത്തരുതെന്ന വാദം ചർച്ചയിൽ  ഉയർന്നെങ്കിലും സമ്മേളനം  തള്ളി. സംസ്ഥാനങ്ങളിൽ സഖ്യങ്ങൾ വളർത്തിക്കൊണ്ടു ദേശീയ ബദൽ രൂപപ്പെടുത്തുക എന്ന കരട് രാഷ്ടീയപ്രമേയം നേരത്തെ മുന്നോട്ടുവച്ച രാഷ്ട്രീയ ലൈൻ പാർട്ടി കോൺഗ്രസ് അംഗീകരിച്ചു.

പ്രമേയത്തെ എതിർത്ത് 4 പേർ വോട്ടു ചെയ്തതോടെ രാഷ്ട്രീയ പ്രമേയം ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടില്ല. ഭേദഗതികൾ വോട്ടിനിട്ടപ്പോഴും ഒരാൾ എതിർത്തു. ഭേദഗതികളുടെ കാര്യത്തിൽ കൃത്യമായ മറുപടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നൽകാത്തതിനെതിരെ ഏതാനും പ്രതിനിധികൾ പ്രസീഡിയം ചെയർമാനായ മണിക് സർക്കാരിനു കത്തു നൽകി. ഇക്കാര്യം ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുന്നതായി മണിക് സർക്കാർ അറിയിച്ചത് ശ്രദ്ധേയ സംഭവവികാസമായി. 

രണ്ടു ദിവസമായി നടന്ന ചർച്ചയിൽ 35 പേർ പങ്കെടുത്തു. 390 ഭേദഗതികളും 12 നിർദേശങ്ങളും ഉയർന്നു. പ്രധാന ഭേദഗതികളൊന്നും അംഗീകരിക്കപ്പെട്ടില്ല. ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കാൻ കഴിയുന്ന തിരഞ്ഞെടുപ്പ് അടവ് അതതു സമയത്ത് തീരുമാനിക്കുമെന്നു ചർച്ചയ്ക്കു മറുപടി നൽകിയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. കോൺഗ്രസിന് എല്ലാ കക്ഷികളെയും കൂട്ടിയോജിപ്പിക്കാനുള്ള കരുത്ത് ഇന്നില്ലെന്ന് യച്ചൂരി പറഞ്ഞു.

കേരള ഘടകത്തിന്റെ കോൺഗ്രസ് വിരുദ്ധ നിലപാടിന് ഇതോടെ പാർട്ടി കോൺഗ്രസിന്റെ സാധുതയായി. രാജ്യത്തെ പ്രതിപക്ഷത്തിന്റെ ദൗർബല്യത്തിന് മുഖ്യകാരണം കോൺഗ്രസ് അതിനു നേതൃത്വം വഹിക്കുന്നതാണെന്ന് കേരളത്തിനു വേണ്ടി സംസാരിച്ച കെ.കെ.രാഗേഷ് ചൂണ്ടിക്കാട്ടി. മതത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുതെന്ന നെഹ്റുവിയൻ കാഴ്ചപ്പാട് ഉപേക്ഷിച്ച കോൺഗ്രസ് മൃദുഹിന്ദുത്വമാണ് സ്വീകരിക്കുന്നത്.

കോൺഗ്രസ് നേതാക്കൾ സ്വയം ബിജെപിക്ക് വിൽപനയ്ക്കു വച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ സ്ഥാനാർഥിയാക്കി സിപിഎമ്മിനെ തോൽപിക്കാനാണ് അവർ ആവേശം കാട്ടിയത്. പാർലമെന്റിൽ ഇടതുപക്ഷത്തിനെതിരെ കുതിര കയറാനാണ് യുഡിഎഫ് എംപിമാരുടെ ശ്രമം. ദേശീയതലത്തിൽ ദുർബലമാണെങ്കിലും സിപിഎമ്മിന് വിശ്വാസ്യത ഉണ്ട് -  നേതൃത്വത്തിലെ ചിലരുടെ കോൺഗ്രസ് ചായ്‌വിനെ ലാക്കാക്കി രാഗേഷ് പറഞ്ഞു.

ബംഗാൾ പ്രതിനിധികളുടെ ചോദ്യം: ‘പ്രാദേശികകക്ഷികളെ എങ്ങനെ വിശ്വസിക്കും ?’

കോൺഗ്രസിനു പകരം പ്രാദേശികകക്ഷികളെയാണു സഹകരിപ്പിക്കേണ്ടതെന്ന കേരള ഘടകത്തിന്റെ അഭിപ്രായത്തെ ബംഗാളിൽ നിന്നുള്ള പ്രതിനിധികൾ പരിഹസിച്ചു. ബിജെപിയുമായി തരാതരം കൂട്ടുകൂടുന്ന ഈ കക്ഷികൾക്ക് എന്തു വിശ്വാസ്യതയാണെന്നായിരുന്നു അവരുടെ ചോദ്യം. കോൺഗ്രസുമായി തിര‍ഞ്ഞെടുപ്പ് സഖ്യം വേണ്ടെങ്കിലും അവരുമായി സഹകരിക്കണമെന്ന അഭിപ്രായം പ്രതിനിധികൾ പങ്കുവച്ചു.

English Summary: No alliance with congress in national level; CPM party congress decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com