ഓർമകളിൽ ജ്വലിച്ച് കെ.എം.മാണി
Mail This Article
കോട്ടയം ∙ കേരള കോൺഗ്രസ് പിറന്ന വേദിയിൽ കെ.എം.മാണിക്കു സ്മരണാഞ്ജലി അർപ്പിച്ച് സ്മൃതിസംഗമം നടത്തി. കെ.എം. മാണിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ നടത്തിയ സ്മൃതിസംഗമത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. പാർട്ടി പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു ചടങ്ങ്. പാലാ കത്തീഡ്രൽ പള്ളിയിൽ കെ.എം.മാണി അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ പ്രാർഥനയും ശുശ്രൂഷയും നടന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപിയും കെ.എം.മാണിയുടെ പത്നി കുട്ടിയമ്മയും കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും പങ്കെടുത്തു.
രാവിലെ 9നു ജോസ് കെ.മാണി തിരുനക്കരയിൽ കെ.എം.മാണിയുടെ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി. തുടർന്നു പാർട്ടി നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
കെ.എം.മാണിയുടെ സ്‌നേഹത്തിന് അതിർവരമ്പുകൾ ഇല്ലായിരുന്നുവെന്നു ജോസ് കെ.മാണി പറഞ്ഞു. കെ.എം.മാണിയെ സ്‌നേഹിക്കുന്ന പതിനായിരങ്ങളാണ് ഇവിടെ ഒത്തുചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിന് അതീതമായി കെ.എം.മാണി എന്ന നേതാവിനെ അനുസ്മരിക്കാനാണു ചടങ്ങ് ഒരുക്കിയതെന്നു പരിപാടിയുടെ ജനറൽ കൺവീനർ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ചീഫ് വിപ് ഡോ. എൻ.ജയരാജ്, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് സക്കീർ എന്നിവരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ പ്രമുഖരും ആദരം അർപ്പിച്ചു.
Content Highlights: KM Mani death Anniversary