പോരാട്ടത്തിന് പുതിയമുഖം; എസ്ആർപിയുടെ ഒഴിവിൽ പിബിയിലേക്ക് എ. വിജയരാഘവൻ
Mail This Article
പൊളിറ്റ്ബ്യൂറോയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശേഷം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നു പുറത്തേക്കുവന്ന എ.വിജയരാഘവനെ സംഘാടകരിൽ ഒരാൾ ക്ഷണിച്ചു: ‘പിബി അംഗങ്ങളുടെ ഭക്ഷണം ഇവിടെയാണ്. ഇനി ഇവിടേക്കു കയറാം’. ഒരു വലിയ ചിരിയോടെ ആ ഓഫർ നിരസിച്ചു വിജയരാഘവൻ നടന്നു.
പദവികളോ ഉയർച്ചയോ ഏതെങ്കിലും തരത്തിൽ തന്നെ ബാധിക്കുന്നുവെന്ന തോന്നൽ വിജയരാഘവൻ നൽകാറില്ല. നരച്ച താടിയും അലസഭാവവും പരിത്യാഗിയുടെ പരിവേഷമാണ് എപ്പോഴും അദ്ദേഹത്തിനു നൽകുന്നത്. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ചുണ്ടിനും കപ്പിനുമിടയ്ക്കു പിബി അംഗത്വം അകന്നു പോയപ്പോഴും ആ മുഖത്ത് ഒന്നും പ്രകടമായില്ല. അന്ന് എസ്.രാമചന്ദ്രൻ പിള്ളയെ നിലനിർത്താൻ ഒടുവിൽ തീരുമാനിച്ചതാണ് പ്രവേശം വൈകിച്ചത്. ഇപ്പോൾ അതേ എസ്ആർപി ഒഴിഞ്ഞപ്പോൾ സിപിഎമ്മിന്റെ പരമോന്നത സമിതിയിലേക്കു വിജയരാഘവൻ കടന്നുവരുന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എം.എ.ബേബിക്കുമൊപ്പം പൊളിറ്റ്ബ്യൂറോയിൽ ഇനി ഈ മലപ്പുറം സ്വദേശിയുമുണ്ട്.
തൊഴിലാളി ദമ്പതികളായ ആലമ്പാടൻ പറങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടെയും 5 മക്കളിൽ മൂന്നാമനായ വിജയരാഘവൻ പ്രീഡിഗ്രി പഠനത്തിനു ശേഷം പല ജോലികൾ ചെയ്തു. അതിനിടയിൽ വിദ്യാർഥി രാഷ്ട്രീയ രംഗത്തു സജീവമായി. സി.പി.ജോണും മറ്റും രാഘവന്റെ കൂടെ പോയപ്പോൾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് നിയോഗിക്കപ്പെട്ടു. വൈകാതെ എസ്എഫ്ഐ ദേശീയ അധ്യക്ഷനായി. 3 പതിറ്റാണ്ടു നീണ്ട ഡൽഹിക്കാലം അങ്ങനെയാണു തുടങ്ങുന്നത്.
അതിനിടയിൽ പാലക്കാട്ടു നിന്നു ലോക്സഭയിലേക്കും 2 തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിൽ ഹിമാചൽപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചു. കർഷക തൊഴിലാളി യൂണിയന്റെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് പദവികളുടെ ഭാഗമായി രാജ്യത്താകെ കർഷകരെ ഏകോപിപ്പിക്കുന്നതിൽ പങ്കുവഹിച്ചു.
വിഎസ്–പിണറായി പക്ഷങ്ങളുടെ പോരാട്ടങ്ങൾ കേന്ദ്ര കമ്മിറ്റിക്കു മുന്നിൽ വന്നപ്പോഴെല്ലാം പിണറായി പക്ഷത്തിന്റെ ഉറച്ച വക്താവായിരുന്നു വിജയരാഘവൻ. മലപ്പുറത്ത് മുസ്‌ലിം ലീഗിനെയും നേതാക്കളെയും തന്റെ മൂർച്ചയുള്ള നാവു കൊണ്ട് അദ്ദേഹം എന്നും കുത്തി നോവിപ്പിച്ചു.
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പിബി അംഗത്വം നീണ്ടു പോയതിനു സമാശ്വാസമായാണ് അദ്ദേഹത്തെ ഡൽഹിയിൽ നിന്നു കേരളത്തിലേക്കു കൊണ്ടുവന്ന് എൽഡിഎഫ് കൺവീനറാക്കിയത്. ചികിത്സയും വിവാദങ്ങളും കോടിയേരിയെ തളർത്തിയപ്പോൾ പാർട്ടി ആക്ടിങ് സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു.
വിജയരാഘവൻ എസ്എഫ്ഐ ദേശീയ അധ്യക്ഷനായിരിക്കെ ജെഎൻയു വിദ്യാർഥിയായിരുന്ന ആർ.ബിന്ദുവുമായുള്ള പരിചയം പ്രണയത്തിലും വിവാഹത്തിലുമെത്തി. അഭിഭാഷകനായ ഹരികൃഷ്ണനാണ് ഏകമകൻ.
English Summary: A Vijayaraghavan new politburo member