ADVERTISEMENT

‘കുമ്പളങ്ങി നൈറ്റ്സി’ൽ സജി പറയുന്നുണ്ട്: ‘നമ്മളീ വീടൊക്കെയൊന്നു തേച്ച്, വാതിലു പിടിപ്പിച്ചാ തീരാവുന്ന കാര്യോവൊള്ളു.’ കുമ്പളങ്ങി നൈറ്റ്സ് സീതാറാം യച്ചൂരിയുടെ ഇഷ്ട സിനിമയാണ്. യച്ചൂരിയുടെ വാക്കുകളിൽ‍, യാഥാർഥ്യങ്ങൾ വരച്ചു കാട്ടുന്ന സിനിമ. പാർട്ടിയുടെയല്ല, ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ.

കാരണം, തേച്ചു വാതിലു പിടിപ്പിച്ചാൽ തീരാവുന്നതല്ല പാർട്ടിയെന്ന വീടു നേരിടുന്ന പ്രതിസന്ധി. ബംഗാളിലും ത്രിപുരയിലും അതിന് മേൽക്കൂരയും ഭിത്തിയും മാത്രമല്ല, ഇപ്പോൾ അടിത്തറ പോലുമില്ല. മറ്റു സംസ്ഥാനങ്ങളിലും സമരങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്തിയും പ്രാദേശിക കക്ഷികൾ എണ്ണിപ്പറഞ്ഞ് അനുവദിക്കുന്ന സീറ്റുകൾ ഉപയോഗിച്ചും പാർട്ടി വീടു പണിയണം.

2015ൽ ജനറൽ സെക്രട്ടറിയാവുമ്പോൾ പാർട്ടിക്കുള്ളിൽ യച്ചൂരി നടത്തിയ ഏറ്റവും വലിയ പോരാട്ടത്തിന്റെ വിജയമായിരുന്നു അത്. യച്ചൂരിയല്ല ജനറൽ സെക്രട്ടറിയാകേണ്ടതെന്ന് കേരള ഘടകത്തിലെ പ്രബലർ തീരുമാനിക്കുകയും പോരു പ്രഖ്യാപിക്കുകയുമായിരുന്നു. വിശാഖപട്ടണത്തിലെ പോര് അവിടെ അവസാനിച്ചില്ല. പൊളിറ്റ്ബ്യൂറോയിലെ പ്രബല വിഭാഗം പിന്നെയും പോരു തുടർന്നു. എന്തായാലും, 2018ൽ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ, കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന നീക്കുപോക്കു വാക്യത്തിലൂടെ യച്ചൂരി ജനറൽ സെക്രട്ടറി പദത്തിൽ പിടിച്ചുനിന്നു.

യച്ചൂരിയുടെ അച്ഛൻ സോമയാജലു യച്ചൂരിയുടെയും അമ്മ കൽപകത്തിന്റെയും കുടുംബങ്ങൾ ഉറച്ച കോൺഗ്രസുകാരായിരുന്നു. സിപിഎമ്മിൽ ചേരുംവരെ തന്റെ മകൻ‍ നല്ല കുട്ടിയായിരുന്നുവെന്നാണ് മകനെക്കുറിച്ച് അമ്മ പറഞ്ഞത്. മക്കളെ കമ്യൂണിസ്റ്റുകളായി വളർത്തരുത് എന്നതായിരുന്നു അമ്മയ്ക്കു മകനോടുള്ള അഭ്യർ‍ഥന.

2019ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് നേട്ടമുണ്ടായില്ല. കോവിഡ് വന്നതോടെ പാർട്ടി സെന്ററിന്റെ പ്രവർത്തനവും ദുർബലമായി. അതങ്ങനെ രണ്ടു വർഷത്തോളം നീണ്ടു. ജനറൽ സെക്രട്ടറി ആ നാളുകളിൽ അനുഭവിച്ച അസ്വസ്ഥതയെക്കുറിച്ച് പാർട്ടി സെന്ററിലെ സഹസഖാക്കൾ പറയും.

കഴിഞ്ഞ വർഷം യച്ചൂരിക്ക് നഷ്ടങ്ങളുടേതായിരുന്നു. ഏപ്രിലിൽ മകൻ ആശിഷും സെപ്റ്റംബറിൽ അമ്മ കൽപ്പകവും വിടപറഞ്ഞു. അച്ഛന്റെ തോളിൽ കയ്യിട്ടു നടന്ന ആശിഷ്. അമ്മയുണ്ടാക്കുന്ന ഭക്ഷണം ആഴ്ചയിൽ ഒരിക്കലെങ്കിലും കഴിച്ചില്ലെങ്കിൽ‍ വലിയ നഷ്ടമെന്നു ഭാവിക്കുന്ന യച്ചൂരി. രണ്ടു നഷ്ടങ്ങളുടെ വലുപ്പം അങ്ങനെയും പറയാം.

വിശാഖപട്ടണം, ഹൈദരാബാദ് പാർട്ടി കോൺഗ്രസുകൾക്കു മുൻപു കണ്ട യച്ചൂരിയല്ല, കണ്ണൂരിലേക്കു യാത്ര ചെയ്തത്. പിരിമുറുക്കത്തിന്റെ ഒരു ലക്ഷണവുമില്ല. ബെംഗളൂരുവിൽ വിമാനത്തിനടുത്തേക്കു ബസിൽ യാത്ര ചെയ്ത ഏതാനും മിനിറ്റിൽ എത്രയോ പേർക്കൊപ്പമാണ് യച്ചൂരി ഫോട്ടോയ്ക്ക് പോസ് ചെയ്തതും അന‍ായാസം ചിരിച്ചതും. ആ ചിരിയുടെ തുടർച്ചയാണ് ഇന്നലെ പാർട്ടി കോൺഗ്രസിന്റെ സമാപന വേദിയിലും കണ്ടത്.

ഇനിയുള്ള മൂന്നു വർഷം തിരക്കുള്ളതെന്ന് യച്ചൂരി പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തിനപ്പുറവും പാർട്ടിയുണ്ടാവണം. 2024ലെ തിരഞ്ഞെടുപ്പിനു മുൻപ് ഇദ്ദേഹത്തിന് ദേശീയ ബദലിന്റെ സംവിധായക വേഷവുമുണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ സജി പറയുന്ന, ‘നമ്മുടെ മുറ്റത്തെ മുല്ലയ്ക്കു മണമില്ല’ എന്ന മനോഭാവത്തിൽ നിന്ന് മാറി നടക്കാൻ പാർട്ടിയിലെ പ്രബലർ തയാറാണ്. ഡൽഹിയിൽ യച്ചൂരി സജീവമായി ഉണ്ടായിരിക്കേണ്ട കാലമാണെന്ന് അവർ സമ്മതിക്കുന്ന മട്ടാണ്. അതുകൊണ്ടുതന്നെ യാത്ര സുഗമമായിരിക്കും എന്നാണ് പ്രതീക്ഷ, കയറാനുള്ള മലകൾ‍ കഠിനമെങ്കിലും.

 

English Summary: CPM party congress; Sitaram Yechury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com